മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫർ ഇതിനോടകം തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ പ്രൊജക്ടാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപിയാണ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങിയപ്പോൾ ഈ വർഷം ലൂസിഫർ സംഭവിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

എന്നാൽ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആദ്യമേ ആരംഭിക്കൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ.പൃഥ്വിയുടെ തിരക്കും മോഹൻലാലിന്റെ ഡേറ്റും തമ്മിൽ ഒത്തു പോകാത്തതാണ് ചിത്രീകരണം വൈകാൻ കാരണം.നിലവിൽ പൃഥ്വിയുടേതായി ഏഴ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമേ പൃഥ്വി മോഹൻലാൽ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലേക്ക് കടക്കു. മോഹൻലാലിനും ഈ വർഷം തിരക്ക് തന്നെയാണ്. ജോർജിയയിൽ 1971 ബിയോണ്ട് ദ ബോർഡറിന്റെ അവസാനഘട്ട ചിത്രീകരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുക. മാർച്ച് ഒന്നിന് ചിത്രീകരണം തുടങ്ങും. ഇതിനിടയിൽ മോഹൻലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രവും പവൻ കല്യാണിനൊപ്പമുള്ള സിനിമയും മോഹൻലാലിന് പൂർത്തിയാക്കണം.

ഈയാഴ്ച റിലീസ് ചെയത എസ്ര, ഹിന്ദി ചിത്രം നാം ഷബാന, ഗൗതം മേനോന്റെ ബഹുഭാഷാ ചിത്രം, റോഷ്നി ദിനകറിന്റെ മൈ സ്റ്റോറി, വിമാനം, ടിയാൻ, കർണ്ണൻ എന്നിവയാണ് 2017ൽ പൃഥ്വിരാജിന്റെ പ്രൊജക്ടുകൾ. ഇതിൽ നാംഷബാനയും മൈ സ്റ്റോറിയും പൂർത്തിയാക്കി. പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന വിമാനമാണ് അടുത്തതായി തുടങ്ങാനുള്ളത്.

അപ്പോഴേക്കും മുരളി ഗോപിയുടെ തിരക്കഥയുടെ അവസാന മിനുക്കുപണികൾ പൂർത്തിയാക്കും.തിരക്കഥാരചനയുടെ ആദ്യഘട്ടത്തിലാണ് 'ലൂസിഫർ' ഇപ്പോൾ. 'ടിയാനും' 'കമ്മാരസംഭവ'ത്തിനും ശേഷം ചെയ്യുന്ന സിനിമയാവും 'ലൂസിഫർ'.മലയാളത്തിന് മുൻപരിചയമില്ലാത്ത ശൈലിയിലുള്ള ത്രില്ലറായിരിക്കും ലൂസിഫർ എന്നാണ് സൂചനകൾ. ബോളിവുഡിലെയോ, തെന്നിന്ത്യയിലെയോ പ്രമുഖ സാങ്കേതിക പ്രവർത്തകരും സിനിമയുടെ പിന്നണിയിലുണ്ടാകുമെന്നറിയുന്നു.