ലയാളിയെ മാത്രമല്ല പുലിമുരുകൻ പിടിച്ചിരുത്തിയത്. തമിഴരും തെലുങ്കരും കന്നഡക്കാരുമെല്ലാം സിനിമ കണ്ട് ഞെട്ടി. മോഹൻലാലിന്റെ മാസ് അപ്പിയറൻസ് തന്നെയാണ് സിനിമയുടെ വിജയഘടകമെന്ന് തെന്നിന്ത്യ മുഴുവൻ തിരിച്ചറിഞ്ഞു. ജനതാ ഗാരേജിന്റെ വമ്പൻ വിജയവും ഒപ്പത്തിന്റെ നേട്ടവും മോഹൻലാലിന്റെ റേറ്റിങ് ഉയർത്തി. പുലിമുരുകനിലൂടെ മോഹൻലാൽ എന്ന നടന്റെ പ്രതിഭ ബോളിവുഡിലും അംഗീകരിക്കപ്പെട്ടു. ഒരു കാലത്ത് മലയാളത്തിൽ മാത്രമേ അഭിനയിക്കൂവെന്ന് നിർബന്ധം പിടിച്ച് ലാൽ പിന്നീട് ചുവട് മാറി. തമിഴിൽ ചിലരുടെ നിർബന്ധത്തിൽ മുഖം കാട്ടി. ഇരുവർ എന്ന എംജിആർ ആത്മകഥാംശമുള്ള മണിരത്‌നം സിനിമയിലൂടെ ഏവരേയും അതിശയിപ്പിക്കുകയും ചെയ്തു.

വിജയിനൊപ്പം ജില്ലയിൽ തകർത്തും. കേരളത്തിൽ നിന്നുള്ള കളക്ഷൻ കൂട്ടുകയെന്ന തന്ത്രം ജില്ല നേടി. ഇതോടെയാണ് തെലുങ്കും മോഹൻലാലിനെ തേടിയെത്തി. വിസ്മയം എന്ന സിനിമയിൽ കണ്ടത് ലാലെന്ന നടനെയായിരുന്നു. ജനതാ ഗാരേജിൽ ജൂനിയർ എൻടിആറിനൊപ്പം തീയേറ്ററുകളിലെ ആരവം ലാൽ ഉയർത്തി. തൊട്ടു പിന്നാലെയാണ് ഒപ്പമെത്തിയത്. പുലിമുരുകനിൽ എല്ലാ പ്രേക്ഷരേയും ലാൽ ഞെട്ടിച്ചു. ഗ്രാഫിക്‌സിന്റെ മികവിനേയും മറികടന്ന് ലാൽ പുലിമുരുകനിലെ യഥാർത്ഥ വിജയിയായി. ഇതോടെ ലാലെന്ന നടന്റെ താരമൂല്യം ഉയരുകയാണ്. കോടികളാണ് പുലിമുരുകനിലെ അഭിനയത്തിന് ലാൽ വാങ്ങിയത്. ഏറ്റവും കൂടുതൽ ദിവസം കോൾ ഷീറ്റ് നൽകുകയും ചെയ്തു. അഞ്ച് കോടി വരെ പ്രതിഫലം ഈ സിനിമയ്ക്കായി ലാൽ വാങ്ങിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

എന്നാൽ ഇതിപ്പോൾ ഇരട്ടിയായെന്നാണ് മോളിവുഡ് നൽകുന്ന സൂചന. തിയേറ്ററിലേക്ക് ആളുകളെ ഇരച്ചെത്തിക്കുന്ന നടനായി പുലിമുരുകനിലൂടെ ലാൽ മാറിയിരിക്കുന്നു. ഇനിയുള്ള മലയാള സിനിമയിലും ലാൽ പ്രതിഫലം ഉയർത്തും. ജിബു ജേക്കബിന്റെ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ വിശ്രമത്തിലാണ്. അതിനിടെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം ഓഫറുകൾ. പ്രതിഫലം പ്രശ്‌നമല്ലെന്ന് പറഞ്ഞാണ് ഇവരെല്ലാം ലാലിനെ സമീപിച്ചിരിക്കുന്നത്. കമൽഹാസനും മോഹൻലാലും ഒരുമിക്കുന്ന സിനിമയ്ക്ക് വമ്പൻ ബജറ്റാണുള്ളത്. തമിഴിയിലെ യുവാക്കളുടെ ഹരമായ വിക്രമും മോഹൻലാലുമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ. ഇതിനിടെയിൽ പ്രഭുദേവയും ലാലിന്റെ ഡേറ്റിനായി കാത്തിരിക്കുന്നു.

മോഹൻലാൽ ചിത്രം പുലിമുരുകനും ജനതാഗാരേജും 100 കോടി ക്ലബ്ബിലെത്തിയ സിനിമകളാണ്. പുലിമുരുകന്റെ വലിയ വിജയത്തോടെ ലാൽ അന്യഭാഷ ചിത്രങ്ങൾക്കായി എട്ടുകോടിക്ക് മുകളിലാക്കി പ്രതിഫലമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ഒരു അന്യഭാഷ ചിത്രത്തിലും മോഹൻലാൽ കരാർ ഒപ്പിട്ടിട്ടില്ല. മലയാളത്തിൽ മേജർ രവി ഒരുക്കുന്ന 1971 ബിയോണ്ട് ദ് ബോർഡേഴ്‌സ് ആണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ലൂസിഫർ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ഈ വർഷം അവസാനം പുറത്തിറങ്ങും. ഡിസംബർ 22നാണ് സിനിമയുടെ റിലീസ്. ഈ സിനിമയിലും ഏറെ പ്രതീക്ഷയാണ് മോളിവുഡ് വച്ചു പുലർത്തുന്നത്. സാധാരണപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ സിനിമയും ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമാകുമെന്നാണ് പ്രതീക്ഷ. വെള്ളിമൂങ്ങയുടെ സംവിധായകൻ നർമ്മത്തിൽ ചാലിച്ചാണ് പുതു ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഇതിനിടെയാണ് വമ്പൻ ഓഫറുമായി അന്യഭാഷാ സംവിധായകരും നിർമ്മാതാക്കളും ലാലിന്റെ ഡേറ്റിനായി എത്തുന്നത്. എത്ര വേണമെങ്കിലും പ്രതിഫലം നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം.

അടുത്ത വർഷം തമിഴിൽ മാത്രം മൂന്ന് വമ്പൻ പ്രോജക്ടുകളാണ് ലാലിന് വേണ്ടി ഒരുങ്ങുന്നത്. ജനതാ ഗാരേജിലെ അഭിനയ മിവിലൂടെ തെലുങ്കു പ്രേക്ഷകരും ലാലിന്റെ ഫാനായി മാറിയിട്ടുണ്ട്. വമ്പൻ ചിത്രങ്ങൾ അണിയറയിൽ ലാലിന് വേണ്ടി ഒരുങ്ങുന്നു. ഇതിന്റെ വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതിനിടെ പ്രഭുദേവയുടെ സിനിമ മലയാളത്തിലായിരിക്കുമന്ന സൂചനയും ഉണ്ട്. താൻ എന്നെങ്കിലും ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നുവെങ്കിൽ അതിലെ നായകൻ മോഹൻലാൽ ആയിരിക്കുമെന്ന് പ്രഭുദേവ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ മോഹൻലാൽ ആണെന്നും പ്രഭുദേവ പറഞ്ഞു.

എന്റെ കഴിവുവച്ച് മോഹൻലാൽ എന്ന നടനെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ എടുക്കാൻ സാധിക്കുമോയെന്ന് എനിക്കറിഞ്ഞൂടാ. എന്നെങ്കിലും ഞാൻ മലയാളത്തിൽ ഒരു സിനിമ എടുക്കുന്നുണ്ടെങ്കിൽ അദ്ദേഹമായിരിക്കും എന്റെ നായകൻ. ഇത് എന്റെ വലിയ ആഗ്രഹമാണ്. നല്ല കഥയുണ്ടെങ്കിൽ മാത്രമേ ഞാൻ അതിനു ഇറങ്ങി പുറപ്പെടൂ' പ്രഭുദേവ വ്യക്തമാക്കി കഴിഞ്ഞു. ലാലിന്റെ നടന വൈഭവത്തെ അംഗീകരിച്ച് തന്നെയാണ് കമൽഹാസനും വീണ്ടും സഹകരിക്കാൻ ഒരുങ്ങുന്നത്. ഇരുവരും ഒരുമിച്ചഭിനയിച്ച ഉനൈ പോൽ ഒരുവൻ തമിഴിൽ വമ്പൻ വിജയമായിരുന്നു. ലാലുമായി മത്സരിച്ച് തന്റെ അഭിനയ മികവ് തെളിയിക്കാനാണ് വിക്രമും തയ്യാറെടുക്കുന്നത്.

അതിനിടെ ഹിന്ദിയിൽ നിന്നും ലാലിന് ഓഫറുകളെത്തുന്നുണ്ട്. ഇതോടെ ഏത് സിനിമ സ്വീകരിക്കണമെന്ന ആശയക്കുഴപ്പം ലാലിനുമെത്തിയിട്ടുണ്ട്. നാലു മാസത്തിനിടെ മോഹൻലാൽ ചിത്രങ്ങൾ 350 കോടി രൂപയാണ് ഇതുവരെ കളക്റ്റ് ചെയ്തത്. ജനതാ ഗാരേജും ഒപ്പവും പുലിമുരുകനും ചേർന്നായിരുന്നു ഇത്. ദിവസങ്ങളുടെ ഇടവേളയിലാണ് ഈ മൂന്ന് ചിത്രവും എത്തിയത്. എല്ലാം വിജയിച്ചിട്ടും കളക്ഷനുകളെ ഒരു ഘട്ടത്തിലും ബാധിച്ചില്ല. നോട്ട് അസാധുവാക്കൽ തീരുമാനം മാത്രമാണ് പുലിമുരുകനേയും ഒപ്പത്തിനേയും അൽപ്പം വിഷമിപ്പിച്ചത്. വിദേശത്തെ കളക്ഷനിലും പ്രാദേശിക സിനിമയെന്ന നിലയിൽ എല്ലാ റിക്കോർഡും പുലിമുരുകൻ തിരുത്തി. ഇതു കൂടി മനസ്സിൽ വച്ചാണ് ലാലിനെ വലവീശാൻ അന്യസംസ്ഥാന നിർമ്മാതാക്കളും എത്തുന്നത്.

പുലി മുരുകനും ഒപ്പവും ജനതാഗാരേജും ചേർന്ന് 400 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സൂചന. ഇന്ത്യയിൽ ഒരു നടനും ആറുമാസം കൊണ്ട് ഇത്രയും കോടി രൂപ തിയേറ്ററുകളിൽ നിന്ന് നേടിയിട്ടില്ല. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ താരരാജാവ് പദവി മലയാളത്തിന്റെ മെഗാ സ്റ്റാർ ഉറപ്പിക്കുകയാണെന്ന വിലയിരുത്തലും സജീവമാണ്.