ദ്യപാനം തൊട്ട് ചിതക്ക് തീക്കൊളുത്തുമ്പോൾ വരെ മലയാളി മോഹൻലാലിനെ അനുകരിക്കാറുണ്ടോയെന്ന് സംശയമുണ്ടെന്ന് സാക്ഷൽ വി.കെ.എൻ ഒരിക്കൽ ചോദിച്ചിരുന്നു. അതാണ് ശരിക്കും ലാലിസം. സമാനകൾ ഇല്ലാത്ത ഭാവാഭിനയം. ചമ്മലിലും, പ്രണയത്തിലും, ഹാസ്യ-ശൃംഗാരത്തിലുമൊക്കെ നമ്മെ കൊതിപ്പിച്ച, ഇനിയും ഖനനം ചെയ്യാൻ ഒരുപാടുണ്ടെന്ന് തോന്നിപ്പിച്ചിരുന്നു ആ മുഖം നിർവികാരമാവുകയാണോ? മരക്കാർ കണ്ടിറങ്ങിയ പ്രേക്ഷകരുടെ സംശയം ഇപ്പോൾ സോഷ്യൽ മീഡിയയിലും ഉയരുകയാണ്.

96-97 കാലഘട്ടത്തിലാണ് ലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് നേരിട്ടത്. 1996 ഓണക്കാലത്താണ്, ബാഷ എന്ന രജനീകാന്ത് സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ദി പ്രിൻസ്' എന്ന സിനിമ വൻ ഹൈപ്പോടെ റിലീസ് ആയത്. പക്ഷേ പടം കണ്ട ഫാൻസുകാർപോലും കൂവുകയായിരുന്നു. മോഹൻലാലിന്റെ ശബ്ദം ചിത്രത്തിൽ വല്ലാതെ മാറിയതാണ് ആരാധകരെ ഞെട്ടിച്ചത്. ഇതോടെ ഈ മഹാനടന്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി. ഒപ്പം ലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു. പക്ഷേ അന്ന് സത്യത്തിൽ ലാലിന്റെ തൊണ്ടക്ക് ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പ്രിൻസ് സിനിമയിലെ സൗണ്ട് മിക്സിങ്ങിലെ പ്രശ്നമാണെന്നാണ് പിന്നീട് മോഹൻലാൽ വ്യക്തമാക്കിയത്.ഈ ചിത്രത്തിൽ ബാക്കിയെല്ലാവരും പുറത്തുനിന്നുള്ളവരാണ്. പ്രകാശ് രാജ്, ഗിരീഷ് കർണാട് തുടങ്ങിയവർ. അവർക്കുവേണ്ടി വോയസ് ബാലൻസ് ചെയ്തപ്പോൾ പറ്റിയതാണ് അത്. തമിഴ് ആൾക്കാർ ആരോ ആണ് മിക്സ്് ചെയ്തത്. അവർക്ക് നമ്മുടെ വോയ്സിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറ്റിയതാണെന്നാണ് ഇതുസംബന്ധിച്ച് മോഹൻലാൽ പറഞ്ഞത്.

എന്നാൽ കാൽനൂറ്റാണ്ടിനുശേഷം ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ ഭാവമാറ്റം സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ കാട്ടുതീപോലെ പടരുകയാണ്. ശ്രീകുമാരമേനോന്റെ 'ഒടിയനു'വേണ്ടി ചെറുപ്പം തോന്നിക്കാനും, മുഖത്ത് ചുളിവുകൾ മായാൻ വേണ്ടിയും എടുത്ത ബോട്ടോക്സ് എന്ന ഇഞ്ചക്ഷൻ മോഹൻലാലിന്റെ മുഖത്തെ വികാരരഹിതവമാക്കിയെന്നാണ് പറയുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയിൽ പലയിടത്തും ലാലിന്റെ അഭിനയം ദയനീയമായിരുന്നെന്ന് ഫാൻസുകാർ തന്നെ സമ്മതിക്കുന്നതാണ്. ഇത് ബോട്ടോക്സ് കുത്തിവെപ്പിന്റെ പാർശ്വഫലം വഴി പേശികൾക്കുണ്ടായ തകരാറ് ആണെന്നാണ് പ്രചാരണം.

മുഖത്തെ ചുളിവുകൾ മാറാൻ ഉപയോഗിക്കുന്ന ഒരു ചികിത്സയാണ് ബോട്ടോക്സ് ഇൻജെക്ഷൻ. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ വിഷം, നേർപ്പിച്ച് മുഖത്തെ മാംസപേശികളിൽ കുത്തിവച്ച് അവയെ തളർത്തിക്കളയുകയാണ് ഇതിൽ ചെയ്യുന്നത്. ഇതോടെ പ്രായാധിക്യം അറിയാത്ത ചുളിവുകളില്ലാത്ത ചെറുപ്പമായ മുഖം ഉണ്ടാവും. പക്ഷേ എല്ലാവരിലും ഒരുപോലെ ബോട്ടോക്സ് ഇഞ്ചക്ക്ഷൻ വിജയിച്ചുവന്ന് വരില്ല. നിരവധി ഭാവങ്ങൾ വിടരേണ്ട മുഖത്ത് പേശികൾ വിടരാതെ അത് ഏകഭാവത്തിലേക്ക് മാറാനും ഇടയുണ്ട് എന്നതാണ് ഈ ഇഞ്ചക്ഷന്റെ പാർശ്വഫലം. ഭാവാഭിനയം കൊണ്ട് ചലച്ചിത്രപ്രേമികളെ അമ്പരിപ്പിച്ച ലാലിന്റെ മുഖത്ത് മരക്കാർ സിനിമയിൽ കണ്ട നിർവ്വികാരത ബോട്ടോക്സ് ഇഞ്ചക്ഷൻ പാളിയതിന്റെ സൂചനയാണെന്നാണ് ചില ശാസ്ത്രലേഖകരും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. ഇവ ചർച്ചയായതോടെ ഇനി മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങൾ വിരിയില്ല എന്ന ആശങ്കയും ആരാധകർക്കിടയിൽ പടരുകയാണ്.

ശ്രീദേവിയിൽ തുടങ്ങിയ സൗന്ദര്യപരീക്ഷണങ്ങൾ

ഇന്ന് കോടികളുടെ വിപണിയുള്ള മേഖലയാണ് താരങ്ങളുടെ പ്രായം കുറക്കലും മുഖസൗന്ദര്യവർധനയും. ദക്ഷിണേന്ത്യയിൽനിന്നും ബോളിവുഡിൽ എത്തിയപ്പോൾ ശ്രീദേവി നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു, ദ്രാവിഡ ലക്ഷണങ്ങളോടു കൂടിയ മുഖം. ഇതിൽനിന്നു മാറാൻ വേണ്ടിയാണ് ശ്രീദേവി ആദ്യമായി പ്ലാസ്റ്റിക് സർജറിക്കു വിധേയയായത്. ഓവൽ ഷെയ്പ് ആണ് സ്ത്രീമുഖത്തിന്റെ മാതൃകാരൂപം എന്നാണു പൊതുധാരണ. ശ്രീദേവിയുടെ വൻ വിജയം ആയതോടെയാണ് ഇത്തരം വിലകൂടിയ പരീക്ഷണങ്ങൾ ഇന്ത്യൻ സിനിമാ മേഖലയിൽ സജീവമായത്. തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാർ പലരും ഇത്തരം ചികിൽസകൾക്കു വിധേയരായാണ് മറുനാട്ടിൽ സ്റ്റാർ വാല്യു കണ്ടെത്തിയത്.

മുഖത്തിന്റെ ഓവൽ ഷെയ്പ് നിലനിർത്താൻ താടിയുടെ മസിലുകളിൽ ബോട്ടോക്സ് ഇൻജെക്ഷൻ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. താടിയിലെ കൊഴുപ്പും എടുത്തു കളയാം. ത്രെഡ് ലിഫറ്റ്, ബോട്ടോക്സ് എന്നിവ നോൺസർജിക്കൽ ആയി മുഖത്തിന്റെ ആകൃതി മാറ്റാൻ സഹായിക്കുന്നു. ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും മാറ്റാം. ഫുള്ളർ ലിപ്സ് ചെയ്യുക എന്നാണിതിന് പറയുക.ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും പ്രധാനമാണ്. ഫുള്ളർ ലിപ്സ് ആക്കുക എന്നാണിതിന് പറയുക. കീഴ്ചുണ്ടിന്റെ തുടിപ്പ് ഫില്ലർ ഇൻജെക്ഷൻ ഉപയോഗിച്ച് വർധിപ്പിക്കും. അനുഷ്‌ക ശർമയൊക്കെ ചെയ്തതു പോലെ ചുണ്ടുകളുടെ ആകൃതി മാറ്റുന്ന ശസ്ത്രക്രിയ ചെയ്യുന്നവരും കുറവല്ല. വട്ടച്ചുണ്ടുകൾ ഒഴിവാക്കി ലിപ്ലൈനിനു നീളം കൂട്ടിയവരും മലയാളത്തിൽനിന്നു മറുനാട്ടിലേക്കു ചേക്കേറിയവർക്ക് ഇടയിലുണ്ട്.

പ്രിയങ്ക ചോപ്രയെ കത്രീന കൈഫിനെ ഐശ്വര്യ റായിയെ. അങ്ങനെയൊത്തിരി. ഇവരെല്ലാം പ്ലാസ്റ്റിക് സർജറിയിലൂടെ സൗന്ദര്യം വർധിപ്പിച്ചവരാണ്.കലിഫോർണിയ സർവകലാശാല പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം മൂക്ക് ശസ്ത്രക്രിയ (റൈനോപ്ലാസ്റ്റി)ക്ക് വിധേയമാക്കുന്നത് ഒരു സ്ത്രീയെ മൂന്ന് വയസ്സുവരെ ചെറുപ്പമാക്കുമത്രെ. കേൾക്കുമ്പോൾ കൊള്ളാമെങ്കിലും എല്ലായിപ്പോഴും ഇത് വിജയിക്കണമെന്നില്ല. ചുണ്ട്, സ്തന ശസ്ത്രക്രിയകൾക്ക് പിന്നാലെ ഏറ്റവും പ്രചാരമുള്ളതാണ് റൈനോപ്ലാസ്റ്റി.

മൂക്കിലെ അസ്ഥിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി രൂപമാറ്റം സൃഷ്ടിക്കുകയാണ് റൈനോപ്ലാസ്റ്റിയിലൂടെ ചെയ്യുന്നത്. ബോളിവുഡ് നടിമാരിൽ അമ്പത് ശതമാനം പേരും ഇത്തരത്തിൽ ശസ്ത്രക്രിയക്ക് വിധേയരായവരാണ്. ശ്രീദേവി, ശിൽപ്പ ഷെട്ടി, ഐശ്വര്യ റായ്, അദിതി റാവു ഹൈദരി, കത്രീന കൈഫ് എന്നിവരെല്ലാം ഈ പട്ടികയിൽ പെടും. കണ്ണും മൂക്കുമാണ് മുഖ സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന് പറയാറുണ്ട്. അതിനാൽ തന്നെ റൈനോപ്ലാസ്റ്റിക്ക് ശേഷം അതിസുന്ദരികളായവർ ഏറെ. അതേസമയം സൗന്ദര്യം കൂട്ടാൻ മൂക്കത്ത് കത്തി വച്ച ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങിയവരുമുണ്ട്. ആദ്യ പ്ലാസ്റ്റിക്ക് സർജറി വിജയിച്ചെങ്കിലു ശ്രീദേവിയുടെ രണ്ടാമത്തെ മുക്ക് ശസ്ത്രക്രിയ അമ്പേ പാളി. പ്രകൃതിദത്ത സൗന്ദര്യം നശിപ്പിച്ചുവെന്നാണ് ഇതേക്കുറിച്ച് വിമർശനങ്ങൾ വന്നത്. വിദേശ രാജ്യങ്ങളിൽ സർവസാധാരണമായി സ്ത്രീകൾ റൈനോപ്ലാസ്റ്റിക്ക് വിധേയരാകാറുണ്ട്. പതിനാറ് വയസ്സുമുതൽ 72 വയസ്സ് വരെയുള്ളവർ ഇതിൽ പെടും. മുഖം മാറ്റാൻ പ്രായം ഒരു ഘടകമല്ലെന്ന് വേണമെങ്കിൽ പറയാം. അൽപ്പം ധൈര്യമുള്ള ആർക്കും ചെയ്യാവുന്നതാണ് റൈനോപ്ലാസ്റ്റി. ധൈര്യത്തിനൊപ്പം കൈയിൽ പണവും കരുതണം. ഇന്ത്യയിൽ ഈ ശസ്ത്രക്രിയക്ക് 40, 000 മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ചെലവ്.

സ്മൈൽ കറക്ഷനാണ് അധികം പേരും സാധാരണയായി ചെയ്യുന്ന ഒരു മറ്റൊരു സൗന്ദര്യവർധക രീതി. മോണ കാണുന്ന രീതിയിൽ ചിരിക്കുന്ന 'ഗമ്മി സ്മൈൽ' ഒഴിവാക്കുന്നു. കജോലിനെപ്പോലെ ഗമ്മി സ്മൈൽ മുഖമുദ്രയാക്കിയവർ ഇന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ചപ്പോഴും മോണകാട്ടിച്ചിരിക്കു മാർക്കറ്റുണ്ടായില്ല. ബോട്ടോക്സ് ഇൻജെക്ഷൻ വഴി കോസ്മറ്റോളജിസ്റ്റുകളും മോണയുടെയും പല്ലിന്റെയും ആകൃതി മാറ്റുക വഴി ഡെന്റിസ്റ്റുകളും സ്മൈൽ കറക്ഷൻ നടത്താറുണ്ട്. പല്ലുകളുടെ അലൈന്മെന്റും സ്പേസിങ്ങും തിരുത്തുക, ചുണ്ടുകൾ കൂട്ടിപ്പിടിക്കുമ്പോൾ മേൽനിരപ്പല്ലുകളുടെ പൊന്തലും താഴ്നിരയുമായുള്ള അകലവും കൃത്യമാക്കുക എന്നിവയും സ്മൈൽ കറക്ഷനിൽപ്പെടും.

ഇങ്ങനെ നടിമാരിൽ സൗന്ദര്യവർധക സംഭവങ്ങൾ വിജയിച്ചതോടെയാണ് ഇത് നടന്മാരിലേക്കും പടുരുന്നത്. ഇന്ന് നല്ലൊരു വിഭാഗം നടന്മാരും ഇത്തരം രീതികൾ പിന്തുടരുന്നുണ്ട്. ഇങ്ങനെ കോടികളുടെ വൻ വ്യവസായമാണ് ഇന്നൈത്ത കോസ്മറ്റോളജി.ഇത്തരം കോസ്മെറ്റോളജി ടെക്ക്നിക്കുകളിൽ ഇന്ന് പ്രധാനപ്പെട്ട ഒന്നാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. പക്ഷേ അതിൽ ഒരു പ്രശ്നവും ഉണ്ട്. തെറ്റിയാൽ പണി പാളും.

പണി കിട്ടിയരിൽ ഖുശുബ് തൊട്ട് നിരവധിപേർ

ബോട്ടോകസ് ഇഞ്ചക്ഷൻ മൂലം മുഖം മോശമായിപ്പോയ നടി ഖുശ്‌ബുവിന്റെ ഉദാഹരണമാണ് പലരും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നത്. മൂക്കിന്റെ ഇരുവശത്തെ ചുളിവുകൾ മാറ്റാൻ ബോട്ടോക്സ് കുത്തിവെക്കുമ്പോൾ മേൽചുണ്ട് ഒരു കർട്ടൻ പോലെ താഴേക്ക് നീങ്ങുന്നു.ഖുശുബുവിന്റെ ഇപ്പോഴത്തേ മുഖം ശ്രദ്ധിച്ചാൽ ഈ പറഞ്ഞ കാര്യം ബോധ്യപ്പെടും. അതുപോലെ നിരവധി ബോളിവുഡ് നടീ നടന്മാരും ബോട്ടോക്സിന്റെ കുരുക്കിൽ പെട്ടിട്ടുണ്ട്. പുരുഷന്മാരിൽ ഇതിന്റെ ഇമ്പാക്റ്റ് താങ്ങേണ്ടി വരുന്നത് താടിക്കാണ്. മടക്കുകൾ വീഴുന്ന മുഖം മറയ്ക്കാനാണ് പലരും ഇപ്പോൾ താടി വളർത്തുന്നത്. ലാൽ മാത്രമല്ല മമ്മൂട്ടിയും താടിവളർത്താരുണ്ട്. മമ്മൂട്ടിയൊക്കെ ക്ളോസ് അപ്പ് വരുന്ന സീനുകളിൽ പ്രായം അറിയാതിരിക്കാൻ പരമാവധി അഡ്ജസ്റ്റ് ചെയ്താണ് നിൽക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തെ മമ്മൂട്ടി സിനിമകൾ കണ്ടാൽ ഇത് നമുക്ക് ബോധ്യമാവുകയും ചെയ്യും.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സുധീഷ് സുധാകരൻ ഇങ്ങനെ എഴുതുന്നു
''ഒടിയനുവേണ്ടി കുത്തിവെപ്പിച്ച ബോട്ടോക്സ് മോഹൻലാൽ എന്ന നടന് വലിയ ഡാമേജുണ്ടാക്കിയിട്ടുണ്ട്. മുഖത്തെ പലപേശികളും ഉദ്ദേശിക്കുന്ന രീതിയില്ല പ്രവർത്തിക്കുന്നത്. (ഇത് നന്നായി ഉപയോഗിച്ചയാൾ പൃഥ്വിരാജ് ആണ്. ലൂസിഫറിലെ കഥാപാത്രത്തിന്റെ പ്രത്യേകത തന്നെ മുഖത്ത് ഒറ്റ എക്സ്പ്രഷൻ മതിയായിരുന്നു എന്നതാണല്ലോ...) നിലവിൽ പ്രവർത്തിക്കുന്ന പേശികൾ ഉപയോഗിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അഭിനയിക്കാം എന്ന് പഠിക്കുന്നതിനായി ഏതെങ്കിലും പച്ചാളം ഭാസിയുടെ അടുത്ത് ട്രെയിനിങിന് പോകുന്നത് നന്നാകും... ഈ ദയനീയ അവസ്ഥയിൽ കടുത്ത കഥാപാത്രങ്ങളൊക്കെ എടുത്ത് തലയിൽ വെച്ച് ഉള്ള ഫാൻസിനെക്കൂടി വെറുപ്പിക്കാതിരിക്കുന്നതാണ് ലാലിന് നല്ലത്. അങ്ങേരുടെ ഗ്ലോറിയസ് പാസ്റ്റിന്റെ ഗുണം പോലും അതില്ലാതാക്കും.''

ശാസ്ത്രലേഖകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''അൺകാനി വാലി (അരോചക താഴ്‌വര) എന്നൊരു സംഭവമുണ്ട്. അതായത് മനുഷ്യരുടെ മുഖം വളരെ ചെറിയ തോതിൽ ഒരു നോർമൽ മുഖത്തിൽ നിന്ന് വ്യതാസപ്പെട്ടാൽ അരോചകത്വം തോന്നും. അതായത് മനുഷ്യനെപ്പോലെ തോന്നിക്കുന്ന, എന്നാൽ പൂർണ്ണമായും മനുഷ്യനായി തോന്നാത്ത കാർട്ടൂൺ, അനിമേഷൻ ചിത്രങ്ങളോ, മനുഷ്യനെപ്പോലെ ചലിക്കുന്ന റോബോട്ടുകളോ കാഴ്ചക്കാരിൽ പ്രശ്നമുണ്ടാക്കില്ല. എന്നാൽ ഈ സാമ്യത നൂറു ശതമാനത്തോട് അടുക്കുമ്പോൾ പ്രശ്‌നം തുടങ്ങും. ഒരു 95 ഓ, എന്തിന് ഒരു 99 ശതമാനം മാത്രമേ സാമ്യം ഉള്ളൂ എങ്കിൽ പോലും നമുക്ക് പ്രശ്നമില്ല. എന്നാൽ അതിൽ കൂടുതൽ സാമ്യം ഉണ്ടു താനും എന്നാൽ നൂറു ശതമാനം എത്തിയുമില്ല എങ്കിൽ അത് അരോചകമായി തോന്നും.

കമ്പ്യൂട്ടർ ജനറേറ്റഡ് മുഖങ്ങൾ, മനുഷ്യരുടെ മെഴുകു പ്രതിമകൾ, മുഖത്തിന്റെ പ്ലാസ്റ്റിക്ക് സർജ്ജറി, മെയ്ക്കപ്പ് ഇവിടെയൊക്കെ ഈ അരോചക താഴ്‌വരയുടെ പ്രഭാവം കാണാം. മനുഷ്യരുടെ നല്ല ഭംഗിയുള്ള പ്രതിമകൾ നമ്മൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. എന്നാൽ മെഴുകു പ്രതിമകൾ അരോചകത്വം തോന്നാത്തവ കുറവാണ്. കാരണം ഇതുതന്നെ. സാധാരണ ഒരു പ്രതിമ ഒറിജിനലുമായി നൂറു ശതമാനം സാമ്യമുള്ളതല്ല. എന്നാൽ ഒരു മെഴുകു പ്രതിമ രൂപത്തിൽ മാത്രമല്ല, തൊലിയുടെ നിറം, ടെക്സ്ചർ മുതലായവയിലും ഒറിജിനലുമായി നമ്മുടെ തലച്ചോർ താരതമ്യം ചെയ്യും. അത് അരോചക താഴ്‌വരയിൽ വീണു പോകുകയും ചെയ്യും.

മൈക്കൽ ആഞ്ചലോയുടെ ഡേവിഡ് വളരെ മനോഹരമായൊരു ശിൽപ്പമാണെന്നതിനു സംശയമില്ലല്ലോ. എന്നാൽ അതിന് ശരിക്കും ഒരു മനുഷ്യനെപ്പോലെയാക്കാൻ കളർ കൊടുത്താൽ അത് അരോചകമാകും. ഒരു മാർബിൾ പ്രതിമയെ നൂറു ശതമാനമായി നമ്മുടെ മസ്തിഷ്‌കം കണക്കാക്കുന്നില്ലാത്തതുകൊണ്ടാണ് ഒറിജിനൽ ഡേവിഡ് മനോഹരമാകുന്നതും അതിനെ പെയിന്റ് ചെയ്ത് നൂറു ശതമാനം മനുഷ്യ സാദൃശ്യം ഉണ്ടാക്കാൻ പോയാൽ അത് അരോചകവുമാകുന്നത്.

അനിമേഷനിൽ ഒരു ഉദാഹരണം രജനിയുടെ 'കൊച്ചടിയാൻ' എന്ന ചിത്രമാണ്. രജനിയുടെ മുഖഭാവവും അപ്പിയറൻസും അരോചകമായിരുന്നു. ആ കാരണം കൊണ്ടുതന്നെ പടം പൊളിയും എന്ന് ഞാൻ പ്രവചിച്ചിരുന്നു. ഇപ്പോൾ കമ്പ്യൂട്ടർ ജനറേറ്റഡ് മുഖങ്ങൾ പണ്ടത്തേക്കാൾ കുറെയൊക്കെ അരോചക താഴ്‌വര താണ്ടിക്കഴിഞ്ഞു എന്നു പറയാം.വിശേഷിച്ചും അവതാർ എന്ന സിനിമ വലിയൊരു കാൽവയ്‌പ്പായിരുന്നു.(അതിൽ പക്ഷെ കമ്പ്യൂട്ടർ ജനറേറ്റഡ് മുഖങ്ങൾ ശരിക്കും മനുഷ്യരല്ല, ഏതാണ്ട് അതേപോലുള്ള അന്യഗ്രഹ ജീവികളാണ് എന്നതുകൊണ്ടു കൂടിയാണ് അരോചകത്വം തോന്നാത്തത്.) ഫാസ്റ് ആൻഡ് ദി ഫ്യൂരിയസ് 7 ൽ പോൾ വാക്കറുടെ സി.ജി മുഖം കുറച്ചൊക്കെ അരോചകം തന്നെയാണ്.

അരോചക താഴ്‌വരയുടെ ഒരു ജീവിക്കുന്ന ഉദാഹരണമാണ് മോഹൻലാലിന്റെ ഇപ്പോഴത്തെ മുഖം. ബോട്ടോക്സിന്റെ ഫലം. മുഖത്തെ ചുളിവുകൾ മാറാൻ എന്ന പേരിൽ ഉപയോഗിക്കുന്ന ഒരു ചികിത്സയാണ് ബോട്ടോക്സ് ഇൻജെക്ഷൻ. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ വിഷം ഞരമ്പുകളെ തളർത്തിയാണ് മരണകാരണമാകുക. ഈ ബോട്ടുളിനം വിഷം അത് നേർപ്പിച്ച് മുഖത്തെ മാംസപേശികളിൽ കുത്തിവച്ച് അവയെ തളർത്തിക്കളയുക. ഫലം ചുളിലുകളില്ലാത്ത ചെറുപ്പമായ മുഖം. (എന്ന് സങ്കല്പം. )

മൂക്കിന്റെ വശങ്ങളിലുള്ള ചുളിവുകൾ മാറാൻ അവിടെ ബോട്ടോക്സ് കുത്തി വയ്ക്കുമ്പോൾ മേൽചുണ്ട് ഒരു കർട്ടൻ പോലെ താഴോട്ടു തൂങ്ങുന്നു.സാധാരണ പുഞ്ചിരിക്കുമ്പോൾ ചുണ്ടുകളുടെ അറ്റം അൽപ്പം മേലോട്ട് ഉയരും ഇവിടെ ബോട്ടോക്സ് വച്ച് തളർത്തിയ മാംസപേശികൾ അനങ്ങില്ല. ഫലം...ഇപ്പോളത്തെ ലുക്ക്.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയായതുകൊണ്ട് മുഖത്തുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങൾ പോലും കണ്ടു പിടിക്കാനാകുന്ന തരത്തിൽ നമ്മുടെ മസ്തിഷ്‌കം പരിണമിച്ചത്. അതാണ് നമ്മളെ അരോചക താഴ്‌വരയിൽ ചാടിക്കുന്നതും.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്താണ് ബോട്ടോക്സ് ഇഞ്ചക്ഷൻ

ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകൾ കോച്ചിപ്പിടിക്കുന്ന അവസ്ഥ, നാഡികളുടെ പ്രവർത്തനത്തിലുള്ള അപാകതകൾ മൂലം ഉണ്ടാകുന്ന ചില വേദനകൾ (ന്യൂറോപ്പതിക് പെയിൻ), കോങ്കണ്ണ്, അമിതവിയർപ്പ്, ചിലതരം മൈഗ്രെയ്ൻ, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കിൽ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാർക്കിൻസൺ രോഗം പോലത്തെ അവസ്ഥകളിൽ സദാ തുപ്പൽ ഒലിച്ചുകൊണ്ടിരിക്കുക എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിൻ ഇഞ്ചകൻ. ഇന്ന് ഹിന്ദിയിൽ ഉൾപ്പെടുയുള്ള താരങ്ങൾ എടുക്കുന്ന സൗന്ദര്യവർധന ഇഞ്ചക്ഷനാണിത്. മിയ ഖലീഫ എന്ന നടി ഈയിടെ തന്റെ അമിതമായ വിയർപ്പ് ഒഴിവാക്കാനായി കക്ഷത്തിൽ ഈ ഇഞ്ചക്ഷൻ എടുത്തിരുന്നു

മനുഷ്യന് അറിവുള്ളതിൽ വെച്ചേറ്റവും അപകടകരമായ ഒരു വിഷമാണ് ക്ളോസ്ട്രീഡിയം ബോട്ടുലിനം എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ബോട്ടുലിനം ടോക്സിൻ. ടിന്നിൽ അടച്ച ഭക്ഷണപദാർത്ഥങ്ങൾ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയിൽ ഈ ബാക്ടീരിയ വളരാം. പണ്ടുകാലങ്ങളിൽ നാവികരുടെയിടയിൽ ധാരാളമായി ഇത് മൂലമുള്ള മരണങ്ങൾ സംഭവിക്കാറുമുണ്ടായിരുന്നു. വൃത്തിഹീനമായ രീതിയിൽ ടിന്നിൽ അടച്ച ഇറച്ചിയിലും മറ്റു ഭക്ഷണങ്ങളും വേണ്ടരീതിയിൽ ശീതീകരണമില്ലാതെ വളരെയേറെ നാളുകൾ സൂക്ഷിക്കുന്ന രീതിയാണ് നാവികർക്ക് വിനയായത്. കടലിൽ വെച്ച് ബോട്ടുലിസം വന്നാൽ മരണമല്ലാതെ വേറെ നിവൃത്തിയൊന്നുമിലായിരുന്നു.

നമ്മുടെ പേശികൾ പ്രവർത്തിക്കുന്നത് അവയിലേക്ക് തലച്ചോറിൽ നിന്നും നാഡികളിലൂടെ സിഗ്നലുകൾ വരുമ്പോഴാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഈ സിഗ്നലുകൾ ഒരു ഇലക്ട്രിക്കൽ കറന്റ് ആണ്. ഈ കറന്റ് നാഡിയിൽ നിന്നും പേശികളിലേക്ക് പാസ് ചെയ്യാൻ വേണ്ടി നാഡീ - പേശീ ജംഗ്ഷനിൽവെച്ച് നാഡികളുടെ അഗ്രഭാഗത്തുള്ള ചില കുമിളകളിൽ ശേഖരിച്ചിരിക്കുന്ന അസറ്റയിൽ കോളിൻ എന്നൊരു കെമിക്കൽ റിലീസ് ചെയ്യപ്പെടും. ഇത് പേശികളിലെ കോശഭിത്തികളിൽ അയോണുകളുടെ ചാലകതയിൽ (മൂവ്മെന്റിൽ) വരുത്തുന്ന വ്യത്യാസങ്ങൾ മൂലം ഒരു ഇലക്ട്രിക്കൽ കറന്റ് ഉണ്ടാകുന്നു, പേശികൾ സങ്കോചിക്കുന്നു, അഥവാ പ്രവർത്തിക്കുന്നു. ബോട്ടുലിനം ടോക്സിൻ നാഡികളുടെ അഗ്രഭാഗത്തുള്ള കുമിളകളിൽ നിന്ന് അസറ്റൈൽ കോളിൻ റിലീസ് ചെയ്യപ്പെടുന്നത് തടയും. തന്മൂലം പേശികളിലേക്ക് സിഗ്നലുകൾ എത്താതിരിക്കുകയും അവ പ്രവർത്തിക്കാതെയുമാകുന്നു. മനുഷ്യന്റെ ജീവസന്ധാരണത്തിന് അവശ്യം വേണ്ടുന്ന പ്രവർത്തിയായ ശ്വാസോഛ്വാസം നടക്കാൻ നെഞ്ചിൻ കൂടിന് ചുറ്റുമുള്ള പേശികളും വയറും നെഞ്ചും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രം എന്ന പേശിയും സദാ പ്രവർത്തിക്കണം. ബോട്ടുലിസം ബാധിച്ച വ്യക്തികളിൽ ശ്വാസോഛ്വാസം നടക്കാതാവുകയും അവർ മരിക്കുകയും ചെയ്യുന്നു.

ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. അതായത് പേശികളെ തളർത്താനുള്ള വിഷത്തിന്റെ കഴിവ് നേർപ്പിച്ച് ഉപയോഗിച്ച് ചുളിവ് തടയുന്നു.

അവസാനം പച്ചാളം ഭാസി സ്റ്റെൽ ആവുമോ?

2018ൽ ഇറങ്ങിയ ഒടിയനിലെ മോഹൻലാലിന്റെ ചുള്ളൻ ലുക്ക്കണ്ട് ഏവരും അമ്പരന്നിരുന്നു. ഒടിയൻ ലുക്കിൽ കൊച്ചിയിലെത്തിയ താരത്തെ കണ്ട് ആരാധകർ ആരവം മുഴക്കി. ശരീരത്തിന്റെ വണ്ണം കുറച്ച് സ്ലിം ആയി, മീശയും താടിയും കളഞ്ഞ്, കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ താരത്തിന്റെ ചിത്രം നോക്കി, 'ഇത് ഞങ്ങളുടെ ലാലേട്ടനല്ല, ഞങ്ങളുടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് ' പറഞ്ഞവർ പോലുമുണ്ടെന്നാണ് തമാശ. അന്ന് സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങ് ബോട്ടേക്സ് ഇൻജെക്ഷനും ലാലിന്റെ പുതിയ ലുക്കുമായിരുന്നു. പക്ഷേ അക്കാലത്തുതന്നെ അതിന്റെ അപകട സാധ്യതകും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇൻഫോക്ലിനിക്കിൽ ഈ മേഖലയിലെ വിദഗ്ധനായ ഡോ കുഞ്ഞാലിക്കുട്ടിന്റെ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. ''ഇത് മുഖത്തെ ചുളിവുകൾ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകൾ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകൾ കൂർപ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികൾ പ്രവർത്തിക്കുമ്പോൾ ചർമ്മത്തിൽ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്സിൻ ഈ പേശികളിൽ കുത്തിവച്ചാൽ അവ പ്രവർത്തിക്കാതാകുന്നത് മൂലം ചുളിവുകൾ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകൾ സ്ഥായിയായ ഫലം നൽകുന്നില്ല, കുറച്ചു മാസങ്ങൾ കഴിയുമ്പോൾ വീണ്ടും ആവർത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോൾ, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്പോൾ കാണുന്നവർക്ക് പശു ചാണകമിടുമ്പോഴുള്ള ഭാവം ഓർമ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങൾ ആവും പിന്നെ മുഖത്ത് വരിക. ''- മൂന്നവർഷം മുമ്പ് ഒടിയൻ ഇറങ്ങിയ സമയാണ് ഡോ കുഞ്ഞാലിക്കുട്ടി ഈ ലേഖനം എഴുതിയത്. അതിൽ അദ്ദേഹം പറഞ്ഞതുപോലുള്ളതാണോ ഇപ്പോൾ ലാലിൽ സംഭവിക്കുന്നത് എന്നാണ് സംശയം. മരക്കാറിലെ നിർവികാര മുഖം ആരാധകരിൽ ഭയം ജനിപ്പിക്കുന്നുണ്ട്.

ഹെയർസ്റ്റൈലിസ്റ്റും മേക്കപ് ആർടിസ്റ്റ് അംബികാ പിള്ള മലയാള മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്.- ''ഞാനൊരിക്കലും ഒരു സെലിബ്രിറ്റിക്കും കൃത്രിമരീതികൾ പറഞ്ഞുകൊടുക്കാറില്ല. ക്രീമുകൾ പോലും കഴിവതും പ്രകൃതിദത്തമാക്കാനേ ശ്രമിക്കാറുള്ളൂ. എന്നാലും ഒട്ടുമിക്ക താരങ്ങളും ഇത്തരം ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുക്കുന്നതു പതിവാണ്. ബോളിവുഡിലാണ് ഇതേറെയും. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ അവർ ഇത്തരം രീതികൾക്ക് അഡിക്ട് ആകുന്നതാണ് പതിവ്. പയ്യെപ്പയ്യെ പ്രായം പിടിച്ചുകെട്ടാൻ എളുപ്പവഴിയായി വിദേശത്തുപോയി ശസ്ത്രക്രിയകൾക്കു വിധേയരാകുന്നതു ശീലമാക്കും. സ്‌കിൻ ഗ്രാഫ്റ്റിങ് പോലുള്ള കടന്ന കൈകളും തൂങ്ങിയ ചർമം ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും ദൂരവ്യാപകഫലങ്ങളുണ്ടാക്കും. ഇതുമൂലം കഷ്ടപ്പെടുന്ന പല താരങ്ങളെയും എനിക്കറിയാം.''- അംബികാ പിള്ള ചൂണ്ടിക്കാട്ടുന്ന അതേ കഷ്ടപ്പാടുതന്നെയാണോ, നമ്മുടെ ലാലേട്ടനും വന്ന് ചേർന്നിരിക്കുന്നത്?

എന്നാൽ ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, മോഹൻലാലിന് കാൻസറാണ്, എയ്ഡ്സാണ് എന്നൊക്കെപ്പറഞ്ഞ് ഇടക്കിടെ വരുന്ന വാർത്തകൾ പോലെയാണെന്നുമാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. പ്രിൻസ് സിനിമാക്കാലത്തുവന്ന ശബ്ദമാറ്റംപോലെ ഇതും വെറും കെട്ടുകഥയാണെന്ന് അവർ പറയുന്നു. ഇനി അഥവാ ബോട്ടോക്സ് ഇഞ്ചക്ഷൻ പാളിയെങ്കിൽ അതിന് പ്രതിവിധിയും ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ മോഹൻലാലോ അദ്ദേഹത്തിന്റെ മേക്കപ്പ്മാനോ കോസ്മെറ്റോളജിസ്റ്റുകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ ആരാധകരും സോഷ്യൽ മീഡിയയും ചർച്ച തുടരുകയാണ്.

വാൽക്കഷ്ണം: കള്ള നാണയങ്ങൾ ഒരുപാടുള്ള മേഖലയാണ് ഈ സൗന്ദര്യവർധക മേഖല. നമ്മുടെ തട്ടിപ്പുവീരൻ 'ഡോ.' മോൺസൻ മാവുങ്കൽ എന്ന പത്താംക്ലാസുകാരനും, ഒരു കോസ്മെറ്റോളജിസ്റ്റ് ആയിരുന്നെന്ന് മറന്നുപോകരുത്. ലാലലേട്ടനും അവിടെ പോയി ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്നെന്നൊക്കെ കേൾക്കുന്നുണ്ട്. ഇനി യൂ ട്യൂബിൽനിന്ന് നോക്കി ഈ മോൺസൻ എങ്ങാനുമാണോ ബോട്ടോക്സ് ഇഞ്ചക്ഷൻ കൊടുത്തത്!

കടപ്പാട്- ഡോ. കുഞ്ഞാലിക്കുട്ടി- ഇൻഫോക്ലിനിക്ക്
ഡോ മനോജ്ബ്രൈറ്റ്, സുധീഷ് സുധാകരൻ- ഫേസ്‌ബുക്ക് പോസ്റ്റ്