തിരുവനന്തപുരം: മലയാളത്തിലെ സൂപ്പർ താരം മോഹൻലാൽ തന്റെ അഭിപ്രായങ്ങൾ പ്രേക്ഷകരോടുമായി ചർച്ച ചെയ്തിരുന്ന ബ്ലോഗ് ഈ മാസം എഴുതില്ലെന്ന് താരം അറിയിച്ചു. തന്റെ ബ്ലോഗിലുടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാത്രയിൽ ആയതുകൊണ്ടാണ് ഈ മാസം ബ്ലോഗ് എഴുതാത്തതെന്നും അടുത്ത മാസം വാക്കുകളിലൂടെ നമുക്ക് വീണ്ടും കാണാം എന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

എല്ലാ മാസവും 21ആം തീയ്യതിയാണ് താരം ബ്ലോഗെയുതാറുണ്ടായിരുന്നത്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ബ്ലോഗുകൾ പലപ്പോഴും വിമർശനത്തിനു കാരണമായിരുന്നു. കഴിഞ്ഞ മാസം നോട്ട് നിരോധനത്തെ പിന്തുണച്ചു കൊണ്ടായിരുന്നു ലാലിന്റെ ബ്ലോഗ്. എന്നാൽ, ഈ ബ്ലോഗിന്റെ പേരിൽ മോഹൻലാൽ കടുത്ത വിമർശനം നേരിടേണ്ടിയും വന്നു. സോഷ്യൽ മീഡിയിയൽ അടക്കം കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്.

മദ്യഷോപ്പിനും ആരാധന കേന്ദ്രങ്ങളിലും വരി നിൽക്കുന്നവർക്ക് എന്തു കൊണ്ട് ബാങ്കുകളിൽ വരി നിൽക്കാൻ പറ്റുന്നില്ല എന്നായിരുന്നു കഴിഞ്ഞ മാസം ലാലിന്റെ ബ്ലോഗ്. സിനിമാരാഷ്ട്രീയ മേഖലയിൽ നിന്നും വൻ വിമർശനമായിരുന്നു ഇതിനു നേരെ ഉയർന്നിരുന്നത്. ബ്ലോഗിനെ പരിഹസിച്ച് ട്രോളുകളുടെ ബഹളമായിരുന്നു. കൂടാതെ എംബി രാജേഷ് എംപി അടക്കമുള്ളർ മോഹൻലാലിനെ വിമർശിച്ച് രംഗത്തുവരികയും ചെയ്തു.

എന്തായാലും ബ്ലോഗ് എഴുതേണ്ടെന്ന ലാലിന്റെ തീരുമാനവും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ലാൽ ബ്ലോഗ് എഴുതാതിരിക്കുന്നതാണ് നല്ലതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തവണത്തെ പൊങ്കാല ലഭിച്ചതുകൊണ്ടാണ് ഇത്തവണ ലാൽ ബ്ലോഗ് എഴുതാത്തതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. നേരത്തെ ജെ.എൻ.യു വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ബ്ലോഗും വൻവിവാദത്തിനു കാരണമായിരുന്നു.