ന്യുഡൽഹി: വസ്ത്രധാരണത്തിന്റെ പേരിൽ അൻസിബ ഹസന് 'സ്വർഗ്ഗം നിഷേധിച്ച' തീവ്ര മതവാദികൾ അടുത്തിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയും രംഗത്തെത്തിയിരുന്നു. ഭാര്യ ധരിച്ച സ്ലീവ്‌ലെസ് വേഷത്തിന്റെ പേരിലായിരുന്നു ഇക്കൂട്ടർ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. എന്തായാലും മുസ്ലിംസ്ത്രീകളെ സോഷ്യൽ മീഡിയയിൽ മര്യാദ പഠിപ്പിക്കാൻ എത്തുന്നവർ വീണ്ടും രംഗത്തെത്തി. ഇത്തവണ അവർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെ തേടിയാണ് എത്തിത്.

സൂര്യനമസ്‌കാരം ചെയ്തതിന് പേരിലാണ് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം. സൂര്യനമസ്‌കാരം ശരീരത്തിന് അനുയേജ്യമായ സമഗ്രമായ വ്യായാമമുറയാണെന്ന അടിക്കുറിപ്പോടെ സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ ചിത്രങ്ങൾ കൈഫ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ സൂര്യനമസ്‌കാരം സംസ്‌കാരത്തിനും ഇസ്ലാം പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. സൂര്യനമസ്‌കാരം ഇസ്ലാമിൽ നൂറ് ശതമാനം നിരോധിക്കപ്പെട്ട കാര്യമാണെന്നും വിമർശകർ പറയുന്നു. അള്ളാഹുവിന് മുന്നിലല്ലാതെ മറ്റാർക്ക് മുന്നിലും മുട്ട് മടക്കരുതെന്നും ഇക്കൂട്ടർ പറയുന്നു.

വിമർശകർക്ക് മറുപടിയുമായി കൈഫ് തന്നെ പിന്നീട് രംഗത്ത് വന്നു. അള്ളാഹു എന്റെ ഹൃദയത്തിലാണുള്ളത്. ഏതെങ്കിലും വ്യായാമമുറകളോ സൂര്യനമസ്‌കാരമോ ചെയ്യുന്നതും മതവിശ്വാസവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് തനിക്ക് വ്യക്തമാകുന്നില്ലെന്നും കൈഫ് മറുപടി ട്വീറ്റിൽ ചോദിച്ചു. എന്തായാലും സൂര്യ നമസ്‌ക്ക്ാരത്തിന്റെ പേരിൽ കൈഫ് സൈബർലോകത്ത് ആക്രമണം നേരിടുകയാണ്.