കൊച്ചി:'അവരും കാണട്ടെ ലോകത്തിന്റെ ഭംഗി' എന്നുള്ള ആമൂഹത്തോടെ വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവരെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചുള്ള മോഹൻലാലിന്റെ ബ്ലോഗ് ശ്രദ്ധേയമാവുന്നു.

ജീവിതം വീൽചെയറിലേക്ക് തളയ്ക്കപ്പെട്ടപ്പോൾ പ്രിയപ്പെട്ട അമ്മ അനുഭവിച്ച അസ്വസ്ഥത കണ്ടറിഞ്ഞതിന്റെ വേദനയും പ്രണയം എന്ന ചിത്രത്തിൽ വീൽചെയറിൽ സഞ്ചരിക്കുന്ന കഥാപാത്രമായി താൻ അഭിനയിച്ചപ്പോൾ മനസ്സിൽ കൊണ്ട വേദനയും വ്യക്തമാക്കിയുള്ള ബ്ലോഗിൽ അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തലും താരം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ചിന്തകൊണ്ട് ക്ഷിര പഥങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ച് രഹസ്യങ്ങളുടെ ചുരുളഴിച്ച പ്രതിഭ എന്നതിനപ്പുറം ഇച്ഛാ ശക്തിയുടെ വെട്ടിത്തിളങ്ങുന്ന ഉദാഹരണമെന്നും ഒന്നിനും മനുഷ്യനെ തളർത്താൻ സാധിക്കില്ല എന്നതിന്റെ പ്രതീകമെന്നും വിലയിരുത്തി,പ്രണാവും അർപ്പിച്ചാണ് സ്റ്റീഫൻ ഹോക്കിംഗിനെ പരാമർശിച്ചുള്ള വരികൾക്ക് താരം ഫുൾ സ്റ്റോപ്പ് ഇട്ടത്.

ഹോക്കിങ് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വീൽചെയറിൽക്കഴിയുന്ന സുഹൃത്തായ ഡോക്ടറെ കാണാൻ പോയിരുന്നെന്നും 'വീൽച്ചെയറിൽ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങൾ അറിയാമോ ലാലിന് 'എന്നുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ചോദ്യം തന്നേ ചിന്തിപ്പിച്ചു എന്നും ലാൽ വരികളിലുടെ വ്യക്തമാക്കുന്നു.

തങ്ങൾക്ക് ഒരിടത്തും പോകാൻ സാധിക്കുന്നില്ലന്നും ആരാധാനാലയങ്ങളിൽ പോകാമെന്നുവച്ചാൽ ഉയരമുള്ള പടികൾ താണ്ടണമെന്നും റെയിൽവേ സ്റ്റേഷനുകളിൽ ഫ്‌ളാറ്റ് ഫോമിൽ നിന്നും ട്രെയിനിൽക്കയറാൻ ബുദ്ധിമുട്ടുണ്ടെന്നും ഏതെങ്കിലും വേദിയിൽക്കയറണമെങ്കിൽ എടുത്ത് കയറ്റേണ്ട സ്ഥിതിയാണെന്നും തീയറ്ററിൽപ്പോയി ഒരു സിനിമ കാണാൻ പോലും സാധിക്കുന്നില്ലന്നും വ്യക്തമാക്കി, സമാന ശരീരസ്ഥിതിയിൽക്കഴിയുന്നവരുടെ വിഷമതകളെക്കുറിച്ച് ഡോക്ടറുടെ വിവരണം താരം അതേപടി ബ്ലോഗിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വീൽച്ചെയറിൽ ജീവിക്കുന്നവർക്ക് ഒരിടത്തും സഞ്ചാര പാഥയില്ലെന്നും തങ്ങളേപ്പോലുള്ള മനുഷ്യരും സമൂഹത്തിൽ ഉണ്ടെന്നത് ആരും കരുതുന്നില്ലന്നും അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഈ ചക്രകസേരയിൽ ഒതുങ്ങുന്നു എന്നും മറ്റുമുള്ള ഡോക്ടറുടെ പരാമർശം കേട്ടപ്പോൾ താൻ വല്ലാതായെന്നും ഇവരും മനുഷ്യരാണെന്നും വീൽച്ചെയറിൽ ഇരുന്ന് രാജാക്കന്മാരെപ്പോലെ സഞ്ചരിക്കാൻ സമൂഹം അവസരമൊരുക്കണമെന്നും താരം കുറിപ്പിൽ ആവശ്യപ്പെടുന്നു.

ഇത് മോഹൻലാൽ എന്ന നടൻ എഴുതുന്നതല്ലെന്നും വിൽച്ചെയറിൽ കഴിയുന്ന അമ്മയുടെ വിഷമതകൾ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രയമാണ് ഇതെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

കുറച്ച് മാസങ്ങളായി താൻ ബ്ലോഗ് എഴുതിയിട്ടെന്നും നിയന്ത്രിക്കാൻ പറ്റാത്തതരത്തിൽ തിരക്കിലായിരുന്നെന്നും എഴുതിയേ തീരു എന്ന് തോന്നുമ്പോൾ മാത്രമാണ് ബ്ലോഗ് എഴുതിയിട്ടുള്ളുവെന്നും ആരെയും ബോധിപ്പിക്കാനുള്ളതല്ല തന്റെ കുറിപ്പെന്നും ഉള്ളിലെ ചില ആനങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാം പങ്കുവയ്ക്കലാണ് എഴുത്തിലൂടെ താൻ ലക്ഷ്യമിടുന്നതെന്നും ഇന്നലത്തെ എഴുത്തിൽ താരം വ്യക്തമാക്കുന്നു.