കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസീൻ ജഹാൻ രംഗത്തെത്തി. കോടതിയിലാണ് ഹസീൻ ജഹാൻ ജീവനാംശം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഷമിക്കെതിരെ പരസ്ത്രീ ബന്ധം ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അവരുടെ പുതിയ നീക്കം. മാസം ജീവനാംശമായി സഫീൻ ചോദിച്ചിരിക്കുന്ന തുക 10 ലക്ഷം രൂപയാണ്. തനിക്കും ഷമിയുടെ മകൾക്കും വേണ്ടി മാസംതോറും താരം പത്തുലക്ഷം വേണമെന്ന് കോടതിയിൽ ഹസീൻ ജഹാൻ അഭിഭാഷകൻ വഴി ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചു. ഗാർഹിക പീഡനത്തിലെ പല വകുപ്പുകളിൽ പെടുത്തിയാണ് ജഹാന്റെ പരാതിയിൽ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.

ഗാർഹിക പീഡനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന കേസിൽ അലിപോർ കോടതി രണ്ടു പേരെയും പരാതി സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മെയ് നാലിനാണ് കേസ് വീണ്ടും കേൾക്കുന്നത്. ഷമി, അമ്മ അൻജുമാൻ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരൻ മുഹമ്മ ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പർവീൺ എന്നിവർക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ജഹാൻ ഹർജി ഫയൽ ചെയ്തത്. മാർച്ച് 8 ന് ഇവർക്കെല്ലാം എതിരേയാണ് ജഹാൻ യാദവ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും.

ആരോപണം ഉന്നയിച്ച് രംഗത്ത് വന്നതിന് ശേഷം ഷമി ഒരു രൂപ പോലും ഭാര്യ ജഹാന് നൽകിയിട്ടില്ല. നേരത്തേ ഷമി നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങുകയും ചെയ്തു. വർഷം 100 കോടി രൂപയോളം നേടുന്ന താരമാണ് ഷമി. അതുകൊണ്ട് തന്നെ മാസം 10 ലക്ഷമെന്നത് നൽകാൻ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഭാര്യയേയും മകളെയും സംരക്ഷിക്കണമെന്നത് അദ്ദേഹത്തിന്റെ കടമയാണ്. അതുകൊണ്ട് ഏഴു ലക്ഷം ജഹാനും മൂന്ന് ലക്ഷം മകൾക്കും നൽകണം. അതുപോലെ തന്നെ യാദവ് പൂരിലെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കാൻ പാടില്ലെന്നും മകളുടെയും അവകാശം നഷ്ടപ്പെടുത്തരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.