തിരുവനന്തപുരം: നിപ വൈറസ് ബാധയെ ചൊല്ലിയുള്ള ഭീതി എല്ലായിടത്തും നിലനിൽക്കുകയാണ്. വവ്വാലുകളിൽ നിന്നാണ് രോഗാണു പകരുന്നതെന്ന വിലയിരുത്തലാണ് പൊതുവേ പുറത്തുവന്നത്. എന്നാൽ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് പൂർണമായും വിശ്വസിച്ചിട്ടില്ല. വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നാണ് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ഇതിനിടെ സൈബർ ലോകത്ത് അറിയപ്പെടുന്ന മോഹൻ വൈദ്യർ ഒരു വീഡിയോയുമായി രംഗത്തെത്തി.

വവ്വാൽ ചപ്പിയ മാമ്പഴം കഴിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് മോഹൻ വൈദ്യർ രംഗത്തെത്തിയത്. അതേസമയം സൈബർ ലോകത്ത് ഒരുവിഭാഗ വൈദ്യരെ പിന്തുണക്കുമ്പോൾ ഭൂരിപക്ഷം പേരും പൊങ്കാലയുമായി രംഗത്തെത്തി. നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഹനൻ വൈദ്യർ ചെയ്യുന്നതെന്ന വിമർശനമാണ് കൂടുതലും.

പേരാമ്പ്ര മേഖലയിലെ വവ്വാൽ ഭക്ഷിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ട് പഴങ്ങൾ തിന്നുന്ന വീഡിയോയാണ് വൈദ്യർ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. അതേസമയം വൈദ്യർക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിപ കെട്ടുകഥയാണെന്ന് അവകാശപ്പെട്ട രംഗത്തെത്തിയ ജേക്കബ് വടക്കഞ്ചേരിക്കും സോഷ്യൽമീഡിയയിൽ പൊങ്കാലയായിരുന്നു. സമാനമായി വിധത്തിലാണ് സൈബർ ലോകം വൈദ്യരോട് പ്രതികരിച്ചത്.

പേരാമ്പ്ര മേഖലയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങൾ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനൻ വൈദ്യർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം രംഗത്തെത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ നിർദ്ദേശം നൽകി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു ഇത്. 'ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം.

'എന്നു പറഞ്ഞുകൊണ്ടാണ് മോഹനൻ വൈദ്യർ വീഡിയോ പ്രചരിപ്പിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇതോടകം കണ്ടുകഴിഞ്ഞ ഫേസ്‌ബുക്ക് വീഡിയോയ്ക്കു കീഴിൽ രൂക്ഷമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വൈദ്യരെ ചലഞ്ച് ചെയ്യുന്നവരും നിരവധിയാണ്. പേവിഷ ബാധയും മരുന്നു മാഫിയയുടെ ഗൂഢാലോചന ആണെന്നും അതുകൊണ്ട് അടുത്ത വീഡിയെ ഇതിനെ വെല്ലുവിളിക്കുന്ന വിധത്തിലാകണമെന്നം ചിലർ കമന്റുകളിലൂടെ നിർദ്ദേശിക്കുന്നു.

നിപ വൈറസുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ജേക്കബ് വടക്കഞ്ചേരിയും സോഷ്യൽ മീഡിയ വഴി നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നും പറഞ്ഞത് വിവാദമായിരുന്നു.