മോഹൻലാൽ-പൃഥിരാജ് എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം മലയാളി പ്രേക്ഷകർ ഏറെക്കാലമായി കാത്തിരിക്കുന്നതാണ്. ഇതിനിടെയാണ് പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാൽ നായകൻ ആകുന്നെന്ന വാർത്ത വന്നത്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ പൃഥിരാജ് ആരംഭിക്കുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം പൃഥിരാജ് അഭിനയിച്ച പോക്കിരിരാജ വൻഹിറ്റായതിനു പിന്നാലെയാണ് മോഹൻലാലിനൊപ്പവും പൃഥി അഭിനയിക്കണമെന്ന ആവശ്യ ശക്തമായത്. എന്നാൽ ഇരുവരും ഒന്നിക്കുന്ന ലൂസിഫറിന് മുൻപേ പൃഥിയും ലാലേട്ടനും ഒരുമിക്കുന്നെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൃഥിരാജ് നായകനാകുന്ന ടിയാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിഎൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ആദ്യ വാർത്തകളിലൊന്നും മോഹൻലാൽ ഉണ്ടായിരുന്നില്ല. നടനായിട്ടല്ല മോഹൻലാൽ ചിത്രത്തിലെത്തുക, പകരം മോഹൻലാലിന്റെ ശബ്ദമായിരിക്കും. ചിത്രത്തിന്റെ തുടക്കത്തിലെ നരേഷൻ മോഹൻലാലിന്റെ ശബ്ദത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഞ്ജുവാര്യർ നായികയായി എത്തിയ സൈറ ബാനു എന്ന ചിത്രത്തിന്റെ നരേഷൻ അവതരിപ്പിച്ചത് മോഹൻലാലിന്റെ ശബ്ദത്തിലായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തിരക്കഥ ഒരുക്കുന്നതും മുരളി ഗോപിയാണ്. പെരുന്നാൾ റിലീസായ തിയറ്ററിലെത്തുന്ന ടിയാൻ ജൂൺ 29ന് തിയറ്ററിലെത്തും. ഉത്തേരന്ത്യയിൽ നടന്ന ജാതി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള സിനിമയ്ക്ക് വേണ്ടി യഥാർത്ഥത്തിൽ ചിത്രീകരിച്ചെന്ന പ്രത്യേകതയുമുണ്ട്.