തിരുവനന്തപുരം: ദേശീയഗാനവിവാദത്തിൽ നിലപാടു വ്യക്തമാക്കി മോഹൻലാൽ രംഗത്ത്. സിനിമാപ്രദർശനത്തിനു മുമ്പ് തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നതിൽ എതിർപ്പ് ഉന്നയിക്കേണ്ട കാര്യമില്ലെന്ന് ഒരു ചാനലുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് സിനിമയോടുള്ള ആദരം കൂടിയാണെന്നാണ് മോഹൻലാൽ അഭിപ്രായപ്പെട്ടത്. ദേശീയഗാനത്തിന്റെ പേരിൽ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്രമേളയിലെ ഓരോ പ്രദർശനത്തനു മുമ്പും ദേശീയഗാനം കേൾപ്പിക്കാനുള്ള സുപ്രീംകോടതി നിർദ്ദേശത്തെ ചോദ്യംചെയ്തുകൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി എന്ന സംഘടന ഹർജി നല്കിയതോടെയാണ് വിവാദം ആരംഭിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനായ കമലാണ് ഹർജിക്കു പിന്നിലെന്ന് ബിജെപി ആരോപിച്ചു. തുടർന്ന് കമലിന്റെ യഥാർത്ഥ പേരായ കമാലുദ്ദീൻ എന്നതിനെച്ചൊല്ലിയും അദ്ദേഹത്തിന്റെ മതത്തെച്ചൊല്ലിയും
കടുത്ത വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു. ദേശീയഗാനത്തെ അപമാനിക്കുന്ന കമൽ പാക്കിസ്ഥാനിലേക്കു പോകണമെന്നുവരെ പറയപ്പെട്ടു.

അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഉയർന്ന ദേശീയഗാനവിവാദം കെട്ടടങ്ങിക്കൊണ്ടിരിക്കേയാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു ബ്ലോഗെഴുതിയ മോഹൻലാൽ വലിയതോതിൽ വിമർശിക്കപ്പെട്ടിരുന്നു. എല്ലാ മാസവും 21ന് ബ്ലോഗുകൾ പ്രസിദ്ധീകരിക്കാറുള്ള മോഹൻലാൽ ഇക്കുറി അതിനു മുതിർന്നില്ല. ഇതിനു കാരണം നോട്ടുനിരോധനത്തെ അനുകൂലിച്ചതിലുള്ള വിമർശനമാണെന്നു പറയപ്പെടുന്നു. ഈ മാസം ബ്ലോഗില്ലെന്ന കാര്യം മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.