കൊച്ചി: സംവിധാനമെന്നത് ചുമ്മാ ചെയ്യേണ്ട പണിയല്ലെന്നാണ് മോഹൻലാലിന്റെ അഭിപ്രായം. കരുതലോടെ ചെയ്യേണ്ട ഉത്തരവാദിത്തമാണ് അത്. അതുകൊണ്ട് കൂടിയാണ് സൂപ്പർതാരം സംവിധായകന്റെ റോളിൽ ഇനിയും എത്താത്തത്. പുലിമുരുകനും ജനതാഗാരേജും ഒപ്പവും സൂപ്പർഹിറ്റാക്കിയ നടൻ മനസ്സ് തൂറക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് മനനസ്സാ തുറക്കൽ. കുറച്ചുവർഷങ്ങൾക്കുള്ളിൽ സിനിമ കുറച്ചേക്കാമെന്ന് മോഹൻലാൽ പറയുന്നു. തനിക്ക് വേണ്ടി ജീവിക്കാനാണ് ഇതെന്ന് മോഹൻലാൽ വിശദീകരിക്കുന്നു.

'സിനിമയ്ക്കപ്പുറത്ത് യാത്ര ചെയ്യാനും പുസ്തകം വായിക്കാനുമൊക്കെയാണ് ഏറെ താത്പര്യമുള്ള ആളാണ് ഞാൻ. അതായിരിക്കും ചിലപ്പോൾ ഞാൻ എടുക്കുന്ന തീരുമാനവും. അഭിനയമില്ലാത്ത ലോകത്ത് ഞാൻ പൂർണമായും സന്തോഷവാനായിരിക്കും. അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഓരോ സിനിമ പൂർത്തിയാക്കിയ ശേഷവും ഒരു പത്ത് ദിവസം അവധി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നാൽ കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകൾ കാരണം അതിന് സാധിക്കാറില്ല. ഇപ്പോൾ ഞാൻ അതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ ഞാൻ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിന് വേണ്ടി ശ്രമിക്കണം.

കഴിഞ്ഞ 37 വർഷമായി ഒരേമനുഷ്യൻ തന്നെയാണ് നിങ്ങൾക്ക് മുന്നിൽ അഭിനയിക്കുന്നത്. ആളുകൾക്ക് അറിയാം ഞാൻ അന്ധനോ, അമാനുഷിക ശക്തിയോ ഉള്ളവനല്ല എന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകൻ എന്നീ സിനിമകളിലെ എന്റെ കഥാപാത്രത്തിൽ അവർ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണ് എന്റെ ശക്തി. അത് നഷ്ടമായാൽ ഈ കടപൂട്ടി ഞാൻ വേറെ ഏതെങ്കിലും പണിക്ക് പോകേണ്ടി വരും. അഭിനയത്തിൽ ആവർത്തനം സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അത് കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കും. അതേ സമയം 1971 ബിയോണ്ട് ദ ബോർഡർ എന്ന ചിത്രത്തിലെ മേജർ മഹാദേവൻ എന്നെ സംബന്ധിച്ച് പുതുമയുള്ള കഥാപാത്രമാണ്. അയാൾ വികാരങ്ങൾ പുറത്ത് കാണിക്കുന്നില്ല. സഹപ്രവർത്തകൻ യുദ്ധത്തിൽ വെടികൊണ്ട് മരിക്കുമ്പോൾ തളരാതെ വീണ്ടും യുദ്ധം ചെയ്യുന്നു. ഉള്ളിൽ വിങ്ങിപ്പൊട്ടി, കണ്ണ് അൽപമൊന്ന് നിറയുന്ന സാഹചര്യങ്ങളിൽ ഗ്ലിസറിനില്ലാതെ അഭിനയിക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്നെ സംബന്ധിച്ച് അതൊരു മാറ്റമാണ്.' മോഹൻലാൽ പറഞ്ഞു.

വിശ്വാസം ഓരോരുത്തർക്കും ഓരോ തരത്തിലാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ മിക്കവരും മാതാപിതാക്കളുടെ വഴി തന്നെയാകും തിരഞ്ഞെടുക്കുക. എന്നാൽ തന്റെ വിശ്വാസങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആളാണ് മകൻ പ്രണവെന്നും മോഹൻലാൽ പറയുന്നു. 'ഞാൻ വളർന്ന സാഹചര്യത്തിൽ, വീട്ടിലെ സ്ത്രീകൾ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകുന്നത് ആത്മീയതയാണ്. അതുകൊണ്ട് ഞാനും അമ്പലത്തിൽ പോകാൻ ശ്രമിച്ചിരുന്നു. എല്ലായ്‌പ്പോഴും അതിന് സാധിച്ചെന്നു വരില്ല. എന്നിരുന്നാലും എനിക്കു ചുറ്റും ആ ആത്മിയത ഉണ്ടെന്നാണ് വിശ്വാസം.

ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകുന്നത് പ്രണവ് ഇതുവരെ കണ്ടിട്ടില്ല. 23 രാജ്യങ്ങളിൽ നിന്നായി കുട്ടികൾ വന്ന് പഠിച്ച ക്രിസ്റ്റ്യൻ റസിഡൻഷ്യൽ സ്‌കൂളിലാണ് പ്രണവ് പഠിച്ചത്. അതുകണ്ട് തന്നെ അയാളുടെ വിശ്വാസങ്ങളും ചിന്തയും അതിന് അടിസ്ഥാനമായിരിക്കും. ഞാനൊരിക്കലും പ്രണവിനോട് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ല. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ആളാണ് പ്രണവ്. അദ്ദേഹം ഫിലോസഫി പഠിച്ചിട്ടുണ്ട്്. അയാളുടെ വിശ്വാസവും ആത്മീയതയും അതിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത തത്വചിന്തകൾ പ്രണവിനുണ്ട്. അമ്പലത്തിൽ പോകുന്നത് പോയിട്ട് പ്രാർത്ഥിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. പ്രാർത്ഥിക്കാൻ പറഞ്ഞാൽ, ഒരു നേരം പ്രാർത്ഥിക്കുന്നതുകൊണ്ട് എന്താണ് ഗുണം എന്നയാൾ ചോദിക്കും. അയാളോട് തർക്കിച്ച് കാര്യം തെളിയിക്കാൻ എനിക്കറിയില്ല.' മോഹൻലാൽ പറഞ്ഞു.