തിരുവനന്തപുരം: ദേശീയ അവാർഡിനായുള്ള പരിഗണനയ്ക്ക് പ്രിയദർശൻ സംവിധാനം ചെയ്ത മോഹലാൽ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന് മേഖലാ ജൂറിയൂടെ ഏഴ് നോമിനേഷനുകൾ. കോവിഡു കാലത്തെ പ്രതിസന്ധി കാരണം റിലീസ് വൈകുന്ന ചിത്രമാണ് ഇത്. സംസ്ഥാന സർക്കാരിന്റെ അവാർഡിൽ ഏറെ നേട്ടം ഈ സിനിമയ്ക്ക് കിട്ടിയിരുന്നില്ല. എന്നാൽ കേന്ദ്രത്തിൽ എത്തുമ്പോൾ അവസ്ഥ മാറുകയാണ്. മോഹൻലാലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.

മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയവയ്ക്കാണ് നോമിനേഷൻ ലഭിച്ചത്. മലയാളം - തമിഴ് മേഖലാ ജൂറിയുടെ നോമിനേഷനുകൾ പ്രധാന ജൂറിയുടെ മുന്നിലാണിപ്പോൾ. ആകെ അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാർഡിന് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തുന്നത്. അതിൽ നിന്നാണ് പ്രധാന ജൂറി അവാർഡ് തീരുമാനിക്കുന്നത്. കോവിഡു പ്രതിസന്ധി കാരണം 2020ൽ ഏറെ സിനിമകൾ പുറത്തു വന്നിരുന്നില്ല. 2020ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ അവാർഡിന് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയൻ ചിത്രം അവാർഡുകൾ വാരികെട്ടാനുള്ള സാധ്യത ഏറെയാണ്.

മോഹൻലാലിന് വീണ്ടും ഭരത് അവാർഡ് കിട്ടുമോ എന്ന ചർച്ചയും സജീവമാണ്. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് മോഹൻലാലിന് കിട്ടി. ഭരതവും വാനപ്രസ്ഥവുമാണ് ഈ പുരസ്‌കാരം സമ്മാനിച്ച ചിത്രങ്ങൾ. ഇതിനൊപ്പം കിരീടത്തിലേകും ജനതാ ഗാരേജിലേയും പ്രകടനങ്ങൾക്ക് പ്രത്യേക ജൂറി പരാമർശങ്ങളും. മമ്മൂട്ടിക്ക് മൂന്ന് ഭരത് അവാർഡുകളുണ്ട്. എന്നാൽ മോഹൻലാലിന് അഭിനയത്തിന് മാത്രം ഭരത് ഉൾപ്പെടെ നാലു തവണ പുരസ്‌കാരം കിട്ടി. എങ്കിലും ഏറ്റവും കൂടുതൽ ഭരത് അവാർഡ് നേടിയ മലയാളി നടൻ എന്ന ഖ്യാതി മമ്മൂട്ടിക്കും. അറബിക്കടലിലൂടെ ഈ നേട്ടത്തിനൊപ്പവും ലാൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതോടെ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ വാങ്ങുന്ന നടനായും മോഹൻലാൽ മാറും.

മേഖല ജൂറി നിരസിച്ച ചിത്രങ്ങളെ തിരിച്ചുവിളിക്കാനുള്ള അധികാരവും പ്രധാന ജൂറിക്കുണ്ട്.റഹ്മാൻ സഹോദരന്മാർ ഒരുക്കിയ വാസന്തി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി 17 മലയാള ചിത്രങ്ങൾക്കാണ് വിവിധ അവാർഡുകൾക്കുള്ള എൻട്രി ലഭിച്ചത്. ഇതിൽ ജല്ലിക്കെട്ട് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി. ഓസ്‌കാറിൽ പ്രാഥമിക നോമിനേഷൻ പോലും കിട്ടി. അതുകൊണ്ട് തന്നെ ഈ ചിത്രം ഏറെ ചർച്ചയായിട്ടുണ്ട്. മലയാളത്തിൽ നിന്നുള്ള 65 എണ്ണമുൾപ്പെടെ 109 ചിത്രങ്ങളാണ് മേഖലാ ജൂറിക്കു മുന്നിലെത്തിയത്.

മികച്ച നടനുള്ള പുരസ്‌കാരത്തിന് ഏറ്റവും കൂടുതൽ അംഗങ്ങൾ ശുപാർശ ചെയ്തത് തമിഴ്‌നടൻ പാർത്ഥിപന്റെ പേരാണ്. പാർത്ഥിപൻ രചനയും സംവിധാനവും നിർവഹിച്ച 'ഒത്ത സെരുപ്പി'ന് (ഒറ്റച്ചെരുപ്പ്) അഞ്ച് നോമിനേഷൻ ലഭിച്ചു. ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം അസുരൻ, മധുമിത ഒരുക്കിയ കറുപ്പുദൂരൈ എന്നിവയുൾപ്പെടെ 12 തമിഴ് ചിത്രങ്ങൾക്കും നോമിനേഷൻ ലഭിച്ചു. തമിഴ് സിനിമകളിൽ നിന്നാകും മലയാള ചിത്രങ്ങൾക്ക് കൂടുതൽ മത്സരം ഇത്തവണ നേരിടേണ്ടി വരിക. അസുരനും മികച്ച ചിത്രമായിരുന്നു.

പലപ്പോഴും ദേശീയ അവാർഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയവും ചർച്ചകളിൽ എത്താറുണ്ട്. പ്രിയദർശനും മോഹൻലാലും മോദിയുമായി ഏറെ അടുപ്പമുള്ള വ്യക്തിത്വങ്ങളാണ്. അതുകൊണ്ട് തന്നെ അറബിക്കടലിന്റെ നേട്ടങ്ങൾ അത്തരത്തിൽ ചർച്ചയാകാനും സാധ്യത ഏറെയാണ്. ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തിരക്കിലാണ് ലാൽ. ഈ മാസം 15ന് ഷൂട്ടിംഗും തുടങ്ങും. ഈ സെറ്റിലേക്ക് നടനുള്ള ദേശീയ പുരസ്‌കാരം വീണ്ടുമെത്തുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ലാൽ ആരാധകർ.