കൊച്ചി: അമ്മയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് ഇടപെടലുമായി മോഹൻലാലും. തന്റെ പാനലിലുള്ളവർക്ക് വോട്ട് അഭ്യർത്ഥി അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ രംഗത്തു വന്നു. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായി ഒരു സൂപ്പർതാരം വോട്ട് പിടിക്കുന്നത്. അമ്മയിൽ പാനലുകളില്ലെന്ന് മത്സര രംഗത്തുള്ള ചിലർ പറയുമ്പോഴാണ് മോഹൻലാലിന്റെ പരസ്യം ഇടപെടൽ. ഇതോടെ ലാലിന്റെ പാനൽ ഏതെന്ന് വ്യക്തമാകുകയാണ്.

അമ്മയിലേക്ക് ഞാനും ഇടവേള ബാബുവും ജയസൂര്യയും സിദ്ദിഖും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി രണ്ട് വൈസ് പ്രസിഡന്റുമാരേയും 11 എക്‌സിക്യൂട്ടീവ് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കേണ്ടത്. മുൻകാലങ്ങളിൽ ഉണ്ടായിരന്ന കമ്മറ്റിയിൽ നിന്നും വ്യത്യസ്ഥമായി 2 വൈസ് പ്രസിഡന്റുമാരും 5 എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ ഒരു മാറ്റമാണ്. ഇതനുസരിച്ച് മുമ്പുണ്ടായിരുന്ന ചില അംഗങ്ങൾ മുകേഷ്, ഗണേശ് കുമാർ, ജഗദീഷ് എന്നിവർ സ്വയം പിന്മാറി. പകരം പുതിയ ചില അംഗങ്ങൾ മുന്നോട്ട് വന്നു. ഇവരെ കൂടി ഉൾപ്പെടുത്തി പുതിയ പാനൽ സമർപ്പിക്കുന്നു-ഇതാണ് മോഹൻലാലിന്റെ വോട്ട് അഭ്യർത്ഥന.

ജയിപ്പിക്കേണ്ടവരുടെ ചിത്രം സഹിതം പോസ്റ്ററും ഉണ്ട്. ഇതോടെ ആരെയാണ് ജയിപ്പിക്കേണ്ടതെന്ന് അമ്മയുടെ പ്രസിഡന്റ് തന്നെ വിശദീകരിക്കുന്നു. ഫലത്തിൽ തിരുവനന്തപുരത്തെ മോഹൻലാലിന്റെ പഴയ കൂട്ടുകാരൻ മണിയൻ പിള്ള രാജുവിനെ തോൽപ്പിക്കണമെന്ന് പറയുകയാണ് മോഹൻലാൽ. എക്‌സിക്യൂട്ടീവിൽ ലാലിനേയും വിജയ് ബാബുവിനേയും നാസർ ലത്തീഫിനേയും തോൽപ്പിക്കണമെന്ന് പറഞ്ഞു വയ്ക്കുക കൂടിയാണ് മോഹൻലാൽ. മോഹൻലാലിന് ആദ്യമായി മെയ്‌ക് അപ്പ് ഇട്ട വ്യക്തിയാണ് മണിയൻപിള്ള രാജു. സ്‌കൂളിൽ പഠിക്കുമ്പോൾ മോഹൻലാലിന്റെ സീനിയറായിരുന്നു മണിയൻപിള്ള രാജു.

തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മോഹൻലാലിന് വേഷത്തിനായി മെയ്‌ക്ക് അപ്പ് ഇട്ടു നൽകിയത് മണിയൻപിള്ളയായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. അവിടേയും മണിയൻ പിള്ള രാജു ഉണ്ടായിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ച നടനാണ് മണിയൻ പിള്ള എന്നതാണ് വസ്തുത.

വേളൂർ കൃഷ്ണൻകുട്ടിയുടെ കമ്പ്യൂട്ടർ ബോയി.. ഇതായിരുന്നു സ്‌കൂളിൽ മോഹൻലാലിന്റെ ആദ്യ നാടകം. ഈ നാടകം മോഹൻലാലിനെ പഠിപ്പിച്ചതും മണിയൻ പിള്ള രാജുവാണ്. അന്ന് പത്താം ക്ലാസ് പഠനം കഴിഞ്ഞ് രാജു പുറത്തു വന്നിരുന്നു. അതുവരെ മോഡൽ സ്‌കൂളിലെ ബെസ്റ്റ് ആക്ടർ രാജുവായിരുന്നു. രാജു പുറത്തു പോയപ്പോൾ അത് മോഹൻലാലിന്റെ പേരിലാക്കിയത് രാജുവിന്റെ ഇടപെടലാണ്. എന്റ് ഗുരുതുല്യനാണ് മണിയൻ പിള്ള രാജുവെന്ന് അമൃതാ ടിവിയിലെ ലാൽ സലാം പരിപാടിയിൽ മോഹൻലാലും പറഞ്ഞിട്ടുണ്ട്. ഈ മെയ്‌ക്ക് അപ്പ് കഥയെ കുറിച്ച് മണിയൻപിള്ളയെ കൊണ്ട് ആ പരിപാടിയിൽ പറയിച്ചതും മോഹൻലാലാണ്. 'അമ്മ'യിൽ ജയമുറപ്പിക്കാൻ നോട്ടീസ് പ്രചരണവുമായി മണിയൻ പിള്ളരാജു രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ പ്രത്യക്ഷത്തിൽ രംഗത്തു വരുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയാണ് മണിയൻപിള്ളയുടെ മത്സരം. അമ്മയുടെ രൂപീകരണത്തിൽ എളിയ പങ്കു വഹിക്കാൻ കഴിഞ്ഞ ഒരു കലാകാരനാണ് ഞാൻ. ലൈഫ് മെമ്പർഷിപ്പ് നമ്പർ മൂന്നും. അമ്മ സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നും ഇതുവരെ ഞാൻ മാറി നിന്നിട്ടില്ല-ഇതാണ് മണിയൻ പിള്ളയുടെ പ്രചരണത്തിലെ പ്രധാന പോയിന്റ്. ആരേയും വ്യക്തിപരമായി മണിയൻ പിള്ള ആക്ഷേപിക്കുന്നില്ല. മത്സരത്തിലെ മാന്യത അവസാന വട്ടം വരെ നിലനിർത്താനാണ് വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് പോലും മണിയൻ പിള്ള മറുപടി പറയാൻ ഈ ഘട്ടത്തിൽ വിമുഖത കാട്ടുന്നത്.

അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള കർമ പരിപാടികളിൽ ഭാവിയിലും ഞാൻ മുന്നിലുണ്ടാകും. ചില ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാൻ എനിക്ക് അതിയായ ആഗ്രമുണ്ട്. ആ സ്വപ്ന സാക്ഷാത്കാരത്തിനും അമ്മയുടെ കെട്ടുറപ്പിനും വേണ്ടിയുള്ളതാണ് എന്റെ സ്ഥാനാർത്ഥിത്വം. വൈസ് പ്രസിഡന്റായി എന്നെ ജയിപ്പിക്കണം-ഇതാണ് മണിയൻപിള്ളയുടെ നിലപാട് വിശദീകരണം. മണിയൻപിള്ളയുടെ സാന്നിധ്യം അമ്മയിലെ പോരാട്ടം അതിശക്തമാക്കുകയാണ്. മണിയൻ പിള്ളയ്ക്കൊപ്പം എക്സിക്യൂട്ടീവിലേക്ക് ഔദ്യോഗിക പാനലിനെതിരെ നാസർ ലത്തീഫും മത്സരിക്കുന്നു. നടനും സംവിധായകനുമായ ലാലും പ്രചരണത്തിലുണ്ട്. ലാലും മണിയൻപിള്ള രാജുവും ഔദ്യോഗിക പക്ഷത്തിന് ശക്തമായ വെല്ലുവിളിയാണ്.

ഔദ്യോഗിക പാനലിനെ മണിയൻപിള്ള രാജു തോൽപ്പിച്ചാൽ അത് മോഹൻലാലിന് വലിയ തിരിച്ചടിയാകും. ഇതൊഴിവാക്കാനാണ് തിരക്കിട്ടെ പ്രചരണങ്ങൾ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മണിയൻപിള്ളയുടെ സ്വീകാര്യത ഈ ശ്രമങ്ങളെ തോൽപ്പിക്കുമെന്ന ആശങ്ക ലാൽ ക്യാമ്പിലുണ്ട്. എക്സിക്യൂട്ടീവിലേക്കും മത്സരമുണ്ട്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതിൽ നടനും സംവിധായകനുമായ ലാലിന്റെ സ്ഥാനാർത്ഥിത്വമാണ് ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി. ലാലും നസാർ ലത്തീഫും വിജയ് ബാബുവുമാണ് ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നവർ.

ഇതിൽ ഹണി റോസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്ന് ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള ഏവരേയും ഞെട്ടിച്ച് മത്സര രംഗത്ത് തുടരുകയായിരുന്നു.