കൊച്ചി: സിനിമാക്കാർ അന്ധവിശ്വാസികളാണോ? ഇതിന് കൃത്യമായ ഉത്തരം ആർക്കും പറയാനാകില്ല. വിചിത്രമായ പലതും പലരേയും സിനിമാ മേഖലയിൽ സ്വാധീനിച്ചിട്ടുണ്ട്. ഉടയോൻ എന്ന സിനിമയിൽ സംവിധായകൻ ഭദ്രനും അത്തരത്തിലൊരു അനുഭവം ഉണ്ടായി.

മോഹൻലാലും ഭദ്രനും ഏറ്റവും ഒടുവിൽ ഒന്നിച്ച ചിത്രമായിരുന്നു ഉടയോൻ. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണ് എത്തിരുന്നത്. 2005 ലായിരുന്നു ചിത്രം റിലീസായത്. ഇറച്ചിക്കടയിൽ വെട്ടിവച്ച ചോരയൊഴുകുന്ന കാളയുടെ തലയിൽ നിന്നായിരുന്നു വില്ലന്റെ ഓപ്പണിങ് സീൻ ഭദ്രൻ മനസിൽ കണ്ടത്. പൊള്ളാച്ചിയിലെ ഒരു മാർക്കറ്റാണു ഭദ്രൻ ഇതിനായി കണ്ടുവച്ചത്. ലൊക്കേഷനിലേയ്ക്കുള്ള യാത്രയിൽ ഒരു ക്ഷേത്രത്തിനു മുമ്പിലിൽ ഇറങ്ങി ഭദ്രൻ പറഞ്ഞു കാളത്തലയുടെ ഭാഗം ഇവിടെ ഷൂട്ട് ചെയ്യാം. അമ്പലത്തിനു മുകളിൽ നാക്കു പുറത്തേയ്ക്കു നീട്ടുന്ന രാക്ഷസ രൂപമുണ്ട്. ഇത് ഭദ്രനു വളരെ ഇഷ്ടമായി.

എന്നാൽ അമ്പലത്തിനു മുമ്പിൽ വച്ച് ഇത്തരമൊരു രംഗം ഷൂട്ട് ചെയ്യരുതെന്ന് പലരും പറഞ്ഞു. എന്നാൽ അത് സംവിധായകൻ കേട്ടില്ല. അമ്പലമടക്കം മുഴുവൻ സ്റ്റില്ലും എടുക്കാനും വീഡിയോ പകർത്താനും ഭദ്രൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നു. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഏവരേയും അൽഭുതപ്പെടുത്തി. അമ്പലത്തിന്റെയും രാക്ഷസരൂപത്തിന്റെയും ദൃശ്യങ്ങൾ മാത്രം അതിലില്ല. അതിനു മുമ്പും ശേഷവും ചിത്രികരിച്ചത് എല്ലാം ഉണ്ട്. വീഡിയോ ഇല്ലെങ്കിലും സ്റ്റിൽ എടുത്തതു ക്യാമറയിൽ ഉണ്ടാകുമെന്നു കരുതി.

ലൊക്കേഷൻ കണ്ടു തിരിച്ചെത്തി സ്റ്റില്ലുകൾ എല്ലാം പ്രിന്റ് എടുക്കാൻ കൊടുത്തു. എന്നാൽ പ്രിന്റിൽ നിന്ന് കറുത്ത മഷി പുറത്തേയ്ക്ക് ഒലിച്ചു പടർന്നു, വിചിത്ര ശബ്ദത്തോടെ പ്രിന്റർ കേടാകുകയും ചെയ്തു. ഇതോടെ അമ്പലത്തിലെ ഷൂട്ടിങ് തീരുമാനം ഭദ്രൻ പിന്മാറി.