- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സൂപ്പർസ്റ്റാർ ഫ്രം കേരള'; ഐപിഎൽ ഫൈനൽ കാണാൻ മോഹൻലാലും
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ കാണാൻ മോഹൻലാലും. മത്സരത്തിന് മുമ്പ് തന്നെ താരം ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തി. 'സൂപ്പർസ്റ്റാർ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചാണ് കമൻറേറ്റർ മോഹൻലാലിനെ അന്തർദേശീയ കാണികൾക്ക് പരിചയപ്പെടുത്തിയത്. ഫൈനൽ കാണാൻ ടെലിവിഷനിലേക്ക് കണ്ണുനട്ടിരുന്ന മലയാളികൾ സ്ക്രീനിൽ മോഹൻലാലിനെ കണ്ടത് അപ്രതീക്ഷിതമായാണ്.
മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടക്കുന്ന ഫൈനലിൽ ഡൽഹിയാണ് ആദ്യം ബാറ്റ് ചെയ്യുക. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഐപിഎൽ കിരീടം തേടിയാണ് ഡൽഹി ഇറങ്ങുന്നത്. അതേസമയം അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന് ശേഷം തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്. ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിട്ട ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഡൽഹി ഇറങ്ങുന്നത്. മുംബൈ ഒരു മാറ്റം വരുത്തി. രാഹുൽ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലെത്തി.
തൊടുപുഴയിൽ നടന്നിരുന്ന 'ദൃശ്യം 2'ന്റെ ചിത്രീകരണം പൂർത്തിയാക്കി ഏതാനും ദിവസം മുൻപാണ് മോഹൻലാൽ ദുബൈയിൽ എത്തിയത്. സുഹൃത്ത് സമീർ ഹംസയ്ക്കൊപ്പം മോഹൻലാൽ ദുബൈയിൽ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതേസമയം ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാലിന് ഇനി അഭിനയിക്കാനുള്ളത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് ആണു നായിക. സായ് കുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഈ മാസം പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു.
മറുനാടന് ഡെസ്ക്