ഹൈദരാബാദ്: മോഹൻലാലിന് ആന്ധ്ര സംസ്ഥാന സർക്കാർ പുരസ്‌കാരം. ആന്ധ്ര സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമായ നന്തി അവാർഡിൽ മോഹൻലാലിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. 2016ൽ പുറത്തിറങ്ങിയ ജനതാഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ജൂനിയർ എൻ.ടി.ആറിനാണ് മികച്ച നടനുള്ള പുരസ്‌കാരം.

ജനതാഗാരേജിന്റെ സംവിധായകനായ കൊരട്ടല ശിവയ്ക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം. 2014, 2015, 2016 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജനതാ ഗാരേജ് 2016ലെ ആറ് അവാർഡുകൾ നേടി. ജൂണിയർ എൻ.ടി.ആറിനൊപ്പം മോഹൻലാൽ അഭിനയിച്ച ജനതാഗാരേജ് ബോക്സോഫീസിൽ 135 കോടി രൂപ കളക്ഷൻ നേടിയ ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌ക്കാരങ്ങളും ജനതാ ഗാരേജ് നേടിയിരുന്നു.

2015 ലെ പ്രധാനപ്പെട്ട എല്ലാ പുരസ്‌ക്കാരങ്ങളും ബാഹുബലി ആദ്യഭാഗം നേടിയപ്പോൾ കഴിഞ്ഞ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് പെല്ലി ചൂപ്പലു എന്ന ചിത്രമാണ്.