തിരുവനന്തപുരം: ആയിരം കോടി രൂപയുടെ ബജറ്റിൽ മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേഷകർ. ബജറ്റ്‌കൊണ്ട് ഇന്ത്യൻ സിനിമാലോകത്തെ മുഴുവനായി ഞെട്ടിച്ചിരിക്കുന്ന ചിത്രം പൂർത്തിയാകാൻ ഒന്നര വർഷമെങ്കിലും എടുക്കും. ഇതിനിടെ, രണ്ടാമൂഴത്തിലെ മുഖ്യ കഥാപാത്രമായ ഭീമനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മോഹൽലാൽ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചു.

 

ഭീമൻ കുട്ടിക്കാലം മുതൽ തന്റെ കഥകളിൽ നിറഞ്ഞുനിന്നിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഭീമനെന്നാൽ വലിയ ശരീരമായിരുന്നു. എന്നാൽ എംടിയുടെ രണ്ടാമൂഴം വായിച്ചതിനു ശേഷമാണ് പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസുണ്ടെന്ന് ലോകത്തിനു മനസിലായതെന്നും മോഹൻലാൽ പറയുന്നു.

എംടിയുടെ ഭീമൻ ഒരേസമയം മനസും ശരീരവുമാണ്. പല യുദ്ധമുറകളും അഭ്യസിക്കേണ്ടതായുണ്ട്. അതാത് ആയോധനകലകളിലെ ഗുരുക്കന്മാരുടെ കീഴിൽ ഇവയെല്ലാം അഭ്യസിക്കേണ്ടിവരും. അതിനാൽ അടുത്ത ഒന്നോ ഒന്നരയോ വർഷം ഇതിനായി മാറിനില്‌ക്കേണ്ടിവരും. ഇതെല്ലാം മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന ത്യാഗങ്ങളാണെന്നും മോഹൻലാൽ പറയുന്നു.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകൾ പങ്കുവയ്ക്കുന്ന ഒരുപാട് പേരുണ്ട്. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതുതന്നെ ആനന്ദകരമാണെന്നും ആ യാത്രയിൽ തന്നോടൊപ്പം എപ്പോഴും ഭീമനുമുണ്ടെന്നും മോഹൻലാൽ പറയുന്നു.