കൊച്ചി: മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ ഇനി ഹൈക്കോടതിയിലെത്തും. മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ കോടതി തള്ളിയിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഹർജിക്കാരുടെ തീരുമാനം. നിലവിലെ കോടതി തീരുമാനം മോഹൻലാലിന് താൽകാലിക ആശ്വാസമാണ്.

കേസ് തുടരുന്നതിൽ കാര്യമില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാർക്ക് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും പൊതുപണം ഉൾപ്പെട്ട കേസല്ലാത്തതിനാൽ ഹരജിക്കാർക്ക് ഇടപെടാനാവില്ലെന്നും സർക്കാർ വാദിച്ചു. മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ജയിംസ് മാത്യു, പൊതു പ്രവർത്തകനായ എ.എ. പൗലോസ് എന്നിവർ നൽകിയ ഹരജികളാണ് തള്ളിയത്.

മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. ഇൻകംടാക്‌സ് നടത്തിയ പരിശോധനക്കിടെയാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. തുടർന്ന് വനംവകുപ്പിന് കൈമാറി കേസെടുക്കുകയായിരുന്നു. 2012ലാണ് സംഭവം നടന്നത്. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയിരുന്നു.

പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചു. ഈ തീരുമാനത്തിനെതിരെ നൽകിയ ഹരജികളാണ് കോടതി തള്ളിയത്. അപ്പീൽ നൽകുമെന്ന് ഹരജിക്കാർ പറഞ്ഞു. നേരത്തെ മോഹൻലാലിന് അനധികൃത ആനക്കൊമ്പുകൾ കൈവശംവെയ്ക്കാൻ അനുമതി നൽകിയതിനെതിരായ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയിരുന്നു. ഇതിനൊപ്പം കേസ് തള്ളിയ കോടതി നടപടിയ്‌ക്കെതിരായ വിധിയും ഹൈക്കോടതിയിലേക്ക് എത്തുകയാണ്. അതുകൊണ്ടു തന്നെ ഹൈക്കോടതി നടപടി നിർണ്ണായകമാകും.

വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സർക്കാരിന് അപേക്ഷ നൽകിയിരുന്നു. 2019 ഡിസംബർ നാലിന് ഡിജിപിയോട് നിയമോപദേശവും തേടിയിരുന്നു. തുടർന്ന്, കേസ് പിൻവലിക്കാമെന്ന് ഡിജിപി നിയമോപദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്ന് കാണിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് അഡീഷ്ണൽ ചീഫ് സെക്രട്ടറി കത്തയച്ചത്.

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമായിരുന്നു.