ലയാളസിനിമയിലെ ഇനിഷ്യൽ റെക്കോർഡുകളെല്ലാം തകർത്ത വൈശാഖ് ചിത്രം പുലിമുരുകൻ ഇത്രയും തരംഗം തീർക്കാൻ കാരണം അതിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ സാന്നിധ്യം മാത്രമല്ലെന്ന് സംവിധായകൻ ജയരാജ്. മറിച്ച് അതിന്റെ സാങ്കേതികമികവാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ഇത്രയധികം ആകർഷിക്കുന്നതെന്നും ജയരാജ് പറയുന്നു.

ഇതേ താരം തന്നെ അഭിനയിച്ച പല സിനിമകളും ഫ്ളോപ്പ് ആയിരുന്നില്ലേ? എന്തുകൊണ്ടാണ് പുലിമുരുകന് ഇത്രയും ആള് വരുന്നത്? കാരണം ആ സിനിമയുടെ പ്രത്യേകതയാണ്. ഒരാഴ്ചയിൽ 10 കോടി കളക്റ്റ് ചെയ്യുന്ന നിലയിലേക്ക് പുലിമുരുകനെ ജനപ്രിയമാക്കിയ ഘടകം അതിന്റെ ടെക്നിക്കൽ ക്വാളിറ്റിയും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ജയരാജ് പറയുന്നു.

35 കോടി ബജറ്റിൽ താൻ സംവിധാനം ചെയ്ത 'വീരം' എന്ന ചിത്രമാവും മലയാളത്തിൽ ആദ്യമായി 100 കോടി കളക്റ്റ് ചെയ്യുകയെന്നും ജയരാജ് പറഞ്ഞു. ഷേക്സ്പിയറിന്റെ 'മാക്‌ബത്ത്' എന്ന പ്രശസ്തകൃതിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് 'വീരം'. ബോളിവുഡ് താരം കുനാൽ കപൂർ നായകനാവുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി നവംബറിൽ പ്രദർശനത്തിനെത്തും.

ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാം ചിത്രമായി ഒരുങ്ങുന്ന വീരത്തിൽ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നത്. വടക്കൻപാട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അവതാർ, ലോർഡ് ഓഫ് ദി റിങ്സ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ പ്രവർത്തിച്ച അലൻ പോപ്പിൾടൺ ആണ് വീരത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. 'ഗെയിം ഓഫ് ത്രോൺസ്' ചെയ്ത പ്രാണാ സ്റ്റുഡിയോസാണ് വിഎഫ്എക്സ് ചെയ്യുന്നത്.

ഗ്ലാഡിയേറ്ററും' 'സ്റ്റാർവാർസും' ചെയ്ത, ഓസ്‌കർ ജേതാവ് ട്രിഫോർ പ്രൗഡ് മേക്കപ്പും. ഗ്ലാഡിയേറ്റർ, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ, ദ ഡാർക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹാൻസ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്പൈഡർ മാൻ, ടൈറ്റാനിക് ഹാരിപോർട്ടർ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. ഒപ്പം എസ് കുമാർ ക്യാമറ കൈകാര്യം ചെയ്യുന്നു.