തിരുവനന്തപുരം: മലയാളം സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച ഒടിയൻ സിനിമയെ കുറിച്ചാണ്. ഈ സിനിമക്ക് പിന്നാലെ രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രം വരുമോ എന്ന കാര്യത്തെ കുറിച്ചും ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ മോഹൻലാൽ ഈ സിനിമയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പ്രതീക്ഷ പോയിട്ടില്ലെന്നും സിനിമ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നുമാണ് മോഹൻലാൽ പ്രതികരിച്ചത്. ഇതോടെ കോടതി കയറിയ സിനിമയുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് ആരാധകർക്ക്.

മോഹൻലാൽ സിനിമയെ കുറിച്ച് പ്രത്യേകിച്ചൊന്നും പറഞ്ഞില്ലങ്കിലും ശ്രീകുമാര മേനോനോട് താൽപ്പര്യമില്ലെന്നാണ് എംടിയോട് അടുത്ത വൃത്തങ്ങളുടെ പ്രതികരണം. ഒടിയൻ വിവാദം കൊഴുക്കുന്നതിനിടെ ശ്രീകുമാർ മേനോനെതിരെ എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി നായർ രംഗത്തെത്തി. രണ്ടാമൂഴം ആര് ചെയ്യുമെന്ന് എം ടി തീരുമാനിക്കുമെന്ന് അശ്വതി പറഞ്ഞു. അക്കാര്യങ്ങളെല്ലാം തന്റെ പിതാവ് തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അശ്വതി കൂട്ടിച്ചേർത്തു.

ശ്രീകുമാർ മേനോന് നൽകിയ തിരക്കഥ തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചത്. അത് ലഭിച്ചതിന് ശേഷം ഭാവി പരിപാടികൾ ആലോചിക്കുമെന്നും അശ്വതി വ്യക്തമാക്കി. പത്രമാധ്യമങ്ങളിലും ഇന്റർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. ഇതേതതുടർന്ന് ഫോണിലൂടെയും അല്ലാതെയും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ചോദിക്കുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നിലനിൽക്കുന്ന വിഷയത്തിൽ തങ്ങൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അശ്വതി പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാൻ വേണ്ടിയാണ് കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ച ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ തീരുമാനിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും അശ്വതി വ്യക്തമാക്കി. തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചിട്ടും രണ്ടാമൂഴം താൻ തന്നെ ചെയ്യുമെന്ന നിലപാടിലാണ് സംവിധായകൻ ശ്രീകുമാർ മേനോൻ.

അതേസമയംല രണ്ടാമൂഴം നടക്കുമെന്നാണ് സംവിധായകൻ പറയുന്നത്. ശ്രീകുമാര മേനോൻ പറയുന്നത് ഇങ്ങനെ: രണ്ടാമൂഴത്തിൽ തെറ്റിധാരണയേയുള്ളൂ. തർക്കമില്ല. എംടി സാർ എനിക്ക് ആ തിരക്കഥ തരുമ്പോൾ ഒടിയനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. എന്റെ പരസ്യചിത്രത്തിന്റെ മികവ് കണ്ടിട്ടാണ് തന്നത്. അദ്ദേഹത്തിനും സിനിമയുടെ ഭാഗമാകാൻ താൽപര്യമുണ്ട്. അദ്ദേഹത്തിന്റെ മനസിലെ സംശയങ്ങൾ ദൂരീകരിച്ച ശേഷം രണ്ടാമൂഴം ഷൂട്ട് ചെയ്യും.

താൻ ഒരു ശരാശരി സംവിധായകനും പരിശീലനം നേടിയ പരസ്യചിത്രകാരനുമാണെന്ന് ശ്രീകുമാർ മേനോൻ പത്രസമ്മേളനതിൽ പറഞ്ഞു. ഒരു ശരാശരി സംവിധായകന് എംടിയുടെ രണ്ടാമൂഴം ചെയ്യാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ശരാശരി മാർക്ക് നേടിയ ഒരാളെ നിങ്ങൾ പ്രീഡിഗ്രിക്ക് ചേർക്കാതെയിരിക്കുമോ? അയാൾ അടുത്ത തവണ ഫസ്റ്റ്ക്ലാസ് വാങ്ങില്ലെന്ന് പറയാൻ പറ്റുമോ? എന്നായിരുന്നു ശ്രീകുമാർ മേനോന്റെ മറുചോദ്യം. രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ടെന്നും തീർച്ചയായും സിനിമയെടുക്കുമെന്നു സംവിധായകൻ ആവർത്തിച്ചു.