തിരുവനന്തപുരം: ബോളിവുഡായാലും കോളിവുഡായാലും ടോളിവുഡ് ആയാലും താരയുദ്ധവും അവരുടെ ആരാധകർ തമ്മിലുള്ള യുദ്ധവും പതിവായി നടക്കുന്ന സംഭവമാണ്. കാലാകാലങ്ങളായി ഇത് പതിവാണ് താനും. മലയാളം സിനിമയിൽ ഇത്തരമൊരു താരയുദ്ധം മമ്മൂട്ടിയും മോഹൻലാലും തമ്മിലാണ്. രണ്ട് പേർക്കും താരസംഘടനകൾ തന്നെയുണ്ട്. ഇവർ ചാരിറ്റിയും മറ്റു പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. എന്നാൽ അന്യ സംസ്ഥാനങ്ങളിലേത് പോലെ പരസ്യമായ ആരാധക ഏറ്റുമുട്ടലിലേക്ക് കടക്കാറില്ലെന്ന് മാത്രം. എന്നാൽ, മലയാളി സോഷ്യൽ മീഡിയയിൽ ഇതല്ല കാര്യം. ഫേസ്‌ബുക്കിൽ രണ്ട് താരങ്ങളുടെയും പേരിൽ ആരാധകർ തമ്മിൽ യുദ്ധം മുറുകുകയാണ്. കുറേക്കാലങ്ങളായുള്ള ഈ യുദ്ധം ഇപ്പോൾ വീണ്ടും മുറുകാൻ കാരണം പ്രിയദർശൻ-മോഹൻലാൽ ചിത്രമായ ഒപ്പമാണ്. 

ദൃശ്യത്തിന് ശേഷം കാര്യമായ ഹിറ്റുകളില്ലാതെ ഉഴറിയ മോഹൻലാലിന് ബ്രേക്കായത് ഒപ്പമായിരുന്നു. അന്ധനായ ബലരാമനായി മോഹൻലാൽ അഭിനയിച്ച ചിത്രം ബോക്‌സോഫീസിൽ തരംഗം തീർത്ത് മുന്നേറുകയാണ്. ഇതിനോടകം തന്നെ 30 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം തകർത്തത് നിരവധി കലക്ഷൻ റിക്കോർഡുകളാണ്. ഏറ്റവും അധികം ദിവസം കൊണ്ട് പണം വാരിയ ചിത്രമെന്ന ബഹുമതി ഈ ലാൽ ചിത്രത്തിന് കിട്ടി. ഇതോട അമ്പത് കോടി ക്ലബ്ബിലേക്കാണ് ഒപ്പത്തിന്റെ പോക്ക്.

മോഹൻലാൽ ചിത്രം 30 കോടി ക്ലബ്ബിൽ ഇടംപിടിച്ച വാർത്ത ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മാദ്ധ്യമങ്ങളും പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ മോഹൻലാൽ ആരാധകർ ശരിക്കും ആഘോഷമാക്കി. ഇതിനിടെയാണ് സിനിമയിലെ ചെറിയ വേഷം ചെയ്ത അജു വർഗീസ് കലക്ഷൻ റെക്കോർഡിന്റെ വിവരം വച്ചത് സിനിമയെ പ്രമോട്ട് ചെയ്തത്. എന്നാൽ, ഇത് മമ്മൂട്ടി ആരാധകർക്ക് പിടിച്ചില്ല. മറുവശത്ത് മോഹൻലാൽ ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ഇതോടെ രണ്ട കൂട്ടരും തമ്മിൽ അജുവർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ തെറിവിളിയുമായി.

ഇത്രയും കാലമായിട്ടും മമ്മൂട്ടിക്ക് 30 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ സാധിച്ചില്ലെന്ന കാര്യം മോഹൻലാൽ ഫാൻസ് ചൂണ്ടിക്കാട്ടിയതോടെ മമ്മൂട്ടി ഫാൻസ് ഇതിനെ ട്രോളി പോസ്റ്ററുകളും ഇറക്കി. ഇതോടെ മമ്മൂട്ടിയെ കളിയാക്കിയും ട്രോളുകൾ ഇറക്കി. യുവതാരങ്ങളുടെ സിനിമ പോലും 30 കോടിയിൽ ഇടം പിടിച്ചപ്പോൾ മമ്മൂട്ടിക്ക് അതിന് സാധിക്കാതെ പോയതാണ് ക്ഷീണമായത്. ഇതിനിടെ അജു മോഹൻലാൽ ചിത്രത്തെ പ്രമോട്ട് ചെയ്തു എന്ന കാരണം പറഞ്ഞ് മമ്മൂട്ടി ആരാധകർ അദ്ദേഹത്തെ തെറവിളിച്ച് രംഗത്തെത്തിയിരുന്നു.

'മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊമോട്ടർ' എന്ന് ട്രോൾ പേജുകൾ അജുവിനെ കളിയാക്കി വിളിച്ചു. ഇതിനിടെയാണ് അജു പണം വാങ്ങിയാണ് ഇത്തരം പ്രൊമോഷനുകൾ നടത്തുന്നതെന്ന ഒരു ആരോപണം ഉയർന്നത്. ഇതോടെ ദയവ് ചെയ്ത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരുകൾ ഇത്തരം വിലകുറഞ്ഞ തർക്കങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുത്. എന്ന് അജു വ്യക്തമക്കി. ഇതിനിടെ അജു കൂടി കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ചിത്രം 'ഒപ്പ'ത്തിന്റെ കളക്ഷൻ പറഞ്ഞുള്ള പോസ്റ്റർ മറ്റ് സിനിമകളുടെ പോസ്റ്ററുകളോടൊപ്പം അജു സ്വന്തം വാളിൽ ഷെയർ ചെയ്തിരുന്നു. 'ഒപ്പ'ത്തിന്റെ പ്രൊമോഷൻ അജു പണം വാങ്ങി നടത്തുന്നതാണെന്നായിരുന്നു 'ഫേക് ഐഡിയാണെന്ന് തോന്നുന്നു'വെന്ന് അജു തന്നെ നിരീക്ഷിച്ച ഒരു അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കമന്റ്.

ഈ കമന്റിന്റെ സ്‌ക്രീൻഷോട്ട് 'പൊട്ടിച്ചിരി' സ്‌മൈലിയോടൊപ്പമാണ് അജു പോസ്റ്റ് ചെയ്തത്. തുടർന്ന് പോസ്റ്റിറ്റയാളെയും അജുവിനെയും ന്യായീകരിച്ച് താഴെ കമന്റുകൾ പ്രവഹിച്ചു. മമ്മൂട്ടി ആരാധകൻ എന്ന് തോന്നുന്ന തരത്തിലുള്ള അക്കൗണ്ട് വ്യാജമാകുമെന്നും ഇത്തരക്കാരെ യഥാർഥ ആരാധകർ നിയന്ത്രിക്കണമെന്നും അജു കമന്റുകൾക്ക് മറുപടി പറഞ്ഞു. ഇതോടെ കൂട്ടത്തോടെ അജുവിന്റെ ഫേസ്‌ബുക്കി പേജിൽ ആക്രമണമായിരുന്നു. മമ്മൂട്ടി ആരാധകർ ചമഞ്ഞെത്തിയവരാണ് തെറിവിളികളുമായി കൂടുതലും രംഗത്തെത്തിയത്.

എന്തായാലും ഫാൻസ് യുദ്ധം മറുകുമ്പോൾ മലയാള സിനിമയിൽ ഏറ്റവും അധികം പണംവാരിയി ചിത്രത്തിന്റെ പട്ടിയിൽ മുന്നിൽ മോഹന്‌ലാൽ തന്നെയാണ്. ദൃശ്യമാണ് പട്ടികയിൽ ഒന്നാമത്. കളക്ഷനിൽ മലയാള സിനിമയിൽ സർവ്വകാല റെക്കോർഡ് തീർത്ത മോഹൻലാൽ ചിത്രം തിയറ്ററുകളിൽ നിന്ന് മാത്രമായി 68 കോടിയും അന്യഭാഷാ വിതരണാവകാശവും സാറ്റലൈറ്റ് റൈറ്റ്‌സും വിവിധ അവകാശങ്ങളും ഉൾപ്പെടെ 77 കോടി 30 ലക്ഷവുമാണ് നേടിയത്.

അമ്പത് കോടി പിന്നിട്ട നാല് ചിത്രങ്ങളാണ് മലയാളത്തിൽ നിലവിൽ ഉള്ളത്. ദൃശ്യം (68.15 കോടി), എന്ന് നിന്റെ മൊയ്തീൻ (62 കോടി), ബാംഗ്ലൂർ ഡേയ്‌സ് (52കോടി), ടു കൺട്രീസ് (50.85 കോടി). മോഹൻലാലാലിനും പൃഥ്വിരാജിനും ദിലീപിനും ഓരോ ചിത്രങ്ങൾ. ബാംഗ്ലൂർ ഡേയ്‌സ് വിജയം അവകാശപ്പെട്ടത് നിവിൻ പോളി-ദുൽഖർ സൽമാൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിനായിരുന്നു. മുപ്പത് കോടി പിന്നിട്ട സിനിമകളിൽ ദൃശ്യത്തിനും എന്ന് നിന്റെ മൊയ്തീനും ബാംഗ്ലൂർ ഡേയ്‌സിനും ടു കൺട്രീസിനുമൊപ്പം പ്രേമം, അമർ അക്‌ബർ അന്തോണി, ആക്ഷൻ ഹീറോ ബിജു,ചാർലിയുമുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒപ്പവും എത്തിയത്. ഇതിന്റെ പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താര ആരാധകർ തമ്മിലുള്ള തർക്കം മുറുകിയത്.

അതേസമയം 30 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ ഏറ്റവും ഉയർന്ന ആദ്യദിനകളക്ഷൻ മമ്മൂട്ടി ചിത്രത്തിന്റേതാണ്. കസബയാണ്. 2 കോടി 48 ലക്ഷമാണ് കസബയുടെ ആദ്യദിന കലക്ഷൻ. ഇക്കാര്യം അടക്കം മമ്മൂട്ടി ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും മമ്മൂട്ടിയുടെ പുത്രൻ ദുൽഖർ സൽമാൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇനി പ്രണവ് മോഹൻലാൽ കൂടി നായകനായി രംഗത്തെത്തുന്നു എന്നാണ് അറിയുന്നത്. ഇതോടെ താരരാജക്കന്മാർ തുടങ്ങിയ യുദ്ധം മക്കളിലേക്കും നീങ്ങുമോ എന്നാണ് അറിയാനുള്ളത്.