തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരം ചോദിച്ച കേരളത്തിലെ എംപിമാരെ അവഗണിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. മോഹൻലാലിനെക്കാൾ മോശമാണോ ഞങ്ങൾ എന്ന ചോദ്യവുമായാണ് എംപിമാർ ഈ അവഗണനയെ നേരിടുന്നത്. ഇതോടെ ചർച്ച പുതിയ തലത്തിലുമെത്തി.

കഴിഞ്ഞ മാസം 30,31 തീയതികളിൽ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചപ്പോൾ ഈ മാസം മൂന്നിന് ശേഷം നൽകാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് എംപിമാർക്ക് ലഭിച്ച മറുപടി. എന്നാൽ സംസ്ഥാനത്തെ എംപിമാർ കാണാൻ കാത്തുനിൽക്കെത്തന്നെ നടൻ മോഹൻലാലിന് മോദി സന്ദർശാനുമതി നൽകുകയും ചെയ്തു. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി ജനപ്രതിനിധികളെയും കേരളത്തിനെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി.കരുണാകരൻ എംപി കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ് ബുക്കിൽ പോസ്റ്റും ചെയ്തു. ഇതോടെയാണ് വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിച്ചിരുന്നു. കേരളത്തിന് വേണ്ട സഹായമെല്ലാം ചെയ്യാമെന്ന് അദ്ദേഹം വാഗ്ദ്ധാനം നൽകിയെങ്കിലും വിദേശ സഹായം സ്വീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതിന് വേണ്ടിയാണ് എംപിമാർ മോദിയെ നേരിട്ട് കാണാമെന്ന് തീരുമാനിച്ചത്. തുടർന്ന് ഓഗസ്റ്റ് 30,31 തീയതികളിൽ മോദിയെ കാണാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനുമതി ചോദിച്ചു. സെപ്റ്റംബർ മൂന്നിന് ശേഷം കൂടിക്കാഴ്ചയ്ക്ക് സമയം നൽകാമെന്ന് അറിയിച്ചെങ്കിലും അന്നേ ദിവസം നടൻ മോഹൻലാലിനാണ് സന്ദർശാനുമതി നൽകിയത്. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണം.

മോഹൻലാലിനെ സ്വീകരിച്ചിരുത്തുകയും കേരളത്തിലെ എംപിമാരോട് അയിത്തം പ്രഖ്യാപിക്കുകയും ചെയ്ത നടപടി ഇരട്ടത്താപ്പാണെന്ന് ആരോപിക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. കേരളത്തിന് വേണ്ട പിന്തുണ നൽകാമെന്ന് പ്രധാനമന്ത്രി മോഹൻലാലിനോട് പറയുന്നതിന് പകരം ജനപ്രതിനിധികളോടാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകേണ്ടതെന്നും ചിലർ പറയുന്നു. നേരത്തെ റേഷൻ വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് മോദി സന്ദർശാനുമതി നിഷേധിച്ചതും വിവാദത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സംഘത്തിന് കാണാൻ അനുമതി നൽകിയത്.