കൊച്ചി: തെന്നിന്ത്യയിലെ സൂപ്പർതാര പദവി ഇനി മോഹൻലാലിന് സ്വന്തം. കളക്ഷൻ റിക്കോർഡിൽ മറ്റെല്ലാ താരങ്ങളേയും പിന്നിലാക്കുകയാണ് മോഹൻ ലാൽ. നാൽപ്പത്തിരണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ നിന്നും മോഹൻലാൽ വാരിയെടുത്തത് 210 കോടി രൂപയാണ്. പുലി മുരുകന്റെ മുന്നേറ്റം തുടരുന്നതിനാൽ അമ്പത് ദിവസം കൊണ്ട് 225 കോടിയുടെ കളക്ഷൻ ലാൽ നേടുമെന്നാണ് സൂചന. മൂന്ന് സിനിമകളിലൂടെയാണ് ലാലിന്റെ നേട്ടം. കളക്ഷൻ റിക്കോർഡുകൾ തകർത്ത് മുന്നേറുന്ന പുലി മുരുകൻ കളക്ഷന്റെ കാര്യത്തിൽ നൂറ് കോടി കടക്കുമെന്നും ഉറപ്പായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വർഷം 500 കോടിയെങ്കിലും ലാലിന്റെ കളക്ഷൻ വരുമെന്നാണ് സൂചന.

ജനതാ ഗാരേജ്, ഒപ്പം, പുലിമുരുകൻ എന്നീ സിനിമകളാണ് ദിവസങ്ങളുടെ മാത്രം ഇടവേളയിൽ പ്രദർശനത്തിനെത്തുകയും പ്രേക്ഷകഹൃദയങ്ങൾ വശീകരിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ 42 ദിവസങ്ങൾക്കുള്ളിൽ ഈ മൂന്ന് സിനിമകൾ കൂടി നേടിയ കളക്ഷൻ 205 കോടിയിലധികം രൂപയാണ്. സെപ്റ്റംബർ ഒന്നിന് റിലീസായ ജനതാ ഗാരേജ് ഇതിനോടകം 136 കോടി നേടി മുന്നേറുകയാണ്. സെപ്റ്റംബർ എട്ടിന് റിലീസായ ഒപ്പത്തിന്റെ കളക്ഷൻ 50 കോടിയോട് അടുക്കുന്നു. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത പുലിമുരുകൻ ആറുദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. അതുകൊണ്ട് തന്നെ ഈ സിനിമ ലാഭം മറികടന്നു കഴിഞ്ഞു. ഈ പോക്ക് പോയാൽ തിയേറ്ററുകളിൽ നിന്ന് പുലി മുരുകൻ 125 കോടിയെങ്കിലും കൊയ്യുമെന്നാണ് വിലയിരുത്തൽ

അങ്ങനെ മലയാളത്തിൽ ബോക്‌സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുലിമുരുകൻ. ഇതുവരെയുള്ള മലയാളചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞാണ് പുലിമുരുകന്റെ കുതിപ്പ്. ആദ്യ അഞ്ചു ദിവസം കൊണ്ട് പുലിമുരുകൻ നേടിയത് 20 കോടി. മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഇരുപത് കോടി നേടുന്ന ആദ്യ ചിത്രമാണ് പുലിമുരുകൻ. ഇതോടെ മലയാളത്തിലെ ഏറ്റവും ഉയർന്ന ഇനീഷ്യലും ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ട ചിത്രവും പുലിമുരുകനായി. ആദ്യ ദിനം 4,05,87,933, രണ്ടാം ദിനം 4,02,80,666 , മൂന്നാം ദിനം 4,83,03,147 എന്നിങ്ങനെയാണ് കണക്ക്. കബാലിയാണ് കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ പണം വാരിയ ഏക ചിത്രം. പുലിമുരുകൻ റിലീസ് ദിവസം 858 ഷോ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. മലയാളസിനിമയിൽ ഇതും റെക്കോർഡ് ആണ്.

കേരളത്തിൽ കബാലി റിലീസ് ചെയ്തത് മൂന്നുറ് തിയറ്ററുകളിലായി ആയിരം ഷോയിലാണ്. നിലവിൽ ഏറ്റവും വേഗത്തിൽ 30 കോടി പിന്നിട്ട ചിത്രം മോഹൻലാലിന്റെ ഒപ്പം ആണ്. 31 ദിവസങ്ങൾക്കുള്ളിൽ 45 കോടിയാണ് ഒപ്പം സിനിമയുടെ ആഗോള തിയറ്റർ കലക്ഷൻ. പുലിമുരുകൻ പതിനഞ്ച് ദിവസം കൊണ്ട് നാൽപ്പത് ലക്ഷ്യം കടക്കുമെന്നാണ് സൂചന. ചെന്നൈയിലും പുലിമുരുകൻ തരംഗമായി കഴിഞ്ഞു. അവിടെ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്‌സ്ഓഫീസിൽ അഞ്ചാം സ്ഥാനത്ത് പുലിമുരുകനുണ്ട്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം വിദേശത്ത് റിലീസ് ചെയ്തിട്ടില്ല. ഇത് കൂടിയാകുമ്പോൾ പുലിമുരകൻ മലയാളത്തിൽ പുതുചരിത്രമാകും.

തൊണ്ണൂറുകളിൽ റിലീസ് ദിവസം ലാലിന്റെ രണ്ട് സിനിമകൾ ഇറങ്ങുമായിരുന്നു. എന്നാൽ പിന്നീട് ഈ പതിവ് മാറി. ഒരു തവണ ഒരു ചിത്രം മാത്രം തിയേറ്ററിലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. പരമാവധി കളക്ഷൻ ഒറ്റ സിനിമയ്ക്ക് കിട്ടാനും ഫാൻസുകാരിൽ നിന്ന് കൂടുതൽ പിന്തുണ ഒരു സിനിമയ്ക്ക് കിട്ടാനുമായിരുന്നു ഇത്. ചിലപ്പോഴെക്കെ മറ്റ് വമ്പൻ ഹിറ്റുകളുമായി മത്സരം ഒഴിവാക്കുന്ന സമയത്ത് പോലും ലാൽ ചിത്രങ്ങൾ എത്തി. ഈ പതിവ് തെറ്റിയത് ഈയിടെയാണ്. ലാലിന്റെ ജനതാ ഗാരേജ് തെലുങ്ക് ചിത്രമായിരുന്നു. ഈ സിനിമയുടെ മലയാളം പതിപ്പ് കേരളത്തിലെത്തി. ഇതിന് വേണ്ടത്ര വിജയവും നേടാനായി. ഓണത്തിന് ഒപ്പമിറക്കി. ഈ പ്രിയദർശൻ സിനിമ തിയേറ്ററുകളിൽ ചരിത്രമെഴുതുമ്പോൾ പുലിമുരുകനും. പുലി മുരകൻ ഹിറ്റായതോടെ ഒപ്പത്തിന്റെ കളക്ഷൻ കുറയുമെന്ന വിലയിരുത്തലെത്തി. എന്നാൽ അതുണ്ടായില്ല.

പുലിമുരുകൻ സൂപ്പർ ആക്ഷനുമായി തകർക്കുമ്പോൾ ഫാമിലി ആക്ഷൻ ത്രില്ലറായ പ്രിയന്റെ ഒപ്പത്തിനും നല്ല തിരക്കാണ്. അവധി ദിനങ്ങളിൽ ഈ ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളാണ്. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമായി ഒപ്പം മാറുമെന്നായിരുന്നു ഓണക്കാലത്തെ റിപ്പോർട്ട്. പ്രേമത്തിന്റെ ആദ്യകാല കളക്ഷൻ റിക്കോർഡുകളെല്ലാം തകർത്ത ദൃശ്യം പ്രേമത്തേയും ദൃശ്യത്തേയും കടത്തിവെട്ടുമെന്ന് ഉറപ്പാണ്. എന്നാൽ ഇങ്ങനെ പോയാൽ ഒപ്പം 65 കോടി കടക്കുന്നതിന് മുമ്പ് തന്നെ പുലിമുരകൻ ഈ ലക്ഷ്യം മറികടക്കുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പാണ് ജനതാഗാരേജിന്റെ മുന്നേറ്റ്. തെലുങ്ക് സിനിമ ഇപ്പോഴും ആന്ധ്രയിലും തെലുങ്കാനയിലും സൂപ്പർ ഹിറ്റാണ്. 136 കോടിയുടെ കളക്ഷൻ നേടിയ ജനതാ ഗാരേജ് 150 കോടിയുടെ കളക്ഷൻ മറികടക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പവും പുലുമുരുകനും ചേർന്ന് 200 കോടിയും. അങ്ങനെ ഈ വർഷത്തിന്റെ അവസാന പാദം മോഹൻലാൽ ചിത്രങ്ങൾ എല്ലാം കൂടി 350 കോടിയുടെ ടാർഗറ്റ് നേടുമെന്നാണ് വിലയിരുത്തൽ.

പുലി മുരുകൻ നാല് ഭാഷകളിൽ മൊഴി മാറ്റുന്നുമുണ്ട്. ചൈനീസ്, വിയ്റ്റാമീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് മൊഴി മാറ്റുന്നത്. ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാർകുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകൻ ചിത്രീകരിച്ചത്. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.