- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മിൽ വർക്കൗട്ടിനിടെ ബാക്ക് ഗ്രൗണ്ടിൽ ഗോളടിക്കാൻ വെമ്പുന്ന കളിക്കാരന്റെ ഷാഡോ ചിത്രം; വൈറലായ ആ പടത്തിന് പ്രിയദർശന്റെ മനസ്സിലെ സ്പോർട്സ് കഥയുമായി യാതൊരു ബന്ധവുമില്ല; ബറോസിനെ കൊച്ചിയിലേക്ക് വീണ്ടും എത്തിച്ച് മോഹൻ ലാൽ; ഗോവയിലെ ചിത്രീകരണം വേണ്ടെന്ന് വച്ച് സൂപ്പർ താരം
കൊച്ചി: ഇന്നലെ പുറത്തു വന്നത് പ്രിയദർശൻ ചിത്രത്തിന്റെ പോസ്റ്റർ അല്ല. കൊച്ചിയിലെ വീട്ടിലെ ജിമ്മിൽ പതിവ് വർക്ക് ഔട്ടിനിടെ കൗതുകത്തിന് മൊബൈലിൽ പകർത്തിയതായിരുന്നു ആ ചിത്രം. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സ്പോർട്‌സ് ചിത്രം ചർച്ചകളിലുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇന്നലെ ലാൽ ഫെയ്‌സ് ബുക്കിൽ ഇട്ട ചിത്രം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്പോർട്സ് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമോ എന്ന സംശയത്തിൽ മോഹൻലാൽ ആരാധകർ എത്തുകയും ചെയ്തു. സംശയത്തിന്റെ കാരണം ഇന്നലെ മോഹൻലാൽ പങ്കുവെച്ച ചിത്രം തന്നെയാണ്. ബാക്ക് ഗ്രൗണ്ടിൽ ഫുട്ബോൾ പായിച്ച് നിൽക്കുന്ന തരത്തിലെ മോഹൻലാലിന്റെ ചിത്രം കണ്ടതോടെ ഇത് പ്രിയദർശൻ ചിത്രത്തിന്റെ പോസ്റ്ററാണോ എന്ന സംശയം സജീവമായി. ഫുട്ബോളിനെ പ്രമേയമാക്കിയുള്ള ചിത്രമായിരിക്കാം പ്രിയദർശൻ ഒരുക്കുകയെന്ന വാദവുമെത്തി.
എന്നാൽ ഇന്നലെ ലാൽ ഫെയ്‌സ് ബുക്കിൽ ഇട്ട ചിത്രത്തിന് പ്രിയദർശൻ ചിത്രവുമായി യാതൊരു ബന്ധവുമില്ല. ബറോസിന്റെ തിരക്കിലാണ് ലാൽ. ഗോവിയിൽ സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ടിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ അതും കൊച്ചിയിൽ തന്നെ ചെയ്യാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ലാൽ കൊച്ചിയിൽ തിരിച്ചെത്തി. പതിവ് വർക്കൗട്ടിനിടെ എടുത്ത വെറുമൊരു ചിത്രം മാത്രമാണ് അതെന്നും റുനാടന് സൂചന ലഭിച്ചു. ബറോസിന്റെ ഗോവയിലെ ചിത്രീകരണം തൽകാലം വേണ്ടെന്ന് വച്ചിരിക്കുകയാണ് മോഹൻലാൽ.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹൻലാലുമായുള്ള സ്പോർട്ട്സ് ചിത്രത്തെ കുറിച്ച് പ്രിയദർശൻ പറഞ്ഞത്. എന്തായാലും പുതിയ ചിത്രമുണ്ടാകുമെന്നും അതൊരു സ്പോർട്ട്സ് ചിത്രമായിരിക്കും എന്നുമാണ് പ്രിയദർശൻ പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും അന്ന് അദ്ദേഹം പുറത്തു പറഞ്ഞിരുന്നില്ല. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഈ തിരക്കു കഴിഞ്ഞാൽ മാത്രമേ മറ്റ് പ്രോജക്ടുകളെ കുറിച്ച് മോഹൻലാൽ ചിന്ത തുടങ്ങൂവെന്നാണ് ലഭിക്കുന്ന സൂചന. അതിന് ശേഷം താര സംഘടനയായ അമ്മ നിർമ്മിക്കുന്ന സിനിമയിലും അഭിനയിക്കും. പിന്നീടാകും മറ്റ് പ്രോജക്ടുകൾ.
ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളിൽ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ