കൊച്ചി: അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ! ഈ കാച്ച് ലൈനിലുണ്ട് സംഭവിച്ചതെല്ലാം..... മലയാള സിനിമയിലെ നാടുവാഴിയാണ് പ്രഖ്യാപിച്ച് മോഹൻലാലിന്റെ സൈക്കിൾ ചവിട്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തുന്നതിന്റെ സന്തോഷം മോഹൻലാൽ ആഘോഷിച്ചത് സൈക്കിൾ ചവിട്ടി. സിനിമാ ജീവിതത്തിലെ ദുർഘടം പിടിച്ച ഘട്ടത്തെയാണ് ഇന്നലെ മോഹൻലാൽ മറികടന്നത്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ മരയ്ക്കാറിലെ വില്ലൻ പരിവേഷം ലാൽ മാറ്റി. ഫാൻസുകാരുടെ മനസ്സിനൊപ്പം കച്ചവടക്കാരനല്ലാത്ത ലാൽ നിന്നു. എല്ലാ ഘടകങ്ങളേയും അനുകൂലമാക്കി മലയാളത്തിലെ എക്കാലത്തേയും ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്റർ റിലീസ്. പുലർച്ചെ എണീറ്റ് സൈക്കിളുമായി റോഡിലെത്തി. പിന്നെ മഴ കാറു വില്ലനാകും വരെ സൈക്കിൾ ചവിട്ട്.

ബിഎംഡബ്ല്യൂ സൈക്കിളിലായിരുന്നു മോഹൻലാലിന്റെ സൈക്കിൾ ചവിട്ട്.  ഗിയറുള്ള അടിപൊളി സൈക്കിൾ. സുഹൃത്ത സമീർ ഹംസയുമൊത്താണ് റോഡിൽ ഇറങ്ങി ലാൽ സൈക്കിൾ ചവിട്ടിയത്. ഇനി ഇതിനെ പതിവ് ശീലമാക്കാനാണ് തീരുമാനം. നാടുവാഴി എന്ന സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ സൈക്കിൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും സമീർ ഹംസയാണ്. അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ! എന്ന ക്യാപ്ഷനും ഇൻസ്റ്റയിൽ സമീർ ഈ വീഡിയോയ്ക്ക് നൽകുന്നു. ഇതിൽ തന്നെ മരയ്ക്കാറിലെ വിജയ ലഹരിയിലാണ് ബി എം ഡബ്ല്യൂ സൈക്കിളിൽ മോഹൻലാൽ റിസ്‌ക് എടുത്ത് നാടു ചുറ്റാനെത്തിയതെന്ന് വ്യക്തം. സമീർ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാണ്.

മുമ്പും സൈക്കിൾ ചവിട്ടിൽ തന്റെ ഭ്രമം മോഹൻലാൽ മലയാളിക്ക് പകർന്നു നൽകിയിട്ടുണ്ട്. പൂജപ്പുരയിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിന് മുമ്പിലെ പഴയ കോഫീ ഹൗസിലേക്കായിരുന്നു തിരുവനന്തപുരത്ത് മോഹൻലാലിന്റെ പഴയ സൈക്കിൾ ചവിട്ട്. റോഡിൽ ആളുകൾ നിറയും മുമ്പേ നടത്തിയ സാഹസം. അതിന് ശേഷം പൊതു നിരത്തിൽ സൂപ്പർ താരം സൈക്കിളുമായി എത്തുന്നത് ഇന്നാണ്. അതും നാടുവാഴി സ്റ്റൈലിൽ. രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ... ആടിപ്പാടാൻ നീയും പോരാമോ.... ആരിയങ്കാവിൽ വേലകഴിഞ്ഞൂ.... ആവണിപ്പാടത്ത് പൂക്കൾകൊഴിഞ്ഞു.... ആറ്റിലാടുന്ന ആമ്പൽപ്പൂവിന്റെ തേൻ നുകർന്നേവരാം....
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടുംതരാം-ഇതാണ് സമീർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നിലെ ഗാനം.

മരയ്ക്കാർ എന്ന സിനിമയുടെ നിർമ്മാതാവ് മോഹൻലാലിന്റെ വിശ്വസ്തൻ കൂടിയായ ആന്റണി പെരുമ്പാവൂരാണ്. 100 കോടിക്ക് അടുത്ത് മുതൽമുടക്കി കോവിഡിന് മുമ്പെടുത്ത ചിത്രം. തിയേറ്റർ റിലീസ് പ്രഖ്യാപിച്ച സമയത്താണ് വില്ലനായി കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി വച്ചു. കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം വീണ്ടും റിലീസ് തീയതി പ്രഖ്യാപിച്ചു. അപ്പോഴും മാറ്റി വയ്‌ക്കേണ്ടി വന്നു. ഇതിനിടെയാണ് തിയേറ്റർ സംഘടനയായ ഫിയോക്കും ആന്റണിയും തമ്മിൽ തെറ്റുന്നത്. ഇതോടെ മരയ്ക്കാറെ ഒടിടിക്ക് കൈമാറാൻ തീരുമാനിച്ചു. ഇതോടെ മലയാള സിനിമയിലെ വില്ലനായി സൂപ്പർ താരം മോഹൻലാൽ.

മരയ്ക്കാറെ ഒടിടിക്ക് കൊടുത്ത് കാശു വാങ്ങാനുള്ള നീക്കങ്ങളെ ഫാൻസുകാർ പോലും തള്ളി പറഞ്ഞു. തിയേറ്ററുകാരുടെ പിടിവാശി ആരും ചർച്ചയാക്കിയില്ല. ഇതിനിടെയാണ് സിനിമയുടെ പ്രിവ്യൂ മോഹൻലാലും കുടുംബവും കാണുന്നത്. ഇതോടെ ഈ ചിത്രം തിയേറ്ററിൽ എത്തിയേ മതിയാകൂവെന്ന് ലാലിന്റെ ഭാര്യ നിർബന്ധം പിടിച്ചു. സംവിധായകൻ പ്രിയദർശനം തന്റെ ആഗ്രഹം വീണ്ടും ചർച്ചയാക്കി. ഇതോടെ സിനിമയിലെ സുഹൃത്തുക്കളെ എല്ലാം അനുകൂലമാക്കി മോഹൻലാൽ നീങ്ങി. അങ്ങനെ തിയേറ്ററിലേക്ക് മരയ്ക്കാർ എത്തുകയാണ്. ആരിൽ നിന്നും അഡ്വാൻസ് പോലും വാങ്ങാതെയുള്ള ബിഗ് ബജറ്റ് സിനിമയുടെ തിയേറ്റർ റിലീസ്.

ഇന്നലെ സിനിമാ മന്ത്രി സജി ചെറിയാൻ വരെ ഇടപെട്ടാണ് ഈ പ്രശ്‌നം നിസ്സാരമായി പരിഹരിച്ചത്. തിയേറ്ററിൽ സിനിമ കളിച്ചാൽ കൊള്ളാമെന്ന മോഹം ലാലിന്റെ മനസ്സിലും എത്തിയെന്ന് അറിഞ്ഞ് ചിലർ പാരകളുമായി എത്തി. ഇതിനെയെല്ലാം കരുതലോടെ അതിജീവിക്കുകയായിരുന്നു മോഹൻലാൽ. അതിന്റെ സന്തോഷമാണ് സൈക്കിൾ ചവിട്ടും. അതിനൊപ്പം നാടുവാഴി എന്ന പഴയ സൂപ്പർ ഹിറ്റ് ചിത്രത്തെ ഓർമ്മിപ്പിക്കുന്ന പഞ്ച് ഡയലോഗും. ഫിയോക് എന്ന തിയേറ്റർ സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമവും ഇതിലൂടെ പൊളിച്ചു.

മരയ്ക്കാർ ചിത്രം തങ്ങളെ സംബന്ധിച്ച് അടഞ്ഞ അധ്യയമാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ രണ്ടു ദിവസം മുമ്പ് പ്രതികരിച്ചിരുന്നു. ''ലിബർട്ടി ബഷീറിന് അദ്ദേഹത്തിന്റെ കയ്യിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങൾ എന്തായാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ആന്റണി സംഘടനയിൽ രാജി സമർപ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല''- ഇതായിരുന്നു വിജയകുമാറിന്റെ നിലപാട് പ്രഖ്യാപനം. ഒടുവിൽ മോഹൻലാൽ ഇറങ്ങി കളിച്ചപ്പോൾ ഫിയോക്ക് വഴങ്ങി. വിജയകുമാറിന്റെ വാക്കുകൾ അപ്രസക്തമാവുകയും ചെയ്തു... അങ്ങനെ മരയ്ക്കാർ റിലീസിൽ തന്നെ വലിയൊരു വിജയം നേടുകയായിരുന്നു മോഹൻലാൽ.

ഒടിടി റീലിസ് എന്ന് ഉറപ്പിച്ച മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്ക് എത്തുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇനിയൊരു ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയും ആമസോൺ പ്രൈം റിലീസ് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രഖ്യാപിച്ചടത്ത് നിന്നാണ് മരയ്ക്കാർ ഡിസംബർ രണ്ടിന് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുന്നത്. സിനിമ തിയേറ്റററിൽ എത്തുന്നുവെന്ന് അറിഞ്ഞത് ആരാധകർക്കിടയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ റിലീസിന് എന്തുകൊണ്ട് ഡിസംബർ രണ്ട് തിരഞ്ഞെടുത്തുവെന്ന ചർച്ചയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.

അതേസമയം, മരയ്ക്കാർ തിയേറ്ററിൽ എത്തുന്നതിന് മുൻപ് സീറ്റിങ് കപ്പാസിറ്റിയിൽ ഉൾപ്പടെ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ 50 ശതമാനമായ സീറ്റിങ് കപ്പാസിറ്റി 70 ശതമാനമായി ഉയർത്തിയേക്കും. അതൊടൊപ്പം തന്നെ മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കും. ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കുകയും ചെയ്യും.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)