പയ്യന്നൂർ: കല്ലുകൾ കൊണ്ട് വായുവിൽ തന്റെ ചിത്രം വരച്ച രോഹിത്തിനെ മലയാളികളുടെ പ്രിയതാരം മോഹൻലാൽ വിളിച്ചു അഭിനന്ദനമറിയിച്ചു. കഴിഞ്ഞ ദിവസമാണ് രോഹിത്തിന്റെ സഹോദരൻ രാഹുലിനെ മോഹൻലാൽ ഫോണിലൂടെ വിളിച്ചു തന്റെ അഭിനന്ദനമറിയിച്ചത്.

കല്ലുകൾ കൊണ്ട് വായുവിൽ ആറു സെക്കൻഡ് തെളിയുന്ന തന്റെ ചിത്രം വരച്ചതിനാണ് മോഹൻലാൽ രോഹിത്തിനെ അഭിനന്ദിച്ചത് സോഷ്യൽ മീഡിയയിൽ ഈ അത്ഭുതകരമായ കാര്യം കണ്ട് സുഹൃത്തുക്കൾ തന്നെ പലരും വിളിച്ചു പറഞ്ഞപ്പോഴാണ് കണ്ടതെന്നും മോഹൻലാൽ അറിയിച്ചു. താൻ ആയുർവ്വേദ ചികിത്സയിലായതിനാലാണ് വിളിക്കാൻ വൈകിയതെന്ന ക്ഷമാപണത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.

കണ്ണുരുകാരായ സഹോദരങ്ങളെ വൈകാതെ കാണാമെന്നും തന്റെ ചിത്രം പലരും നേരത്തെ വരച്ചിട്ടുണ്ടെങ്കിലും കല്ലുകൊണ്ട് വായുവിൽ ആറു സെക്കൻഡ് നീളുന്ന ദൃശ്യം അത്ഭുതകരമാണെന്നും മോഹൻലാൽ വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് രോഹിത്തിന്റെ അത്ഭുത കലാവിദ്യ ഈ 'മോഹൻലാൽ ചിത്ര'ത്തിന്റെ ആയുസ് വെറും 6 സെക്കൻഡ് മാത്രമാണ് കണ്ണടച്ചുപോയാൽ ആർക്കും കാണാനാകില്ലെന്നതാണ് ഇതിന്റെ സവിശേഷത.

പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ലു നിരത്തി വരച്ച മോഹൻലാൽ ചിത്രത്തിന്റെ ആയുസ് 6 സെക്കൻഡ് എന്ന അത്ഭുതകരമായ ടൈമിണ്ടിൽ തീർത്ത താണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊട്ടിയാകും.. സ്ളോ മോഷനിൽ വിഡിയോ ഷൂട്ടു ചെയ്താൽ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ.

ഡ്രോയിങ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഉയർത്തിയിടുകയാണ് ചെയ്യുന്നത്. മുറംകൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം ആറു സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു നിൽക്കും.

ഏറെക്കാലം നീണ്ട ശ്രമത്തിലൂടെയാണു രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ചു വിഡിയോയിലാക്കിയത്. ചെറുതായി ആംഗിൾ മാറിയാൽപോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾഭാഗത്തെ കല്ലുകൾ ആദ്യം ഉയരും.

സെക്കൻഡുകൾ വൈകിയാണു താഴെയുള്ള കല്ലുകൾ ഉയരുക. ഇതു കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയാണു വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാൽപ്പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. രോഹിതിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്.

പ്‌ളസ് ടു വിദ്യാർത്ഥിയായ രോഹിതിന്റെ സഹോദരൻ രാഹുലാണ് 'അപൂർവ ചിത്രം' വിഡിയോയിൽ ഷൂട്ടു ചെയ്തത്. പയ്യന്നൂർ കോറോം സ്വദേശിയായ ഇരുവരുടെയും ജാലവിദ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഇത് നേരിട്ട് കണ്ടാസ്വദിക്കാനും ഇവരുടെ കോറോത്തുള്ള വീട്ടിൽ ധാരാളം പേരെത്തുന്നുണ്ട്.