കൊച്ചി: മോഹൻലാലിന് ലെഫ്റ്റന്റ് കേണൽ പദവി ലഭിച്ചതു മുതൽ ചർച്ചയും വിമർശനവുമാണ്. കേണലായി അഭിനയിച്ചതു കൊണ്ടാണ് ലാലിന് ഈ പുരസ്‌കാരം കിട്ടിയതെന്നായിരുന്നു വാദങ്ങൾ. ഇതിന് ഒടുവിൽ മോഹൻലാൽ തന്നെ മറുപടി പറയുകയാണ്. പട്ടാളസിനിമകളിൽ ആവർത്തിച്ചഭിനയിച്ചത് ലെഫ്റ്റന്റ് കേണൽ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി മോഹൻലാലിനുണ്ട്.

''കേണൽ പദവിയൊന്നും ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! ഞാൻ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തിൽ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയിൽ ആർമിയെപ്പറ്റി അറിഞ്ഞത്.'' സ്ത്രീകൾക്കുവേണ്ടയുള്ള മംഗളം പ്രസിദ്ധീകരണമായ കന്യകയിലെ മോഹനരാഗങ്ങൾ എന്ന അഭിമുഖ പരമ്പരയിലാണ് മോഹൻലാൽ ഇങ്ങനെ പറഞ്ഞത്.

''നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതിൽ ചേർന്ന ശേഷം നമ്മുടെ നാട്ടിൽ നിന്നു സേനയിൽ ചേരുന്നവരുടെ എണ്ണത്തിൽ 40% വർധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാൻ പല തവണ സൈനികാസ്ഥാനങ്ങളിൽ പോയിട്ടുണ്ട്.

അതൊക്കെ വൺസ് ഇൻ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാൻ ജാതകവശാൽ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകൾ ചെയ്തു എന്നതു കൊണ്ടു കിട്ടാൻ സാധ്യതയുള്ളതല്ല അത്.''-മോഹൻലാൽ പറയുന്നു.