ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാള നടൻ മോഹൻലാലലോ? ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്.

മോഹൻലാൽ ആരാധകർ വാർത്ത ഏറ്റെടുക്കുകയും നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള താരമാണ് മോഹൻലാൽ എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടാകുകയും ചെയ്തു. എന്നാൽ ഇത് വ്യാജമാണ്. നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം നടൻ സിദ്ദിഖാണ്. 2013ലെ പുരസ്‌കാരമാണ് സിദ്ദിഖിന് ലഭിച്ചത്. എന്നാൽ അവാർഡ് പ്രഖ്യാപിച്ചത് 2017 മാർച്ചിലായിരുന്നെന്ന് മാത്രം.

2013ൽ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സിദ്ദിഖിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത ചിത്രമാണ് നാ ബംഗാരു തല്ലി. മികച്ച സഹനടനുള്ള ആന്ധ്ര സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി താരം മാത്രമാണ് മോഹൻലാൽ.

ആന്ധ്ര, തെലുങ്കാന സംസ്ഥാന വിഭജനത്തോടെ നിന്നുപോയ പുരസ്‌കാര പ്രഖ്യാപനം ഈ വർഷമാണ് പുനരാരംഭിച്ചത്. 2012, 2013 വർഷങ്ങളിലെ പുരസ്‌കാരം ഈ വർഷം മാർച്ചിലും 2014-16 വർഷങ്ങളിലെ പുരസ്‌കാരം ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.