കൊച്ചി: ഇത്തവണ പത്തനാപുരത്ത് വോട്ട് ചോദിച്ച് മോഹൻലാൽ എത്തില്ല. കഴിഞ്ഞ തവണ പത്തനാപുരത്ത് സിനിമാ താരങ്ങൾ തമ്മിലായിരുന്നു മത്സരം. ഗണേശ് കുമാറിനെ നേരിട്ടത് ജഗദീഷ്. എന്നിട്ടും ഗണേശ് കുമാറിന് വേണ്ടി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തി. പ്രിയദർശനും ലാലും കൂടി വോട്ട് ചോദിച്ചതോടെ പ്രചരണത്തിൽ മുൻതൂക്കം ഗണേശിനായി. ജഗദീഷ് തോറ്റു. ഗണേശ് ജയിച്ചു. സുഹൃത്ത് എന്ന തരത്തിലായിരുന്നു പത്തനാപുരത്തെ റാലിയിൽ അഞ്ചു കൊല്ലം മുമ്പ് ലാൽ എത്തിയത്. ഇപ്പോഴും പത്തനാപുരത്ത് ഗണേശ് മത്സരിക്കുന്നു. പക്ഷേ പ്രചരണത്തിന് ലാൽ എത്തില്ല. കാരണം പത്തനാപുരത്ത് പ്രചരണത്തിന് പോയാൽ തൃശൂരിൽ സുരേഷ് ഗോപിക്കും വോട്ട് ചോദിക്കണം. ഈ രാഷ്ട്രീയ പ്രശ്‌നം ഒഴിവാക്കാനാണ് തീരുമാനം.

തിരക്കുകളിലാണ് മോഹൻലാൽ. നടനെന്ന ഇമേജിന് അപ്പുറം സംവിധായകൻ ആവുകയാണ് ലാൽ. ബുധനാഴ്ച ബറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. പിന്നെ തിരക്കോട് തിരക്ക്. ഇതിനൊപ്പം എല്ലാ വെള്ളിയാഴ്ചയും ഏഷ്യാനെറ്റിന്റെ ബിഗ് ബോസിലും പങ്കെടുക്കണം. കോവിഡ് പ്രതിസന്ധിയുമുണ്ട്. അതിനാൽ തിരക്കുകളിലേക്ക് പോകാൻ കഴിയില്ല. ഈ ന്യായം പറഞ്ഞ് പത്തനാപുരത്ത് എത്തണമെന്ന ഗണേശിന്റെ ആവശ്യം നിരാകരിക്കും. ഇതിനൊപ്പം സുരേഷ് ഗോപി വിളിച്ചാലും ഇതു തന്നെ പറയും. കൊല്ലത്തെ സിനിമാ സ്ഥാനാർത്ഥി മുകേഷും കടുത്ത മത്സമാണ് നേരിടുന്നത്. മുകേഷിന് വേണ്ടിയും വോട്ട് അഭ്യർത്ഥിക്കില്ല. രാഷ്ട്രീയത്തിൽ നിന്ന് തൽകാലം അകലം പാലിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മോദി അടക്കമുള്ളവർ രാഷ്ട്രീയത്തിലേക്ക് ലാലിനെ ക്ഷണിച്ചിരുന്നു. അത് വേണ്ടെന്ന വച്ച ലാൽ വിവാദങ്ങൾ ഒഴിവാക്കാൻ പ്രചരണ വേദിയിൽ നിന്നും വിട്ടു നിൽക്കും.

കഴിഞ്ഞ തവണ പുനലൂരിൽ അതിസങ്കീർണ്ണമായിരുന്നു ലാലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ. ഗണേശിനും ജഗദീഷിനുമൊപ്പം ബിജെപിക്കായി മത്സരിച്ചത് നടൻ തന്നെയായ ഭീമൻ രഘുവായിരുന്നു. ജഗദീഷും മോഹൻലാലും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. എന്നിട്ടും ഗണേശിന് വേണ്ടി വോട്ടു ചോദിക്കാനെത്തിയത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അഞ്ചു കൊല്ലം മുമ്പ് സംവിധായകൻ പ്രിയദർശനൊപ്പം പത്തനാപുരത്തെത്തിയ മോഹൻലാൽ മണ്ഡലത്തിലെ വോട്ടർമാരോടും ആരാധകരോടും ഗണേശ്‌കുമാറിനു വേണ്ടി വോട്ടഭ്യർത്ഥിച്ചാണ് മടങ്ങിയത്. മൂന്ന് സിനിമാ താരങ്ങൾ മത്സരിക്കുന്ന പത്തനാപുരത്ത് ഒരു രാഷ്ട്രീയം പറയാതെ ഗണേശ്‌കുമാറുമായി ചെറുപ്പം മുതലുള്ള ബന്ധം ഓർത്തെടുത്താണ് മോഹൻലാൽ സംസാരിച്ചത്. രാഷ്ട്രീയം ചർച്ചയാക്കിയതുമില്ല. ആർഎസ്എസ് ചാനൽ ജനം ടിവിയുടെ ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം എത്തി എന്നതും കൗതുകമായിരുന്നു അന്ന്.

സിനിമാ നടൻ എന്ന നിലയിലല്ല വോട്ട് ചോദിക്കുന്നതെന്നും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് താൻ വോട്ടഭർത്ഥിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു. സ്വീകരണത്തിന് നന്ദി. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. മുൻപും പത്തനാപുരത്ത് വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് കെബി ഗണേശ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടൻ എന്ന നിലയിലല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഗണേശുമായി ആത്മബന്ധമാണുള്ളത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് നൽകി ഗണേശ് കുമാറിനെ വിജയിപ്പിക്കണം' എന്നായിരുന്നു 2016ലെ മോഹൻലാലിന്റെ വോട്ട് ചോദിക്കൽ.

ജഗദീഷും ഗണേശും ഭീമൻ രഘുവും താരസംഘടനയായ അമ്മയിൽ അംഗങ്ങളായതിനാൽ പല നടീ-നടന്മാരും കഴിഞ്ഞ തവണ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നില്ല. ഗണേശിന് വേണ്ടി കെപിഎസി ലളിതയെ പോലുള്ളവർ പ്രചരണത്തിന് എത്തിയപ്പോൾ ദിലീപ് പ്രചരണത്തിന് ഇല്ലെന്നാണ് അറിയിച്ചത്. ഒരേ കുടുംബത്തിലെ മൂന്നുപേർ ഒരുമിച്ച് മൽസരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായവും സിനിമാക്കാർക്കിടയിൽ അന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും പത്തനാപുരത്ത് 2016ൽ എത്താൻ മോഹൻലാലിന് തടസ്സമായില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലാലിന്റെ നീക്കവും ഏറെ ശ്രദ്ധേയമായി. തൃശൂരിൽ സുരേഷ് ഗോപി ബിജെപിക്കായി മത്സരിക്കുന്ന സാഹചര്യത്തിൽ. ഗണേശിന് വോട്ട് ചോദിച്ചാൽ സുരേഷ് ഗോപിയും വിളിക്കുമെന്ന് ലാലിന് അറിയാം.

അതുകൊണ്ടാണ് തിരക്കുകൾ പറഞ്ഞ് എല്ലാവരോടും പ്രചരണത്തിന് ഇല്ലെന്ന് ലാൽ അറിയിക്കുന്നത്. മോദിയെ സന്ദർശിക്കാൻ മോഹൻലാൽ പോയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ലാലിനെ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് മോഹവുമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന നിലപാടാണ് ലാൽ അന്ന് എടുത്തത്. ഇത് കൂടി കണക്കിലെടുത്താണ് തൽക്കാലം ആരുടേയും പ്രചരണത്തിന് പോകേണ്ടതില്ലെന്ന് ലാൽ തീരുമാനിക്കുന്നത്. ഇത്തവണ സിനിമയിൽ നിന്ന് നിരവധി പേർ മത്സരിക്കുന്നു. എല്ലാവർക്കും ലാലുമായി അടുപ്പവുമുണ്ട്.

ഇത്തവണ സിനിമാ രംഗത്തുള്ള ആറു പേരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് വേണ്ടി രണ്ട് പേർ വീതം. എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്ക് മാറിയാണ് നിർമ്മാതാവും അഭിനേതാവും സംവിധായകനുമായ മാണി സി. കാപ്പൻ സ്ഥിരം മണ്ഡലമായ പാലയിൽ മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച എൽഡിഎഫ് എംഎൽഎയാണ് കാപ്പൻ. മുമ്പ് ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നുവെങ്കിലും തോൽവിയായിരുന്നു ഫലം. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മാണി സി കാപ്പൻ ആദ്യമായി വിജയിച്ചത്.

ബാലുശേരിയിൽ മത്സരിക്കുന്ന ധർമ്മജൻ ബോൾഗാട്ടിയാണ് യു.ഡി.എഫിനായി മത്സരിക്കുന്ന മറ്റൊരു സിനിമാ താരം.ബിജെപിക്കായി സുരേഷ് ഗോപിയും കൃഷ്ണകുമാറും. ഇടതു പക്ഷത്ത് മുകേഷും ഗണേശുമാണ് താര സ്ഥാനാർത്ഥികൾ.