കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിൽ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് സംഘടനയുടെ ട്രഷറർ കൂടിയായ നടൻ ദിലിപീനെ നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ആലുവയിലെ പൊലീസ് ക്ലബ്ബിൽ വെച്ചു നടന്ന ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടു. ഇതോടെ ദിലീപിനെ കൂടാതെ തന്നെ അമ്മയുടെ യോഗം ചേരുകയും ചെയ്തു.

എല്ലാകണ്ണുകളും ഇന്നലെ വൈകുന്നേരം ആലുവ പൊലീസ് ക്ലബ്ബിൽ ആയിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോൽ സോഷ്യൽ ഫേസ്‌ബുക്കിൽ ഒരു സെൽഫി ചിത്രം പ്രത്യക്ഷപ്പെട്ടു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്‌ബുക്ക് പേജിലാണ് സെൽഫിയെത്തിയത്. അത് വെറുമൊരു സെൽഫി ആയിരുന്നില്ല. സൂപ്പർ സെൽഫിയായിരുന്നു അത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള സെൽഫിയാണ് പരിമുറുക്കത്തിൽ ആശ്വാസമായി ആരാധകരെ തേടിയെത്തിയത്.

വിത്ത് മമ്മുക്ക എന്നു പറഞ്ഞുള്ള സെൽഫിയാണ് മോഹൻലാൽ പോസ്റ്റുചെയ്തത്. വിത്ത് ലാൽ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും ഫേസ്‌ബുക്കിൽ ചിത്രമിട്ടു. ദിലീപ് വരുമെന്ന പ്രതീക്ഷയിൽ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇരുവരും കാത്തിരുന്നിരുന്നു. ഇതിനിടെയാണ് രണ്ട് പേരും ചേർന്ന് സെൽഫിയെടുത്തതും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. എന്തായാലും രണ്ട് സെൽഫികളും സോഷ്യൽ മീഡിയിയൽ അതിവേഗം വൈറലായി.

മോഹൻലാൽ ഫാൻസുകാരും മമ്മൂട്ടി ഫാൻസുകാരും ഒരുപോലെ ചിത്രം ആഘോഷമാക്കി. വല്ല്യേട്ടനും ബാലേട്ടനും, പ്രജാപതിയും പ്രജയും നരസിംഹ മന്നാടിയാരും നരസിംഹവും.. എന്നൊക്കെ കമന്റ് ചെയ്ത് ആരാധകർ ആഘോഷമാക്കുകയായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഗെറ്റപ്പിലായിരുന്നു മോഹൻലാൽ. ലാലിന്റെ കൊമ്പൻ മീശയാണ് ശ്രദ്ധ നേടിയത്. എന്തായാലു മലയാള സിനിമ ആകാംക്ഷയുടെ പടിവാതിലിൽ നിൽക്കുന്ന വേളയിൽ പുറത്തുവന്ന സെൽഫി അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

അമ്മ എക്‌സിക്യൂട്ടീവിൽ ദിലീപ് എത്തുമെന്ന് പ്രതീക്ഷിച്ച് മണിക്കൂറുകൾ കാത്തുവെങ്കിലും ആ പ്രതീക്ഷ അസ്തമിച്ചതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന അമ്മയുടെ വാർഷിക യോഗത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്. എക്‌സിക്യൂട്ടീവിൽ അംഗമായ നടി രമ്യാ നമ്പീശനും യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു.