പ്രേക്ഷകർക്കിടയിൽ അതിഗംഭീര അഭിപ്രായം നേടി മുന്നേറുന്ന യുവതാരനിര അണിനിരന്ന ചിത്രം അങ്കമാലി ഡയറീസിന് ആശംസകളുമായി മോഹൻലാൽ. സിനിമ കണ്ട ശേഷം അതിഗംഭീരമെന്ന അഭിപ്രായമാണ് ലാൽ രേഖപ്പെടുത്തിയത്.

'അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.'മോഹൻലാൽ പറഞ്ഞു.

ഫേസ്‌ബുക്കിലൂടെയുയുള്ള ലാലിന്റെ അഭിനന്ദനത്തിന് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി കമന്റ് ബോക്‌സിൽ നന്ദി രേഖപ്പെടുത്തി. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രം അതിഗംഭീരമെന്നാണ് പൊതുവിൽ അഭിപ്രായം.

'കട്ട ലോക്കൽ' എന്ന് ടാഗ്ലൈൻ നൽകിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാൻ. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് താരങ്ങൾ.

11 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്മാർ ഈ രംഗത്തിൽ എത്തുന്നുണ്ട്.