തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മനോരമാ ന്യൂസ് മേക്കർ 2016 പുരസ്‌ക്കാരം ഇന്നലെ മലയാളത്തിന്റെ പ്രിയ സൂപ്പർതാരം ഏറ്റുവാങ്ങി. ന്യൂസ് മേക്കറിന്റെ 2017ലെ മത്സരം അന്തിമഘട്ടത്തിൽ എത്തി പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് മോഹൻലാൽ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. എറണാകുളത്ത് ലേ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷിയാക്കി സംവിധായകരായ ജോഷി, ഫാസിൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ എന്നിവർ ചേർന്നാണ് മലയാളത്തിലെ താരരാജാവിന് പുരസ്‌കാരം സമ്മാനിച്ചത്.

പ്രേക്ഷക പങ്കാളിത്തവും മറ്റു ചില ഘടകങ്ങളും സമന്വയിപ്പിച്ചാണ് അതത് വർഷങ്ങളിലെ ന്യൂസ് മേക്കർ പുരസ്‌ക്കാരം നിർണയിക്കപ്പെടുന്നത്. മോഹൻലാൽ പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്നതോടെ 2017ലെ ന്യൂസ് മേക്കർ കോണ്ടസ്റ്റിനെ പോലും പ്രതിസന്ധിയിലാക്കും വിധം 2016ലെ പുരസ്‌ക്കാര ദാനം അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു. 2016ലെ പുരസ്‌ക്കാരം വിതരമം ചെയ്യാതെ 2017ലെ കോണ്ടസ്റ്റിലേക്ക് പോകേണ്ടി വന്നത് ചാനലിലും അതൃപ്തികൾക്ക് ഇടയാക്കിയിരുന്നു. പുരസ്‌ക്കാര വിതരണത്തിനായി കണ്ടെത്തേണ്ട അതിഥിയുടെ കാര്യത്തിൽ ആണ് ഏറ്റവും പ്രധാന വെല്ലുവിളി ഉണ്ടായത്.

അമിതാഭ് ബച്ചനേയും കമൽഹാസനെയുമൊക്കെ പുരസ്‌ക്കാരദാനത്തിനായി എത്തിക്കാൻ മനോരമ ന്യൂസിന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല. അതിഥിയുടെ കാര്യത്തിൽ വ്യക്തതയും തൃപ്തിയും ഇല്ലാതായതോടെ മോഹൻലാലും ഇക്കാര്യത്തിൽ വലിയ താത്പര്യം കാണിച്ചുമില്ലെന്നാണ് അണിയറ സംസാരം. ഇതിനിടെ പുലിമുരുകനെ മനോരമയുടെ പറയാതെ വയ്യ പരിരപാടിയിൽ വിമർശിച്ചതും ലാലേട്ടന്റെ അതൃപ്തിക്ക് ഇടയാക്കിയെന്ന വിമർശനവും ഉയർന്നു. 150 കോടി രൂപ കലക്ട് ചെയ്ത സിനിമയെ ഷാനി വിമർശിച്ചതോടെ ഫാൻസുകാരും ഷാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

പുലിമുരുകൻ സ്ത്രീവിരുദ്ധതയും സമുദായ വിരുദ്ധതയും കുത്തിനിറച്ച ചിത്രമാണെന്ന് വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ സമ്മർദ്ദങ്ങളുണ്ടായെന്ന കാര്യം ഷാനി പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു. സിനിമ ശരാശരി നിലവാരത്തിൽ താഴെയുള്ള ചിത്രമാണെന്നും വിമർശിച്ചിരുന്നു. ഇതിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് ആക്രമണം നേരിടേണ്ടി വന്നതെന്നും ഷാനി പിന്നീട് പറയുകയുണ്ടായി. ഇതിനിടെ മോഹൻലാൽ ഷൂട്ടിങ് തിരക്കുകളിലുമായി. ഒടിയൻ സിനിമയിലെ മേക്ക് ഓവറിനിടെയാണ് ലാൽ ഒടുവിൽ മനോരമയുടെ പുരസ്‌ക്കാര വേദിയിൽ എത്തിയത്. ഇതോടെ ചാനലിനും അത് വലിയ ആശ്വാസമായി.

സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടിയാണു താൻ ഓരോ വിഷയത്തിലും പ്രതികരിക്കാറുള്ളെതെന്നാണ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്. പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. ബ്ലോഗുകൾ വഴി ജനങ്ങളുമായി സംവദിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ വിമർശനങ്ങളും നിരൂപണങ്ങളും തന്നെ തളർത്താറില്ല. പ്രശംസകളും വിമർശനങ്ങളും ഒരുപോലെയാണ് തന്നെ ബാധിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ഒരു രഹസ്യ അജൻഡകളുമില്ല. ദുരുദ്ദേശങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദർഭങ്ങളിലും എന്റെ പ്രതികരണങ്ങൾ സത്യസന്ധമായും ആത്മാർത്ഥമായും ആയിരുന്നു. അതിന്റെ ഫലമോ പ്രതിഫലനമോ ഞാൻ ഓർക്കാറില്ല, ചിന്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയമാണ് എനിക്ക് എല്ലാം. അറിവുകൾ സിനിമയിലാണ്. എന്റെ സഹപ്രവർത്തകർ. സംവിധായകരും നിർമ്മാതാക്കളും മുതൽ ലൈറ്റ് ബോയ്‌സ് വരെ, അവരെല്ലാം ഏതെങ്കിലും തരത്തിൽ എന്റെ ഉയർച്ചയിൽ പങ്കാളികളാണ്. അവർക്ക് ഞാൻ നന്ദി പറയുന്നു. - ലാൽ പറഞ്ഞു നിർത്തി.

കടപ്പാട്: മനോരമ ന്യൂസ്‌