കൊച്ചി: മോഹൻലാലിന്റെ മറുപടികളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജ?ഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി.. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മ നൽകിയും താരം ഞെട്ടിച്ചു.

ദൃശ്യം രണ്ടിന്റെ പ്രമോഷന്റെ ഭാഗമായി നടൻ മോഹൻലാൽ ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് പ്രിയ താരത്തോട് ചോദ്യങ്ങൾ ചോദിക്കാൻ 'മോഹൻലാലിനോട് ചോദിക്കാം' എന്ന പരിപാടിയിൽ പങ്കെടുത്തത്. ഈ പരിപാടിക്കിടെ നൽകിയ മറുപടികളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്.

'ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവ്വചിക്കാമോ,'' ''ബറോസ് എന്നു തുടങ്ങും,'' ''എംപുരാൻ ഈ വർഷം ഇറങ്ങുമോ,'' എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകി മോഹൻലാൽ. ട്വിറ്ററിലെ ലൈവ് ചാറ്റിലാണ് ആരാധകർ പ്രിയ താരത്തോട് ചോദ്യങ്ങൾ ചോദിച്ചത്. മകളുടെ ''പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,'' എന്നത് വരെയുള്ള ചോദ്യങ്ങൾക്ക് താരം മറുപടി പറഞ്ഞു. ബറോസ് എപ്പോൾ തുടങ്ങും,'' എന്ന ചോദ്യത്തിന് ''മാർച്ച്'' എന്ന് താരം മറുപടി നൽകി.

'എംപുരാൻ' ഈ വർഷം ഉണ്ടാ,'' എന്ന ചോദ്യത്തിന് സാധ്യമാക്കാനാവും എന്ന് താരം മറുപടി നൽകിയപ്പോൾ 'ആറാട്ട്' സിനിമയെക്കുറിച്ച് ''ഒരു നല്ല എന്റർടൈനർ ആയിരിക്കും,'' എന്നും അദ്ദേഹം പറഞ്ഞു. മരക്കാറിനെയും പ്രിയദർശന്റെ സംവിധാനത്തെയും കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ അതിശയകരമെന്ന് താരം മറുപടി നൽകി.

ചോദ്യം ഉന്നയിച്ച എല്ലാവർക്കും താരം മറുപടിയും നൽകിയിരുന്നു, ദൃശ്യത്തിന് മൂന്നാം ഭാഗം കാണുമോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി.

'ലാലേട്ടാ സദയം, വാനപ്രസ്ഥം, വാസ്തുഹാര പോലെ ഉള്ള സിനിമകൾ ഇനി പ്രതീക്ഷിക്കാമോ,'' എന്ന ചോദ്യത്തിന് തീർച്ചയായും അത്തരം സിനിമകൾ പ്രതീക്ഷിക്കാനാവുമെന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ''എല്ലാം,'' എന്ന് താരം മറുപടി നൽകി. ''ദാസനെയും വിജയനെയും മിസ് ചെയ്യുന്നു'' എന്നാണ് മറ്റൊരു ആരാധകൻ പറഞ്ഞത്. ''ഞാനും അവരെ മിസ്സ് ചെയ്യുന്നു,'' എന്നായിരുന്നു മോഹൻലാൽ മറുപടി പറഞ്ഞത്.

'മകളുടെ പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം,'' എന്ന് ചോദിച്ചപ്പോൾ നല്ലത് എന്ന് താരം മറുപടി നൽകി. ആ പുസ്തകം വായിച്ചോ എന്ന് അദ്ദേഹം തിരിച്ചു ചോദിക്കുകയും ചെയ്തു. ഏതു തരം സിനിമകളാണ് കാണാൻ ഇഷ്ടമെന്ന ചോദ്യത്തിന് കോമഡി സിനിമകൾ എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. ഈ എനർജിയുടെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ഹാപ്പിനസ് എന്നും മറുപടി നൽകി.

ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. പ്രിയപ്പെട്ട കാർട്ടൂൺ ബോബനും മോളിയുമാണെന്നാണ് താരം പറഞ്ഞത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും വിശദീകരിച്ചു.

മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ, എസ്തർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.