സംവിധായകൻ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. എന്നെ രാജാവിന്റെ മകനെന്ന് ആദ്യം വിളിച്ചയാൾ. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ച് കൊടുത്ത സംവിധായകൻ...പ്രിയപ്പെട്ട തമ്പി കണ്ണന്താനം കണ്ണീരോടെ വിട മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

 വെറും താരമായിരുന്ന മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവിയിലേക്ക് കൈപിടിച്ചുയർത്തിയത് തമ്പി കണ്ണന്താനം എന്ന വേറിട്ട സംവിധായകനായിരുന്നു. 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയാണ് മോഹൻലാലിന് അഭിനയജീവിതത്തിൽ വലിയൊരു കരിയർ ബ്രേക് ഉണ്ടാകുന്നതും പിന്നീട് അങ്ങോട്ട് വലിയ വിജയങ്ങൾ സമ്മാനിച്ചതും കണ്ണന്താനമായിരുന്നു.

പ്രത്യേക സംഭാഷണശൈലി കൊണ്ടും ഇന്നും മറക്കാത്ത ചടുലമായ സംഭാഷണം കൊണ്ടും ഞെട്ടി ക്കുന്ന രംഗങ്ങൾ കൊണ്ടും മലയാളിയെ മറ്റൊരു ലോകത്തേക്ക് നയിച്ച ഈ സിനിമ, മലയാള സിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.

രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 8ഓളം ചിത്രം മോഹൻലാലിനൊപ്പമായിരുന്നു. ഹദ്ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്ക് തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏയ്ഞ്ചൽ എന്നിവർ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയിൽ.