- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുചിയെ കല്യാണം കഴിച്ചത് 33 കൊല്ലം മുമ്പ്; അന്ന് മുതൽ ആന്റണിയും എന്നോടൊപ്പമുണ്ട്; ഭാഗ്യമെന്നത് എനിക്ക് വെറുമൊരു വാക്കല്ല; എന്തിന് തിരിനോട്ടത്തിൽ അഭിനയിച്ചതെന്ന് ചോദിച്ചാൽ ഉത്തരമില്ല; രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിലെ ടെറസിൽ വച്ച് നമ്പ്യാതിരി എടുത്ത ആ ഫോട്ടോകൾ ജീവിതം വഴി മാറ്റി; ഇനി ബറോസിന്റെ ഡയറക്ടർ; സംവിധാന കുപ്പായം ഇടുമ്പോൾ വന്ന വഴിയിലൂടെ തിരിച്ച് നടന്ന് ലാൽ
കൊച്ചി: ഭാഗ്യമെന്നത് മോഹൻലാലിന് വെറുമൊരു വാക്കല്ല. അതൊകു അവസ്ഥയാണ്. അത് എണ്ണിയെണ്ണി പറഞ്ഞു ബറോസിന്റെ ഉദ്ഘാടന വേദിയിൽ. ആറാക്ലാസിൽ പഠിക്കുമ്പോൾ പത്താംക്ലാസിൽ പഠിക്കുന്നവർക്കൊപ്പം നാടകത്തിൽ അഭിനയിച്ച് തുടക്കം. അതിന് ശേഷം തിരനോട്ടം എന്ന സിനിമ. എന്തിന് അത് എടുത്തുവെന്നും അഭിനയിച്ചുവെന്നും ചോദിച്ചാൽ ഉത്തരമില്ല. പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഏറ്റവും ഒടുവിൽ ബറോസിലെ സംവിധായക ദൗത്യവും. എല്ലാം ഭാഗ്യമെന്ന് പറഞ്ഞ് തുടങ്ങുകയാണ് ബറോസിൽ മോഹൻലാൽ.
തിരനോട്ടത്തിന് ശേഷം ഉണ്ടാക്കിയത് ഉത്സാഹകമ്മറ്റിയാണ്. അപ്പോഴാണ് നവോദയ പുതിയ സിനിമ അനൗൺസ് ചെയ്ത്. അന്ന് ആർട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ സ്ഥിരമായി പോകുമായിരുന്നു. അവിടെ ടെറസിൽ ഇരിക്കുമ്പോൾ നമ്പ്യാതിരി കുറച്ചു ഫോട്ടോ എടുത്തു. അതാണ് നവോദയയ്ക്ക് അയച്ചു കൊടുത്തത്. ആദ്യം അയച്ചത് ശരിയായില്ല. പിന്നീട് സുരേഷ് കുമാറിന്റെ അമ്മയെ കാണിച്ചു. സുരേഷിന്റെ നിർബന്ധത്തിൽ അത് അയച്ചു. അങ്ങനെ നടനായി. ജിജോ സാറും പാച്ചിക്ക(ഫാസിൽ)യും സിബിമലയിലിനും മുമ്പിൽ ആദ്യ പരീക്ഷ. അതു ജയിച്ചതും ഭാഗ്യം മൂലം.
എന്നെ ലാലു മോൻ എന്ന് മാത്രം വിളിച്ച നവോദയാ അപ്പച്ചൻ സാർ. തിരനോട്ടം ഷൂട്ട് ചെയ്ത ടു സി ക്യാമറ എന്റെ കൈയിലുണ്ട്. മഞ്ഞിൽ വിരിഞ്ഞ ക്യാമറ നവോദയ അപ്പച്ചനോട് ചോദിച്ചപ്പോൾ ലാലുമോൻ എടുത്തോ എന്ന് പറഞ്ഞ് അതും നൽകി. ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. നാടകം ചെയ്യാനാണ് വന്നത്. ത്രിഡി നാടകം. അത് ഇങ്ങനെയായി. അതും ഭാഗ്യം-മോഹൻലാൽ പറയുന്നു. ആന്റണി 33 കൊല്ലമായി എന്റെ കൂടെ. ഞാൻ സുചിയെ കല്യാണം കഴിച്ചതും 33 കൊല്ലം മുമ്പ്. അന്ന് മുതൽ ആന്റണിയും ഒപ്പം-ബറോസിന്റെ പൂജയിൽ ബന്ധങ്ങളുടെ ആഴം വിശദീകരിച്ച് ലാൽ പറഞ്ഞു. മമ്മൂട്ടി അടക്കമുള്ളവരുടെ സ്‌നേഹത്തിനും നന്ദി പറഞ്ഞു.
കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകളും ചിത്രീകരണവും ആരംഭിക്കുന്നതിനെ കുറിച്ച് ഇന്നലെ മോഹൻലാൽ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിന് വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു.
24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മോഹൻലാൽ നടനിൽ നിന്ന് സംവിധായകനിലേക്ക് കടക്കുന്ന സിനിമയാണ് 'ബറോസ്'എന്ന ത്രീഡി ചിത്രം.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ എത്തി. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്.
ഭാഗ്യം എന്ന് പറയുന്നത് തന്നെ സംബന്ധിച്ചു ഒരു വാക്കല്ല അവസ്ഥ ആണ്. ഈ അവസ്ഥയിലൂടെ പല തവണ കടന്നു പോകാൻ കഴിഞ്ഞു. ഇത് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഈ ചരിത്രത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ. മാർച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
മറുനാടന് മലയാളി ബ്യൂറോ