മുംബൈ: ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. അടുത്ത സുഹൃത്തും ബിസിനസ്സുകാരനുമായ സമീർ ഹംസയാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്‌നേഹചുംബനം നൽകി കേക്ക് പങ്കിടുന്ന മോഹൻലാലിനെയും സുചിത്രയേയും വിഡിയോയിൽ കാണാം. ഇന്നലെയായിരുന്നു മോഹൻലാലിന്റെ 62-ാം പിറന്നാൾ. മലയാള സിനിമയ്ക്ക് എക്കാലത്തും ഓർത്തുവയ്ക്കാവുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ച ആശംസ. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയാണ് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചത്. ഗുരുനാഥന് പിറന്നാൾ ആശംസകൾ എന്നായിരുന്നു ജയസൂര്യ പങ്കുവച്ച വരികൾ. ലാലേട്ടനൊപ്പമുള്ള മനോഹര ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവച്ചു. സിനിമാ താരങ്ങൾക്കൊപ്പം സാംസ്‌കാരി രംഗത്തെയും ഒട്ടേറെ പേർ നടനവിസ്മയത്തിന് പിറന്നാൾ ആശംസകൾ നേർന്നു.

1960 മെയ് 21 നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി മോഹൻലാലിന്റെ ജനനം. 1980ൽ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം. തുടർന്നങ്ങോട്ട് വില്ലൻ വേഷങ്ങളിൽനിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടർന്നങ്ങോട്ട് സൂപ്പർതാര പദവിയിലേക്കുമുള്ള മോഹൻലാലിന്റെ ജൈത്രയാത്രയ്‌ക്കൊപ്പമാണ് മലയാള സിനിമ അതിന്റെ സുവർണഘട്ടം അടയാളപ്പെടുത്തിയത്.

അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്‌സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങൾ. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയൽ സേനയിൽ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്.

ജീത്തു ജോസഫ് ഒരുക്കിയ ട്വൽത്ത് മാനാണ് മോഹൻലാലിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.  ഒടിടി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.