മോഹൻലാലും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത പരസ്യ സംവിധായകൻ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. എംടിയുടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നതും ശ്രീകുമാറാണെന്ന് സൂചനയുണ്ട്.

മഞ്ജു വാര്യരും പ്രകാശ് രാജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാന്റസി എന്റർടൈനറാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ഷോലേയുടെ റീമേക്കായ രം ഗോപാൽ വർമയുടെ ആഗിലും മേജർ രവിയുടെ കാണ്ഡഹാറിലും ബച്ചനും ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ടാമൂഴത്തിന് മുമ്പ് തന്നെ ഈ സിനിമ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. ചിത്രം യാഥാർത്ഥ്യമായാൽ ശ്രീകുമാറിന്റെ ആദ്യ സിനിമയാകും ഇത്. രണ്ടാമൂഴത്തിൽ മോഹൻലാലാണ് ഭീമനാകുന്നത്. ചിത്രത്തിൽ ഭീഷ്മരായി അമിതാഭ് എത്തുമെന്നും സൂചനയുണ്ട്.