തിരുവനന്തപുരം: നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ കോവിഡ് ബാധിച്ച് മരിച്ച സംഭവം സോഷ്യൽ മീഡിയയിൽ അടക്കം സജീവ ചർച്ചാ വിഷമായിരുന്നു. അലോപ്പതി ചികിത്സയോടെ മുഖം തിരിഞ്ഞു നിന്ന മോഹനൻ വൈദ്യരുടെ മരണം കോവിഡ് ബാധിച്ചിട്ടും ചികിത്സക്ക് പോകാൻ വിസമ്മതിച്ചതു കൊണ്ടായിരുന്നു. മോഹനൻ വൈദ്യർ ചികിത്സ തേടിയാൽ പോലും സോഷ്യൽ മീഡിയയിൽ വൻ പ്രചരണങ്ങൾ ഉറപ്പായിരുന്നു. ഇത്തരം പ്രചരണങ്ങളെ അദ്ദേഹം ഭയന്നിരുന്നു. അതുകൊണ്ടാണ് ആശുപത്രിയിൽ പോകാതെ പച്ചമരുന്നുമായി കഴിഞ്ഞു കൂട്ടിയത്.

അടുത്തകാലത്തായി മരണഭയം കലശലായിരുന്നു മോഹനൻ വൈദ്യർക്ക് എന്നതാണ് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇതിന് കാരണം സന്തത സഹചാരിയായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചതാണ്. അതേസമയം മോഹനൻ വൈദ്യർ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന വാദത്തെ വൈദ്യ മഹാസഭ തള്ളുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാൽ വൈദ്യർ കോവിഡ് ബാധിച്ചു തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്. പ്രകൃതി ചികിത്സകൾ ജേക്കബ് വടക്കൻചേരിയുടെ ചികിത്സയിലായിരുന്നു മോഹനൻ വൈദ്യർ നേരത്തെ കഴിഞ്ഞപ്പോൾ.

അനാവശ്യ കാര്യങ്ങളിൽ ചില പിടിവാശി കാണിക്കുമ്പോൾ സംഭവിക്കുന്ന കാര്യമാണ് മോഹനൻ വൈദ്യർക്കും സംഭവിച്ചത്. ആധുനിക ചികിത്സയോട് മുഖം തിരിച്ചു നടന്ന മോഹനൻ വൈദ്യർക്ക് തന്റെ സന്തത സഹചാരി കോവിഡ് ബാധിച്ച് മരിച്ചത് താങ്ങാൻ സാധിച്ചിരുന്നില്ല. അത് അദ്ദേഹത്തെ ശരിക്കും തളർത്തിയിരുന്നു. ഇതോടെ അദ്ദേഹത്തിന് മരണഭയം വേട്ടയാടി. ഈ സമയം അദ്ദേഹത്തിന് വീട്ടിൽ ഒരു പൂജ നടത്തിയിരുന്നു. അപ്പോൾ നിരവധി പേർക്ക് കോവിഡ് ബാധിക്കുകയും ചെയ്തു.

പിന്നാലെ അദ്ദേഹത്തിന് കോവിഡിന്റെ ലക്ഷണങ്ങൾ എല്ലാമുണ്ടായി. ഇതോടെ അദ്ദേഹം സ്വയം ക്വാറന്റീനിൽ കഴിയുകയായിരുന്നു. താൻ ആശുപത്രിയിൽ പോകില്ലെന്ന പിടിവാശിയും ഇതോടെ അദ്ദേഹം തുടർന്നു. എന്നാൽ ശ്വാസം മുട്ടൽ അടക്കം കലശലായപ്പോഴും വേണ്ട ചികിത്സ തേടാത്തത് അദ്ദേഹത്തിൽ മരണഭയം വർധിപ്പിക്കുകയാണ് ഉണ്ടാക്കിയത്. പ്രമേഹ രോഗികളെ അടക്കമാണ് കോവിഡ് കാര്യമായി ബാധിക്കുക. മോഹനൻ വൈദ്യരും ഒരു പ്രമേഹ രോഗിയായിരുന്നു.

അലോപത്തി ചികിത്സയോടെ മുഖം തിരിച്ചു നിന്ന വൈദ്യർ അടുത്തിടെ വാക്‌സിൻ സ്വീകരിച്ചു എന്ന വ്യാജ വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ താൻ ചികിത്സിക്കാൻ പോയാൽ സൈബർ ഇടത്തിൽ വീണ്ടും ട്രോളിന് ഇരയാകുമെന്ന ഭയവും മോഹനൻ വൈദ്യരെ പിടികൂടി. ഇതോടെ നില വഷളായി. ഇതിനിടെ ചില കുടുംബ പ്രശ്‌നങ്ങളും അദ്ദേഹത്തെ വ്യക്തിപരമായി അലട്ടി. ഇതോടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളും അടക്കം അദ്ദേഹത്തെ അകറ്റി. ഇതിനിടെയാണ് അദ്ദേഹത്തെ ജേക്കബ് വടക്കുംചേരിയുടെ ക്ലിനിക്കിൽ എത്തിയത്. അവിടെ ചികിത്സ തേടിയെങ്കിലും ശരീരത്തിലെ സോഡിയത്തിന്റെ അളവിലാണ് പ്രശ്‌നം ഉണ്ടായത്.

ഇതിനിടെയാണ് മകനും മറ്റൊരു വൈദ്യൻ തമ്പി നാഗാർജ്ജുന എന്നയാളും കൂടിയെത്തി തിരുവനന്തപുരത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇങ്ങനെ രണ്ട് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. വൈദ്യരുടെ മരണം കോവിഡു മൂലമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോവിഡു മൂലമുണ്ടായ ശ്വാസകോശ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. 2 ദിവസം മുൻപാണ് കരമനയിലെ ബന്ധുവീട്ടിൽ മകനൊപ്പം വൈദ്യർ എത്തിയത്.

രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീഴുകയും മരണപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ പോകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അത് തിരസ്‌ക്കരിച്ചുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസാണ് കരമനയിലെ വീട്ടിൽ നിന്നും മോഹനൻ വൈദ്യരുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതും പിന്നീട് ചേർത്തലയിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കുന്നതും.

സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളിൽ ചികിത്സാലയം നടത്തിയിരുന്ന മോഹനൻ വൈദ്യർ കഴിഞ്ഞ വർഷം കോവിഡ് ചികിത്സ ആരംഭിച്ചതോടെയാണ് വിവാദത്തിൽ പെട്ടിരുന്നു. കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിനായിരുന്നു ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നു. കോവിഡ് ചികിത്സയുടെ പേരിൽ കഴിഞ്ഞ വർഷം റിമാൻഡിലായി ജയിലിലും കഴിഞ്ഞു. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളിൽ ഇടംപിടിച്ചയാൾ കൂടിയായിരുന്നു മോഹനൻ.