കോഴിക്കോട്: മോഹൻലാൽ ആരാധകനായ ടി.ദേവന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. താൻ ഒരു മോഹൻലാൽ ഫാനായ കഥയാണ് താരം പങ്ക് വെക്കുന്നത്

28 വർഷങ്ങൾക്ക് മുൻപാണ്. ഞാൻ അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സമയം. 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലാൽ സാർ കോഴിക്കോട് എത്തി. തളി ക്ഷേത്രത്തിൽ ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞ് ഞാനും സുഹൃത്തുക്കളും അവിടെ എത്തി. ലാലേട്ടനെ കണ്ടപ്പോൾ ഉള്ള അവേശം നിയന്ത്രിക്കാൻ ആകാതെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ലാൽ സാറിനെ കടന്നു പിടിച്ചു. അപ്രതീക്ഷിതമായി ഒരാൾ കടന്നു പിടിച്ചപ്പോൾ ലാൽ സാർ വഴുതിമാറി. ഞാൻ ഉൾപ്പെടെയുള്ളവർ സുഹൃത്തിനെ പിടിച്ച് മാറ്റി. ആ ബഹളത്തിനിടയിൽ അവന്റെ ഷർട്ട് കീറി.

ഇതിനിടയിൽ കാര്യം മനസ്സിലാക്കിയ ലാൽ സാർ സുഹൃത്തിനോടൊപ്പം മഹാറാണി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു . അവിടെ എന്നെ വരവേറ്റത് മോഹൻലാൽ എന്ന പച്ച മനുഷ്യനായിരുന്നു. തിരക്കിനിടയിൽ അപ്രതീക്ഷിതമായി ഒരാൾ തനിക്ക് നേരെ വന്നപ്പോൾ ആക്രമിക്കാനാണെന്ന് കരുതിയാണ് ഒഴിഞ്ഞു മാറിയതെന്നും അതിൽ വിഷമം ഉണ്ടെന്നുമായിരുന്ന ലാൽ സാർ പറഞ്ഞത് . കീറിയ ഷർട്ടിന് പകരം ലാൽ സാർ സഹായിയെ വിട്ട് വാങ്ങിച്ച പുതിയ ഷർട്ട് സുഹൃത്തിന് നൽകിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ആ മനസ്സ് തൊട്ടറിഞ്ഞ ആ നിമിഷം മുതൽ എന്റെ ജീവിതം ലാൽ സാറിനായി മാറ്റി വെക്കാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു.

28 വർഷങ്ങൾക്ക് ഇപ്പുറവും ലാൽ സാറിനും സുചിത്രേച്ചിക്കും ഒപ്പം ചേർന്ന് നിൽക്കുമ്പോൾ വീണ്ടും എന്റെ കണ്ണുകൾ നിറയുന്നു. അഭിമാനത്തോടെ. നന്ദി ലാലേട്ടാ.

അളവില്ലാത്ത ഈ സ്‌നേഹത്തിന്..(കോഴിക്കോട് ജില്ലാ സിക്രട്ടറി ടി.ദേവൻ...)