ഫെയ്‌സ്ബക്കിലും ട്വിറ്ററിലും സജീവമായ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് സോഷ്യൽമീഡിയയിലും താരമായിരിക്കുകയാണ്. ട്വിറ്ററിലും സജീവമായ നടൻ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇന്നലെ ഒരു നാഴികക്കല്ല് പിന്നിട്ടു. ട്വിറ്ററിൽ ഒരു മില്യൺ (10 ലക്ഷം) ഫോളോവേഴ്സിനെ നേടുന്ന ആദ്യ മലയാളതാരമെന്ന റെക്കോഡാണ് ലാലേട്ടന് കൈവന്നിരിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് സാമൂഹിക വിഷയങ്ങളിൽ പ്രതികരണം അറിയിക്കാനും നടൻ സോഷ്യൽമീഡിയ പലപ്പോഴും ഉപയോഗിക്കാറുണ്ട്.സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായം അദ്ദേഹം ബ്ലോഗിലൂടെ പ്രകടിപ്പിക്കാറുണ്ട്.

ഫേസ്‌ബുക്കിൽ മോഹൻലാലിനേക്കാൾ ലൈക്കുകളുള്ള ദുൽഖർ സൽമാന് പക്ഷേ ട്വിറ്ററിൽ മോഹൻലാലിനേക്കാൾ പകുതിയിലും കുറവ് ഫോളോവേഴ്സേ ഉള്ളൂ. 44,000 പേർ. മമ്മൂട്ടിക്ക് 57,000 ഫോളോവേഴ്സുമുണ്ട് ട്വിറ്ററിൽ.

ഫേസ്‌ബുക്കിൽ ഏറ്റവുമധികം ലൈക്കുകളുള്ള മലയാള പുരുഷതാരം ദുൽഖറാണ്. 43 ലക്ഷം പേർ ദുൽഖറിന്റെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. മോഹൻലാലിന് 38 ലക്ഷവും മമ്മൂട്ടിക്ക് 33 ലക്ഷവും ലൈക്കുകളുണ്ട് ഫേസ്‌ബുക്കിൽ.

ആറ് വർഷം മുമ്പ് ഒരു മെയ് മാസത്തിലാണ് മോഹൻലാൽ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും തന്റെ പുതിയ ചിത്രങ്ങളുടെ വിവരം കൈമാറുകയാണ് ലാൽ ചെയ്യാറുള്ളത്. സ്ഥിരമായി ബ്ലോഗ് എഴുതുന്ന ലാൽ അതിന്റെ ലിങ്കുകൾ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഷെയർ ചെയ്യാറുമുണ്ട്.