ച്ചിൻ തെണ്ടുൽക്കർ സൗജന്യമായി റൺ കേരളാ റണ്ണിൽ വന്ന് പോയിട്ടും മോഹൻലാലിന്റെ സ്‌റ്റേജ് ഷോയുടെ ആദ്യ പരിപാടിക്ക് രണ്ട് കോടി നൽകുന്നത് അന്യായം എന്ന വാർത്ത പുറത്ത് വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. ആ വാർത്ത സോഷ്യൽ നെറ്റ് വർക്ക് ഒരുപോലെ ഏറ്റെടുത്തതോടെ ഒടുവിൽ മോഹൻലാൽ തന്നെ മറുപടിയുമായി എത്തി. താൻ ഒരു പൈസ പോലും വാങ്ങുന്നില്ലെന്നും തന്റെ കൂടെ പണിയെടുക്കുന്ന കലാകാരന്മാരുടെ ചെലവിനാണ് രണ്ട് കോടി എന്നുമായിരുന്നു ലാലിന്റെ വിശദീകരണം. ലാലിസത്തിന് ലാൽ രണ്ട് കോടി വാങ്ങുന്നു എന്ന മറുനാടൻ വാർതത് നിഷേധിക്കാൻ ആവാത്തതുകൊണ്ട് ഞാൻ ഇടത് വശത്തുകൂടിയല്ല നടുക്കോട്ട് പോയത് വലത് വശത്ത് കൂടിയാണ് എന്നുള്ള വിശദീകരണം. എന്തായാലും കേരളത്തെ കോരി തരിപ്പിക്കാൻ കാത്തിരുന്ന രണ്ടുകോടി ലാലിസം ഇന്നലെ സ്‌റ്റേജിൽ അവതരിച്ച് കഴിഞ്ഞു. പണം കൊടുത്ത് കൈയടിക്കാൻ കൊണ്ട് വന്ന ആയിരക്കണക്കിന് മോഹൻലാൽ ഫാൻസ് പോലും കൂവാൻ വയ്യാത്തതുകൊണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കുകയായിരുന്നു ഇന്നലെ.

കേരള ചരിത്രത്തിൽ ഇന്നേവരെ നടന്ന ഏറ്റവും മോശമായ പരിപാടി എന്ന് വേണമെങ്കിൽ ലാലിസത്തെ വിലയിരുത്താം. കേരളത്തിൽ നടന്ന എല്ലാ പരിപാടികളും കാണാതെ ഈ ലേഖകന് അങ്ങനെ പറയാൻ കഴിയാത്ത് എങ്ങനെ എന്ന ചോദ്യം ഉയരാം. ഇങ്ങനെ വില ഇരുത്താൻ പ്രധാന കാരണം ഇതിന് വേണ്ടി ചെലവാക്കിയ തുക കൂടി കണക്കിലെടുത്തതുകൊണ്ടാണ്. ലാലിന്റെ ട്രൂപ്പിന് മാത്രം രണ്ട് കോടി നൽകി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് (അങ്ങനെ അല്ല എന്ന് ലാൽ പറഞ്ഞാൽ അത് തിരുത്താം). ഈ പരിപാടിക്ക് ഉപയോഗിച്ച സ്‌റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ലക്ഷക്കണക്കിന് വാട്‌സ് ശബ്ദത്തിനും വെളിച്ചത്തിനും ചെലവായ പണം കൂടി കണക്കിലെടുത്താലെ ഏകദേശ ചെലവ് കണ്ടെത്താൻ കഴിയൂ. ഏതാണ്ട് 20 കോടി രൂപ മുടക്കിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. ലാലിസത്തിന്റെ ഭാഗമെന്ന് ആരാധകർ പ്രചരിപ്പിക്കുന്ന 5000 ത്തിൽ അധികം കലാകാരന്മാർ നിരന്ന പരിപാടികളുടെ ബഡ്ജറ്റ് വേറെ ആയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ആ ചെലവുകൾ കൂടി ഈ കണക്കിൽ പെടുത്തിയാൽ ലാലിസം എന്ന പരട്ടു നാടകത്തിന് സർക്കാർ ഖജനാവിൽ നിന്നും മാറ്റി വച്ചത് കോടികളാണ്.

ഇന്നിറങ്ങിയ പത്രങ്ങൾ വായിച്ചാൽ തോന്നുക മോഹൻലാൽ കുഞ്ഞാലിമരക്കാരായി വേഷംകെട്ടി ആയിരക്കണക്കിന് കാഴ്ചക്കാരുടെ മുൻപിലേക്ക് എഴുന്നെള്ളി എന്നാണ്. എന്നാൽ സ്‌റ്റേജിൽ കയറി പശു അമറുന്നതു പോലെ ചില പാട്ടു പാടിയതൊഴിച്ചാൽ ലാലിന് അവിടെ വേറൊരു റോളും ഇല്ലായിരുന്നു. കുഞ്ഞാലിമരക്കാർ എന്ന പേരിൽ ലാൽ നായകനായി അഭിനയിക്കാൻ പോകുന്ന ഒരു സിനിമയുടെ ട്രെയിലർ ആയിരുന്നു അവിടെ പുറത്ത് വിട്ടത്. അതും മുൻകൂട്ടി ഷൂട്ട് ചെയ്തു സ്‌ക്രീനിൽ കാണിക്കയായിരുന്നു. ഒരു പക്ഷെ രണ്ട് കോടിയുടെ കണക്കിൽ പെടുത്തി ആയിരിക്കും ഇതും നിർമ്മിച്ചിരിക്കുന്നത്. എങ്കിൽ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. ഇങ്ങനെ ഒരു സിനിമ ലാൽ ഇറക്കുമ്പോൾ ഈ സീനുകൾ സിനിമയിൽ ഉപയോഗിക്കുമോ എന്നതാണ് ആദ്യ ചോദ്യം. അങ്ങനെ ഉപയോഗിച്ചാൽ ഇതിന് വേണ്ടി പണം മുടക്കിയ സർക്കാരിന് ആ പണം തിരിച്ചു നൽകേണ്ടതില്ലേ? ഇനി അഥവാ ഇത് അങ്ങനെ ഉപയോഗിക്കുന്നില്ല എന്ന് കരുതുക. അവിടെയും ഉണ്ട് പ്രശ്‌നം. ലാലിസം എന്ന ബാന്റായി ലോകം മുഴുവൻ അവതരിപ്പിക്കാനാണ് പദ്ധതി എന്നാണ് ഇതിന്റെ അണിയറ ശിൽപ്പികൾ മുൻകൂറായി പറയുന്നത്. അങ്ങനെ എങ്കിൽ ഇതിന്റെ മുടക്കു മുതൽ മുഴുവൻ ആദ്യ ഷോയിൽ നിന്ന് തന്നെ അടിച്ച് മാറ്റുന്നത് യുക്തിയാണോ? കാട്ടിലെ തടി തേവരുടെ ആന വലിയടാവലി എന്ന മനോഭാവം മോഹൻലാലിനെ പോലൊരു നടന് പറ്റിയതാണോ എന്നതാണ് ഇവിടെ ഉയർത്തേണ്ട ചോദ്യം?[BLURB#1-H] 

ഹിന്ദി പാട്ടുകളെ പെരുമഴയിൽ കുതിർന്ന ജീവിത കഥ

ലാലിസം കണ്ടിറങ്ങിയ ഒരാൾ പോലും നല്ലത് എന്ന് പറഞ്ഞില്ല എന്നതാണ് ലാലിസത്തിനെതിരെ ഞങ്ങൾ ഉയർത്തിയ വിമർശനത്തിന് ഏറ്റവും അധികം സാധൂകരണം നൽകുന്നത്. കടുത്ത ലാൽ ആരാധകർ പോലും പരിപാടി തുടങ്ങി ഏറെ വൈകാതെ സ്ഥലം കാലിയാക്കി. ആറ് മണിക്ക് തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അഞ്ച് മണിക്ക് ശേഷം വന്നവരെ ആരും ഹാളിലേക്ക് കടത്തി വിട്ടിരുന്നില്ല. ഏറ്റവും കുറഞ്ഞത് 25000 പേരെങ്കിലും ഹാളിൽ കയറാനാവാതെ മടങ്ങിപോയി കാണും. 55000 ത്തോളം സീറ്റുകൾ ഉള്ള ഹാൾ നിറയെ ആളുകൾ എത്തിയിരുന്നു. എന്നിട്ടും ഒൻപതരയ്ക്ക് ലാലിസം തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും പുറത്തേക്ക് ആൾപ്രവാഹം ആയിരുന്നു. ലാൽ ഫാൻസുകൾക്കായി ഒഴിച്ചിരുന്ന ഗാലറികൾ പോലും ശൂന്യമായി തുടങ്ങി. ആദ്യം എത്തി ഒരു പാട്ടുപാടി മടങ്ങിയ ലാൽ പിന്നെ പരിപാടി അവസാനിക്കാറായപ്പോഴാണ് പാട്ടുകളുമായി വീണ്ടും എത്തിയത്.

സ്‌റ്റേജിൽ കുഞ്ഞാലിമരക്കാരായും മറ്റും ലാൽ നിറയുമെന്ന് മുൻപേ പ്രഖ്യാപിച്ച് ആഘോഷിച്ചു ജനങ്ങളെ പറ്റിച്ച മാദ്ധ്യമങ്ങൾ ആ പണി ഇന്നും തുടരുന്നുണ്ട്. എന്നാൽ അതൊരു കബളിപ്പിക്കൽ മാത്രം ആയി മാറുക ആയിരുന്നു. തുറസ്സായ വിശാലമായ സ്‌റ്റേഡിയത്തിന് നടുവിൽ തീർത്ത് സ്‌റ്റേജിൽ നിന്നിരുന്ന കലാകാരന്മാരെ തിരിച്ചറിയാൻ എല്ലാ കാണികൾക്കും കൂറ്റൻ ടെലിവിഷൻ സ്‌കീൻ തന്നെ വേണമായിരുന്നു. സാക്ഷാൽ യേശുദാസ് പാടിയാൽ പോലും നേടാൻ കഴിയാത്ത ഒരു തുറന്ന വേദിയിൽ മോഹൻലാൽ പാട്ട് പാടുന്ന ദയനീയവസ്ഥ ഓർത്തു നോക്കൂ. തനിക്കറിയാത്ത പണിയാണ് ചെയ്തതെന്ന് സ്റ്റുഡിയോയിൽ് റെക്കോർഡ് ചെയ്ത ട്രെയിലർ പുറത്ത് വിട്ടപ്പോഴേ വ്യക്തമായിരുന്നു. രണ്ട് കോടി കൊടുത്താൽ കെ എം മാണി പോലും ഇതിലും നന്നായി പാടുമെന്ന് ഒരു സരസൻ ഫെയിസ്ബുക്കിൽ പോസ്റ്റിട്ടത് പോലെ ആയിരുന്നു മോഹൻലാലിന്റെ ഞരങ്ങി മൂളൽ. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ 35 വർഷക്കാലത്തിന്റെ കഥയാണ് എന്ന് പത്രങ്ങൾ എഴുതിയത് എന്തിനെക്കുറിച്ച് എന്നോർത്തു അത്ഭുതം കൂറുകയായിരുന്നു കാണികൾ.

ഹരിഹരൻ പാടാതിരുന്നപ്പോഴും പാട്ട് കേട്ടത് എങ്ങനെ?

ആദ്യ പാട്ടിന് ശേഷം ലാൽ മുങ്ങിയപ്പോൾ ഊഴം ഹരിഹരനും സുജാതയും എം ജി ശ്രീകുമാറും അടങ്ങിയ പാട്ടുകാരുടെ സംഘം ഹിന്ദി പാട്ടുകളുടെ ഒരു നിര തന്നെ തകർക്കുന്നുണ്ടായിരുന്നു. ഇവരിൽ പലരും റെക്കോർഡ് ചെയ്ത പാട്ട് കേൾപ്പിച്ച് ചുണ്ടനക്കിയാണ് പിടിച്ച് നിന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇടയ്ക്ക് ഹരിഹരൻ പാടാതെ നിന്നപ്പോഴും ഹരിഹരന്റെ പാട്ടുകേട്ടത് കൂക്ക് വിളിയുടെ ആഴം വർദ്ധിപ്പിച്ചു. പാട്ട് മാത്രമല്ല ലൈവ് ആയി അവതരിപ്പിച്ച മ്യൂസിക് സംവിധാനം മുഴുവൻ റെക്കോർഡ് ആയിരുന്നെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇക്കാര്യം വിശദീകരിച്ച ഒരു സംഗീത പ്രേമി നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇതിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.[BLURB#2-VL] 

'ഇന്നലെ ദേശീയ ഗൈംസ് നോട് അനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ നിന്ന് ഉയർന്ന സംഗീത ശബ്ദങ്ങൾ ,' പാടിയ ' ശബ്ദങ്ങളും അടക്കം , ഒന്നും തന്നെ 'ലൈവ് ' ആയിരുന്നില്ല. ആ വന്ന തമിഴ് കാമറാ ടെക്‌നീഷ്യൻസിന് , ഈ സംഗതി അറിയാത്തത് ,' പബ്ലിക്കിന് ' ഈ തട്ടിപ്പ് അറിയാൻ അവസരം ഒരുക്കി. അതിൽ ' അഭിനയിച്ച 'എല്ലാ 'കഴിവുള്ള ' സംഗീത കലാകാരന്മാർക്കും, ഒരു ലോഡു പുച്ഛം ഇതാ സമർപ്പിക്കുന്നു. സംഗീതത്തിൽ 'പറ്റിപ്പല്ല ' പ്രാക്റ്റീസ് ആണ് വേണ്ടത് ..കഴിവുള്ള ഒരുപാടു കലാകാരന്മാരും കലാകാരികളും കേരളത്തിൽ തന്നെ ഉള്ളപ്പോ, 'ലാലിസം ' എന്ന ബാൻഡ് പ്രമോട്ടർ കൂടി ആയ ടി കെ രാജീവ് കുമാർ സാർ, ദേശീയ ഗൈയിംസ് കമ്മിറ്റിയിലും അംഗം ആയ കാരണം കൊണ്ട് ആവാം, ആ ബാൻഡിനെ പ്രമോട്ട് ചെയ്യാൻ ഇത്രേം വല്യ സാഹസത്തിനു മുതിർന്നത് .. പക്ഷെ കള്ളി പുറത്തു വന്ന സ്ഥിതിക്ക്, മാപ്പ് പറച്ചിൽ കൊണ്ടൊന്നും ഈ പ്രശ്‌നം തീരില്ല. ഈ ഉടായിപ്പിന് കൊടുത്ത കാശ് ജനങ്ങളുടെ നികുതിയിൽ നിന്നാണെന്ന് തന്നെ കാരണം. ക്രിമിനൽ കുറ്റം ആണോ എന്ന് നിയമവിദഗ്ദർ പറയട്ടെ. ഏതായാലും കലാപരമായി, ക്രിമിനൽ കുറ്റം തന്നെ ആണ് ഇത് '

ഈ ആരോപണത്തിന്റെ സത്യം ആർക്കും അറിയില്ല. എന്നാൽ ഗാനമേളകളിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ് എന്ന ആക്ഷേപമുണ്ട്. ഇതുപോലൊരു തുറന്ന വേദിയിൽ ഇത് നടന്നാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ലാലിനെതിരെ ഇത്തരം ആരോപണം മുമ്പേ ഉള്ളതാണ്. പണ്ട് ലണ്ടനിൽ വച്ച് നടന്ന ഒരു സ്‌റ്റേജ് ഷോയിൽ ഇത്തരം ഒരു അബദ്ധം ലാലിന് പറ്റിയത് വലിയ ചർച്ചയായിരുന്നു. ഏതാണ്ട് എട്ടു വർഷം മുമ്പ് ബ്രിസ്‌റ്റോൾ എന്ന ബ്രിട്ടീഷ് നഗരത്തിൽ വച്ചായിരുന്നു ആ ഷോ നടന്നത്. ലാൽ പാടിക്കൊണ്ടിരുന്നപ്പോൾ സ്‌റ്റേജിലേക്ക് അപ്രതീക്ഷിതമായി ഒരാൾ ഓടി കയറുകയും അയാളെ ലാൽ പാടുന്നതിനിടയിൽ ഉന്തി താഴെയിടുകയും ചെയ്തിട്ടും പാട്ട് മുറിയാതെ തുടർന്നു എന്നാണ് അന്ന് ആരോപണം ഉയർന്നത്. ഇത്തരം ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി സത്യം ആണെങ്കിൽ വഞ്ചനയ്ക്ക് കേസ് എടുക്കാൻ സൗകര്യം ഉണ്ടാവുകയാണ് വേണ്ടത്.

അനേകം കോടികളുടെ പരിപാടി രണ്ട് കോടിയുടേതാക്കി നടത്തിയ കൺകെട്ട്‌

ലാലിസത്തെ ഇഷ്ടപ്പെട്ട ഒരാളെയും കണ്ടെത്താൻ കഴിയാത്തപ്പോഴും ഉദ്ഘാടന ചടങ്ങ് തീരെ മോശമായിരുന്നില്ല എന്ന് പറയുന്നവർ അനേകമുണ്ട്. ഒരു പരിധിവരെ അത് ശരിയാണ് താനും. കേരളത്തിന്റെ തനത് കലാരൂപങ്ങൾ എല്ലാം ഒരുമിപ്പിച്ച് ആയിരക്കണക്കിന് നർത്തകരെ സ്‌റ്റേജിൽ എത്തിച്ച് മനോഹരമായ ശബ്ദ മിശ്രണത്തിലൂടെ നല്ലൊരു സന്ധ്യ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. കഥകളി വേഷങ്ങളും മോഹിനിയാട്ട രൂപങ്ങളും 400 മീറ്റർ നീണ്ട സ്‌റ്റേഡിയത്തിന് ചുറ്റും വിളക്കുകളുമായി അണിനിരന്ന യുദ്ധഭടന്മാരും പരമ്പരാഗത കലാ രൂപങ്ങളും ഒക്കെ കണ്ണിന് മിഴിവേകുന്നതായി. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ താളപ്പെരുക്കവും കുടമാറ്റവും ഒന്നു വേറെ തന്നെയായിരുന്നു. പ്രധാന സ്‌റ്റേജിന്റെ ഒരു വശത്ത് കെട്ടി ഉയർത്തിയ രണ്ട് സ്‌റ്റേജുകളിൽ നിറഞ്ഞ് നിന്ന് നൃത്തം ചെയ്ത നൂറുകണക്കിന് മലയാളി മങ്കമാർ ഏത് അധമന്റെയും കണ്ണിന് കുളിർമയേകും. ലാലിസം എന്ന കൊടും ക്രൂരത മറക്കാൻ ജനത്തെ പഠിപ്പിച്ചത് ഈ അനുഭവം ആയിരുന്നു.

സത്യത്തിൽ ഇതൊരു കൺകെട്ട് വിദ്യയായിരുന്നു. ലാലിസത്തിന്റെ പേരിൽ വിവാദം ഒഴിവാക്കാനുള്ള കൺകെട്ട് വിദ്യ. ഇത് കണ്ടവരൊക്കെ കൊള്ളാം എന്ന് പറയുമ്പോൾ അതിന്റെ ഗുണം ലാലിസം എന്ന് ആഭാസത്തിന് കൂടി ലഭിക്കും എന്ന കണക്കുകൂട്ടൽ. ഇതിന് വേണ്ടി മുടക്കിയ പണം എത്ര എന്നറിയുമ്പോൾ മാത്രമേ കയ്യടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. കോടികൾ മുടക്കിയാൽ അനേകം കലാകാരന്മാരെ എത്തിച്ച് ഇങ്ങനെ ഒരു കാഴ്ച സുഖം ഉണ്ടാക്കാൻ സാധിക്കും എന്നതിൽ എന്താണ് അത്ഭുതം ഉള്ളത്. തലസ്ഥാനത്തിന് സർക്കാർ വർഷം തോറും നടത്തുന്ന ടൂറിസം വാരാഘോഷത്തിലും ഉണ്ടല്ലോ ഇത്തരം സുഖകരമായ കെട്ടുകാഴ്ചകൾ. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് മാറ്റിവച്ചിരിക്കുന്നത് 27 കോടിയാണ് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അന്ന് പറഞ്ഞിരുന്ന പ്രസിഡന്റും പ്രധാനമന്ത്രിയും എആർ റഹ്മാനും കാൾ ലൂയിസും ഒന്നും ഇവിടെ എത്തിയില്ല. അഞ്ച് കോടി കൊടുക്കേണ്ട റഹ്മാൻ ഒഴിവായപ്പോൾ തന്നെ ചെലവ് കുറെ കുറഞ്ഞു. അതുകൊണ്ട് എത്ര കോടിയാണ് ഇതിന് ചെലവിട്ടത് എന്നറിഞ്ഞാൽ മാത്രമേ ഈ കണക്കെടുപ്പ് പൂർത്തിയാകൂ.[BLURB#3-VR] 

കണ്ണാടി കൂട്ടിൽ അടച്ച പത്രക്കാർ

ഇന്നത്തെ പത്രങ്ങൾ നിറയെ അത്ഭുത വാർത്തകൾ നിറയുന്നതിന് പിന്നിൽ പണം മാത്രമാണോ കാരണം എന്ന സംശയം ഇല്ലാതില്ല. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ അനുവദിച്ചിരിക്കുന്നത് പ്രത്യേക സൗകര്യങ്ങളാണ്. എസി ചെയ്ത കണ്ണാടി കൂട്ടിൽ വലിയ സൗകര്യത്തിൽ ഇരുന്ന് റിപ്പോർട്ട് ചെയ്യാം. ഇതു പക്ഷെ പുറംകാഴ്ച മാത്രമാണ്. മീഡിയ സെന്ററിലേക്ക് കയറിയാലേ കാര്യങ്ങളുടെ ശരിയായ കിടപ്പ് വ്യക്തമാകൂ. സാധാരണ പ്രസ്സ് ഗ്യാലറികൾ സ്‌റ്റേഡിയത്തിന് ഏറ്റവും താഴെ ആണെങ്കിൽ ഇത് രണ്ടാം നിലയിലാണ്. മാദ്ധ്യമ പ്രവർത്തകർക്ക് അത്‌ലറ്റുകളെയോ വിഐപികളെ കാണാൻ പോവണമെങ്കിൽ പോലും നടക്കില്ല. സൗജന്യമായി പറഞ്ഞത് മൊബൈൽ ഫോണിന് പോലും റെയിഞ്ച് ഇല്ലാത്ത സ്ഥലത്താണ് സംഗതികൾ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണാടി ചില്ലിട്ട് അടച്ചതോടെ സ്‌റ്റേഡിയത്തിന് അകത്ത് നടത്തുന്നതൊക്കെ ഒരു മുഴക്കമായി മാത്രമാണ് കേൾക്കാൻ കഴിയുന്നത്. ഒന്നും കേൾക്കാൻ കഴിയാതിരുന്നതുകൊണ്ടാകാം ഒരു പക്ഷെ മാദ്ധ്യമങ്ങൾ എല്ലാം ശുഭം എന്ന് കുറിച്ചതെന്ന വാദം ശക്തമാണ്.

സർവ്വതും പാളിയ സംഘാടകത്വം

ഈ താളമേളത്തിന് ശേഷം ഏതാണ്ട് ഒരു മണിക്കൂറോളം ആണ് കാണികളെ വെറുതെ ഇരുത്തിയത്. കുഞ്ഞാലിമരക്കാർ സ്‌റ്റേജിൽ വരാനുള്ള തയ്യാറെടുപ്പായിരിക്കും എന്നു കരുതി ക്ഷമയോടെ കാത്തിരുന്നവരുടെ വായിൽ കമ്പിട്ട് തിരുകാൻ മൈക്കും പിടിച്ച് എത്തിയത് ലാലേട്ടന്റെ തവള കരയുന്ന ശബ്ദമായിരുന്നു. ഈ കൊടും ക്രൂരതയ്ക്ക് കാത്ത് നിൽക്കാതെ നിമിഷനേരം കൊണ്ട് ഗ്യാലറികൾ ശൂന്യമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വെളിയിലേക്ക് ഇറങ്ങിയവർ പിന്നെയും തെറിവിളി തുടർന്നു. അനേകായിരം വാഹനങ്ങൾ സ്‌റ്റേഡിയത്തിന് സമീപം മണിക്കൂറുകളോളം കുരുങ്ങി കിടക്കുകയായിരുന്നു. മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ആംബുലൻസിനും മാത്രമായിരുന്നു കടന്നുപോകാൻ പറ്റിയത്. കാര്യവട്ടം ക്യാമ്പസിൽ പാർക്ക് ചെയ്ത കാറുകൾ വെളിയിൽ ഇറക്കാൻ രണ്ട് മണിക്കൂറോളം വേണ്ടി വന്നു. സുരക്ഷയുള്ള സച്ചിന് പോലും വാഹനം കിട്ടാത്തതരം അശാസ്ത്രീയമായിരുന്നു സംഘാടകത്വവും.

സൗജന്യമായി നടത്തിയ ഭക്ഷണ വിതരണത്തിന്റെ പേരിൽ എത്ര കോടികൾ തട്ടിച്ചു മാറ്റിയെന്ന് ഇനിയും കണ്ടെത്തേണ്ടതാണ്. മന്ത്രിമാർ മാറി മാറി പ്രസംഗിച്ചിട്ടും സച്ചിൻ തെണ്ടുൽക്കർക്ക് മൈക്ക് കൊടുക്കാതിരുന്നത് മറ്റൊരു നാണക്കേടായി. സച്ചിൻ ഇരുന്ന സ്ഥലത്ത് വേണ്ടത്ര വെളിച്ചം പോലും ഇല്ലായിരുന്നത് കാണികളെ നിരാശരാക്കി. സ്‌റ്റേഡിയത്തിന് പുറത്തും അകത്തും കണ്ട താരങ്ങൾക്ക് പറയാൻ കുറ്റങ്ങളും കുറവുകളും മാത്രമാണ്. ഇതുവരെ അത്‌ലറ്റുകളെ വില്ലേജിൽ താമസിപ്പിക്കാൻ സാധിച്ചിരുന്നില്ല. വാഹനങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്നത് മണിക്കൂറൂകളാണ്. ഒരു സ്‌റ്റേജും മറ്റൊരു സ്‌റ്റേജും തമ്മിൽ ഒരു വഴിയുമില്ല. മുഖ്യ മീഡിയ സെന്റർ പ്രസ് ക്ലബിൽ വച്ചതുകൊണ്ട് പത്രക്കാർക്ക് അങ്ങോട്ട് പോകാൻ വഴിയില്ല. മത്സരിക്കാനുള്ള ഒരു ഉപകരണവും എത്തി ചേർന്നിട്ടില്ല. എല്ലാം വാടകയ്‌ക്കെടുത്താണ് നടത്തിപ്പ്. ഇങ്ങനെ എണ്ണി എണ്ണി പറഞ്ഞാൽ പിടിപ്പുകേടുകളുടെയും കാര്യക്ഷമതയുടെയും മഹാമേളയാണ് ഇത്. എന്നാൽ ഇതൊന്നും പൊതുജനം അറിയില്ല. മാദ്ധ്യമങ്ങൾക്കും മംഗളം, തേജസ് പോലെയുള്ള ചെറുകിട പത്രങ്ങൾക്ക് പോലും കുറ്റം പറയാതിരിക്കാൻ ഗെയിംസ് ഫണ്ടിൽ നിന്നും നൽകിയത് 40 ലക്ഷം വീതമാണ്. ആദ്യം പത്ത് കോടി ലഭിച്ച മനോരമയ്ക്ക് ഈ പരസ്യം വീതം വെയ്‌പ്പിലും ലഭിച്ചു വലിയൊരു തുക. 

ഓൺലൈൻ പത്രങ്ങളും സോഷ്യൽ നെറ്റ്‌വർക്കും കൂടി ശുദ്ധീകരിക്കാൻ പുതിയ പദ്ധതി വരുന്നുണ്ട്. ദേശിയ ഗെയിംസും ഓഫീസിൽ കയറിയിറങ്ങി ഇന്നേവരെ ജനം കണ്ടിട്ടില്ലാത പല പോർട്ടലുകളും വീതം കൈപ്പറ്റി കഴിഞ്ഞു. മറുനാടൻ മലയാളിക്ക് പരസ്യം വേണോ എന്ന് ചോദിച്ച് സംഘാടക സമിതി ഓഫീസിൽ നിന്നും കോൾ വന്നു കഴിഞ്ഞു. വാർത്ത എഴുതുന്നതിൽ നിയന്ത്രണം പ്രഖ്യാപിക്കില്ലെങ്കിൽ മാത്രമേ പരിഗണിക്കൂ എന്നാണ് ഞങ്ങളുടെ നിലപാട്. ഇങ്ങനെ വീതം കൈപ്പറ്റുന്നവർ അനേകമായതോടെ ജനം എല്ലാം കുത്തഴിഞ്ഞ ഒരു ദേശീയ ഗെയിംസിനെ പുകഴ്‌ത്തുകയാണ്. നമ്മുടെ നാട്ടിൽ നടക്കുന്ന മേള എന്ന നിലയിൽ ഒരു സംയമനം പാലിക്കാൻ ശ്രമിക്കുമ്പോഴും ഇങ്ങനെ കുത്തഴിഞ്ഞ ഒരു സംവിധാനത്തെ കണ്ടില്ലെന്ന് നടിക്കാൻ എങ്ങനെ പറ്റും എന്ന ചോദ്യം ബാക്കിയാകുന്നു.

വാൽക്കഷണം: ഒരു പ്രമുഖ അത്‌ലറ്റിനെ സ്‌റ്റേഡിയത്തിൽ വച്ച് കണ്ട് മുട്ടി. സർക്കാരിന്റെ പ്രഖ്യാപിത ശത്രുവായ ഒരു ചാനലിൽ അഭിമുഖത്തിന് ഗെയിംസ് തുടങ്ങിയതിന്റെ തലേദിവസം വിളിച്ചിരുന്നത്രേ. അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് അവതാരകൻ ചെവിയിൽ പറഞ്ഞത്രേ നെഗറ്റീവായി ഒന്നും പറയരുത്. അത് പറഞ്ഞാലും കൊടുക്കാൻ നിവൃത്തിയില്ല എന്ന്. ആ ചാനലിന്റെ പേര് കേട്ടാൽ എല്ലാവരും ഞെട്ടും. എങ്ങനെയുണ്ട് നമ്മുടെ പെയ്ഡ് ന്യൂസ് സംസ്‌കാരം?