കൊച്ചി: അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം മുറുകുന്ന സമയമാണ്. ഉറി ഭീകരാക്രമണത്തോടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുകയാണ്. ഈ ഭീകരാക്രമണം ഇന്ത്യ മറക്കുകയും പൊറുക്കുകയുമില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് വച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ യുദ്ധമെന്ന ആശങ്ക ചില കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പൂർവ്വകാലം പരിശോധിക്കുമ്പോൾ എന്നും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെ ഇന്ത്യൻ സൈന്യം ശരിക്കും തുരത്തി. പിന്നീട് കാർഗിലിലും പാക്കിസ്ഥാൻ പരാജയം രുചിച്ചു.

മലയാളത്തിൽ പട്ടാളക്കഥകൾ സിനിമയാക്കുന്ന പ്രശസ്ത സംവിധായകൻ മേജർ രവി കാർഗിൽ വിഷയം ആസ്പദമാക്കി മലയാളത്തിൽ സിനിമ എടുത്തിരുന്നു. ഇതിന് ശേഷം വീണ്ടുമൊരു യുദ്ധസിനിമയുമായി സംവിധായകൻ മേജർ രവി രംഗത്തെത്തുകയാണ്. പിക്കറ്റ് 43ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം പ്രമേയമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ സിനിമകൾക്ക് ശേഷമാണ് മേജർ രവിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. കാശ്മീരും അതിർത്തിയും സംഘർഷഭരിതമാകുമ്പോഴാണ് യുദ്ധം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നത്.

'1971.....ബിയോണ്ട് ബോർഡഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജർ മഹാദേവൻ തന്നെയാണ് ചിത്രത്തിലെ മോഹൻലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്. അടുത്ത നവംബറിൽ രാജസ്ഥാൻ, പഞ്ചാബ് സെക്ടറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു. മേജർ മഹാദേവന്റെ അച്ഛൻ മേജർ സഹദേവൻ ആയും മറ്റൊരു ഗെറ്റപ്പിലും മോഹൻലാൽ എത്തുന്നുണ്ട്. ഇന്ത്യ-ചൈന യുദ്ധത്തിൽ പങ്കെടുത്ത മേജർ സഹദേവന്റെ ഗെറ്റപ്പിലും ഇപ്പോഴുള്ള 85 വയസുള്ള മേജർ സഹദേവനായും മേജർ മഹാദേവനായും മോഹൻലാൽ എത്തുന്നു എന്നതാണ് പ്രത്യേകത. വ്യത്യസ്തമായ കഥാപാത്രമാകും മോഹൻലാലിന്റേതെന്ന് മേജർ രവി വ്യക്തമാക്കി.

ചിത്രീകരണത്തിന് മുന്നോടിയായി ലൊക്കേഷനിൽ വച്ച് മാത്രമേ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധത്തിന്റെ കെടുതി എന്തെന്ന് അറിയാത്തവരാണ് മലയാളികൾ. അങ്ങനെയുള്ള സമൂഹത്തിന് യഥാർഥത്തിലുള്ള യുദ്ധം എന്താണെന്നും എന്തൊക്കെ അനുഭവങ്ങൾ നേരിടേണ്ടി വരുമെന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു രാജ്യത്തെ പട്ടാളക്കാർ യുദ്ധം ചെയ്യുന്ന സമയത്തും, ഇവർ തമ്മിൽ യുദ്ധ സമയത്തും ശത്രുത ഉണ്ടെങ്കിലും അവസാനം വിജയിച്ചു ശക്തമായ പോരാട്ടം നടത്തിയ ശത്രുവിനെ സല്യൂട്ട് ചെയ്യാൻ മറക്കാത്ത ഇന്ത്യൻ സൈന്യത്തിന്റെ സംസ്‌കാരവും ചിത്രത്തിൽ ഉണ്ടാവുമെന്നും മേജർ രവി പറഞ്ഞു.

1971ൽ ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ യുദ്ധം വേണ്ട എന്ന് പറയുന്ന ആളുകളും പാക്കിസ്ഥാനിൽ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള എലമെന്റ ആണ് ചിത്രത്തിൽ. യുദ്ധത്തിൽ ആര് ജയിച്ചു എന്ത് ലഭിച്ചു? എങ്ങനെ ജയിച്ചു? യുദ്ധം നൽകുന്ന നഷ്ടപ്പെടുത്തലുകൾ തുടങ്ങിയ കാര്യങ്ങൾ തുറന്നുകാണിക്കുന്നതാണ് '1971 ബിയോണ്ട് ബോർഡേഴ്‌സ്'. മൂന്ന് ഗെറ്റപ്പിൽ രണ്ട് കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുകയെന്നും സംവിധായകൻ പറഞ്ഞു.

മേജർ സഹദേവന്റെ ചെറുപ്പകാലവും, പ്രായമായകാലവും, മേജർ മഹാദേവൻ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ ഗെറ്റപ്പുകൾ. തന്റെ മുൻ ചിത്രങ്ങളുടെ കഥാപരിസരമായ കാശ്മീരിൽ നിന്നും വ്യത്യസ്തമായി 1971 ലെ രാജസ്ഥാൻ പഞ്ചാബ് സെക്കടറാണ് ഈ സിനിമയിൽ ഉണ്ടാവുക. യുദ്ധത്തിന്റെ നേർചിത്രം വ്യക്തമാക്കാൻ വേണ്ടി ടാങ്കർ യുദ്ധവും ചിത്രീകരിക്കും. ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടായിരിക്കും ടാങ്ക് യുദ്ധം ചിത്രീകരിക്കുക എന്നും മേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞു. റെഡ്‌റോസ് ക്രിയേഷൻ അനീഫ് മുഹമ്മദാണ് സിനിമ നിർമ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, കണ്ണൻ പട്ടാമ്പി തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രത്തിലെ നായിക ആരെന്ന കാര്യത്ിൽ തീരുമാനമായിട്ടെന്നും സംവിധായകൻ വ്യക്തമാക്കി.