കൊച്ചി: പൃഥ്വീരാജ് നായകനാകുന്ന കംപ്ലീറ്റ് ഹൊറർ ചിത്രമായ എസ്രയിൽ ടൈറ്റിൽ വേഷത്തിലെത്തുന്നതാരായിരിക്കുമെന്നത് സംബന്ധിച്ച് ഒരു വിവരവും നിർമ്മാതാക്കൾ നല്കുന്നില്ല. ചിത്രത്തിലെ പ്രേതകഥാപാത്രമായ ഏബ്രഹാം എസ്രയായി എത്തുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ ആയിരിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറാണ് ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ ഉയരാൻ കാരണം.

ട്രെയ്‌ലറിന്റെ തുടക്കത്തിൽ തടിച്ച ശരീരപ്രകൃതിയുള്ള ഒരാൾ തോൾ ചരിച്ച് പുറം തിരിഞ്ഞു നിൽക്കുന്നതു കാണുന്നുണ്ട്. ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് എന്ന കുറിപ്പും ഇയാളുടെ കൈയിലുണ്ട്. ഇത് മോഹൻലാലാണെന്ന് പറയുന്നതിന് വേറെയും കാരണം സാമൂഹ്യമാദ്ധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജിൽ സ്റ്റാർകാസ്റ്റിൽ മോഹൻലാലിന്റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിന്നുവെന്നും ഇവർ പറയുന്നു.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്ന പേരിൽ പ്രചരിക്കുന്ന മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് മറ്റൊരു തെളിവ്. തിരക്കഥ പോലും പൂർത്തിയാക്കിയിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല ഇതെന്ന് നേരത്തേ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ഈ ചിത്രത്തിൽ മോഹൻലാലിന്റെ കഴുത്തിൽ ഒരു പ്രത്യേക മാലയുണ്ട്. എസ്ര ട്രെയ്‌ലറിൽ പ്രിഥ്വിരാജിന്റെ കൈയിൽ ഇരിക്കുന്ന ഭയപ്പെടുത്തുന്ന മാല ഇതിനു സമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവാഗതനായ ജെയ് കെ സംവിധാനം ചെയ്യുന്ന എസ്രയിൽ ടൊവിനോ തോമസും സുദേവ് നായരും പ്രിയ ആനന്ദും പ്രധാന വേഷങ്ങളിലെത്തുന്നു.