കൊച്ചി: ശബരിമലയെ കുറിച്ച് ചോദിച്ചാൽ ലാലേട്ടൻ കയ്യോങ്ങും. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ തമാശ രൂപേണ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയോങ്ങി കൂടി നിന്നവരെ ചിരിപ്പിച്ചാണ് മോഹൻലാൽ മടങ്ങിയത്. കൊച്ചിയിൽ വിശ്വശാന്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമപ്രവർത്തകരുടെ ശബരിമല ചോദ്യത്തിന് തമാശരൂപേണ ലാൽ തല്ലാനോങ്ങിയത്. തന്നെ വെട്ടിലാക്കുന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവർകർക്ക് നേരെ കയ്യോങ്ങിയ മോഹൻലാൽ വിവാദ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ മടങ്ങുക ആയിരുന്നു.

അതേസമയം, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ടെന്ന് മോഹൻലാൽ വ്യക്തമാക്കി. പ്രളയ ബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാരിനായി അമ്മയുടെ നേതൃത്വത്തിൽ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ് നൽകിയ കത്തും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മോഹൻലാൽ വ്യക്തമാക്കി.

പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ വിതരണം നടന്നു. സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 200 വിദ്യാർത്ഥിനികൾക്ക് 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങാനായി കൂപ്പണുകൾ വിതരണം ചെയ്തു. ശീമാട്ടിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം. ഇന്നസെന്റ് എംപി, സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട്, ബീന കണ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.