തിരുവനന്തപുരം: നാഷണൽ ഗെയിംസിന്റെ ഉദ്ഘാന വേദിയിൽ ലാലിസം പരിപാടി അവതരിപ്പിച്ചതിന്റെ പേരിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്ക് കൈയും കണക്കുമില്ല. അതിന് ശേഷം മോഹൻലാൽ നേരിടേണ്ടി വന്ന കടുത്ത വിമർശനമാണ് ഒരു ബ്ലോഗിന്റെ പേരിൽ. ജെഎൻയു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് ബ്ലോഗെഴുതിയത് മുതൽ അദ്ദേഹത്തിന് കഷ്ടകാലമാണ്. ഫേസ്‌ബുക്കിലെ ട്രോൾ ഒരു വശത്തു കൊഴുക്കുമ്പോൾ മറുവശത്ത് മുതിർന്ന നേതാക്കൾ പോലും കടുത്ത ഭാഷയിൽ വിമർശിക്കുന്നു. പിന്തുണക്കാൻ എത്തുന്നവർ സംഘപരിവാർ പക്ഷത്തുള്ളവർ ആകുമ്പോൾ വിഷയം കൂടുതൽ വഷളാകുകയുമാണ്.

സംഘപരിവാർ ആശയങ്ങളുടെ പ്രചാരകനായി മോഹൻലാൽ മാറിയെന്നാണ് പൊതുവിലയിരുത്തൽ. ഇതിനിടെ അദ്ദേഹത്തിന്റെ ആരാധകർ ഫേസ്‌ബുക്കിൽ പ്രൊഫൈൽ ഫോട്ടോ മാറ്റിയാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഐ സപ്പോർട്ട് ലാലേട്ടൻ എന്നെഴുതിയ ഫോട്ടോയുമായാണ് ലാൽ അനുകൂലികൾ രംഗത്തുവന്നത്. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിനെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുമ്പോൾ താരം മൗനം പാലിക്കുകയാണ്. തന്റെ പുതിയ ചിത്രമായ പുലിമുരുകനെതിരെ പോലും പ്രക്ഷോഭം ഉണ്ടാകുമോയെന്ന് അദ്ദേഹം ഭയക്കുകയും ചെയ്യുന്നു.

ഇതിനിടെ എം ബി രാജേഷ് അടക്കമുള്ള നേതാക്കൾ മോഹൻലാലിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് എം ആ ഷാനവാസ് എംപിയും ലാലിനെ വിമർശിച്ച് രംഗത്തെത്തി. മോഹൻലാൽ എഴുതിയ ബ്ലോഗ് പോസ്റ്റിനോട് വിയോജിച്ചു കൊണ്ടാണ് ഷാനവാസ് എംപി. രംഗത്തെത്തിയത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലാൻ കഴിയുമെന്ന യാഥാർത്ഥ്യം മോഹൻലാലിനെ പോലെയുള്ളവർ മനസിലാക്കണമെന്ന് ഷാനവാസ് പറഞ്ഞു. ഒരു മഹാനടന്റെ അവസരവാദ വിലാപം എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിൽ ഗുജറാത്ത് കലാപത്തിൽ ജീവന് വേണ്ടി കേഴുന്ന അൻസാരിയുടെ ചിത്രവും ചേർത്തിട്ടുണ്ട്.

മോഹൻലാലിനെപ്പോലെ തന്നെ മഹാനടന്മാരായ അമീർ ഖാനും ഷാരൂഖ് ഖാനും ഉണ്ടായ അനുഭവം ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയായിരുന്നു. ഈ രണ്ട് മഹാനടന്മാരോടും പാക്കിസ്ഥാനിൽ പോകാൻ സംഘപരിവാർ ശക്തികൾ ആക്രോശിച്ചപ്പോൾ മോഹൻലാൽ പ്രതികരിച്ചു കണ്ടില്ലെന്നും ഷാനവാസ് കുറ്റപ്പെടുത്തുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ഒരു മഹാനടന്റെ അവസരവാദ വിലാപം...

ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലുവാൻ സാധിക്കും എന്ന യാഥാർഥ്യം മോഹൻലാലിനെ പോലുള്ളവർ മനസിലാക്കണം. നാളെയുടെ ഇന്ത്യയെ പ്രതിനിധി കരിക്കേണ്ട രോഹിത് വെമുലയെ പോലുള്ള യുവത്വങ്ങൾ ജാതി പിശാചിന്റെ ദുരിതം പേറി ഒരു ചാൺ കയറിൽ ജീവിതം അവസാനിപ്പിക്കുകയാണ് , ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേക്ക് ക്ഷേത്രമൊരുക്കാൻ ഒരു സംഘം സങ്കോചമില്ലാതെ മുന്നോട്ടു വരുന്നു . അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ കൽബുർഗിക്കും ദബോൽക്കറും പൻസാരെക്കും മരണ ശിക്ഷ വിധിക്കുന്നവർ രാജ്യ ഭരണത്തോട് ഒട്ടി നില്ക്കുന്നു . ഇത് കണ്ടു യുവചേദന മൗനത്തിന്റെ വാല്മികത്തിൽ ഒളിക്ക്‌മ്പോൾ മാത്രമാണ് നമ്മുടെ ഇന്ത്യ മരിക്കുന്നത് .

മാതൃരാജ്യത്തെയും ജനനിയെയും നല്ല പാതിയും വിട്ടകന്നു ജനകോടികൾക്കായി രക്തസാക്ഷിയായ ധീര ജവാന്മാരോടുള്ള സ്‌നേഹം ഒരു ഇന്ത്യക്കാരനെ പുതിയതായി പഠിപ്പിക്കേണ്ട ആവിശ്യമില്ല. ജീവൻ ബലികഴിച്ച ഒരു ജവാന്റെയും മൃതദേഹം സന്ദർശിക്കാൻ ഒരിക്കൽ പോലും മോഹലാൽ തയാറായിട്ടില്ല. വെള്ളിത്തിരയിലെ വേഷ പകര്ച്ചകളിലൂടെ മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മോഹൻലാലിന്റെ ചേതോ വികാരത്തെ നിരാശജനകമെന്ന വാക്കിലൊതുക്കുവാൻ പ്രയാസമാണ്.

മോഹൻലാലിനെ പോലേ തന്നെ മഹാനടന്മാരായ അമീർ ഖാനും , ഷാരൂഖ് ഖാനും ഉണ്ടായ അനുഭവം ജനാധിപത്യത്തോടും ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു . ഈ രണ്ടു മഹാനടന്മാരോടും പാക്കിസ്ഥാനിലേക്ക് പോകാൻ ഇവിടുത്തെ സങ്കപരിവാർ ശക്തികൾ അക്രോശിച്ചപ്പോൾ മോഹൻലാലിനെ എവിടെയും കണ്ടില്ല . അറിഞ്ഞോ അറിയാതെയോ ഞാൻ ആദരിക്കുന്ന മോഹൻലാൽ എന്ന കലാകാരൻ വർഗ്ഗീയ ശക്തികളുടെ തേച്ചുമിനുക്കിയ കത്തിയായി മാറുമ്പോൾ ലജ്ജ കൊണ്ട് നമ്മൾക്ക് തലതാഴ്‌ത്താം.

അനീതിക്കും , അസമത്വത്തിനുമെതിരെ ഉയരുന്ന സ്വാതന്ത്രൃ വാഞ്ജയുടെ ശബ്ദങ്ങളെ കപട രാഷ്ട്ര പ്രേമ ഫോബിയയിൽ മുക്കിക്കൊല്ലുന്ന കല ഹിറ്റ്‌ലർ തുടങ്ങി വച്ചതാണ്.ഇവിടെ തനിയാവർത്തനത്തിന് , സായിപ്പിന് മാപ്പെഴുതി നൽകി ജയിലറയിൽ നിന്ന് മണിയറ പുൽകിയ, ഗാന്ധി ഘാതകരുടെ പിന്മുറക്കാർ പാഴ്ശ്രമം നടത്തുന്നു.അതിന് വളമേകാൻ സിയാച്ചിന്റെ ദൈന്യതയും, നെഹ്‌റുവിന്റെ ഉദ്ധരണികളും , ലാലിന്റെ സ്വരവും ഒന്നിച്ചെന്ന് കരുതി അലിഞ്ഞ് പോകുന്നതല്ല യഥാർത്ഥ ദേശീയ വാദിയുടെ രാഷ്ട്ര ബോധവും , മാനവിക സങ്കൽപ്പങ്ങളും.