തിരുവനന്തപുരം: തന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണു മഹേഷിന്റെ പ്രതികാരമെന്നു സൂപ്പർ താരം മോഹൻലാൽ. നല്ല ചിത്രങ്ങളെടുക്കാൻ കൂടുതൽ പേർക്കു പ്രചോദനമാകട്ടെ ഈ സിനിമയെന്നും മോഹൻലാൽ പറഞ്ഞു.

വീഡിയോ സന്ദേശത്തിലായിരുന്നു ലാലിന്റെ പ്രതികരണം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ 125ാം ദിനാഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ക്ഷമാപണം അറിയിച്ചാണു മോഹൻലാൽ വീഡിയോ സന്ദേശം അയച്ചത്.

ഹൈദരാബാദിൽ ഷൂട്ടിങ് തിരക്കുകളിലായതിനാലാണു തനിക്ക് എത്താൻ കഴിയാതിരുന്നതെന്നു മോഹൻലാൽ പറഞ്ഞു. 'എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികൾ കൊണ്ടും അതിൽ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപർണയും ഉൾപ്പെടെ എല്ലാവരും അവരുടെ റോളുകൾ നന്നായി കൈകാര്യം ചെയ്തു. വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകൾ, മികച്ച ലൊക്കേഷൻ. അതിലുപരി പ്രതികാരം മനസ്സിൽ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്സാണ് സിനിമയുടേത്. മനോഹരമായ സറ്റയറാണ് ക്ലൈമാക്സ്. ഈ സിനിമ ഒരു പാട് നല്ല സിനിമകൾക്ക് വഴികാട്ടിയാകട്ടെ'- മോഹൻലാൽ പറഞ്ഞു.

ശനിയാഴ്ച കൊച്ചിയിലാണു മഹേഷിന്റെ പ്രതികാരം 125ാം ദിനാഘോഷം നടന്നത്. ഫഹദ് ഫാസിലിന്റെ ബോക്സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം നിർമ്മിച്ചത് ആഷിക് അബുവാണ്.