തിരുവനന്തപുരം: യുവനടി കാറിൽ ആക്രമണത്തിന് ഇരയായ സംഭവത്തെ രൂക്ഷമായി അപലപിച്ചു സൂപ്പർ താരം മോഹൻലാൽ. കത്തുന്ന മെഴുകുതിരികൾ കൊണ്ടുള്ള അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ക്രിമിനലുകൾക്കുള്ള കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമവ്യവസ്ഥ ശക്തമാക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ്. മൃഗങ്ങളേക്കാൾ മോശമായ, ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ക്രിമിനലുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അത്തരം മനസ്സുള്ളവർക്ക് അതൊരു പാഠമായിരിക്കണം. ഇത്തരക്കാരെ മനുഷ്യൻ എന്നു പോലും വിളിക്കാൻ കഴിയില്ല.

ഇനി ഇത്തരം ക്രൂരതകൾ ചെയ്യുന്നതിനെപ്പറ്റി ഒരാളും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്തവിധം നിയമവ്യവസ്ഥ ശക്തമാണെന്ന് ഉറപ്പാക്കണം. കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഈ വിഷമഘട്ടത്തിൽ എന്റെ ഹൃദയം അവൾക്കൊപ്പമാണ്. നീതി ഒട്ടും വൈകാതിരിക്കട്ടെയെന്നും മോഹൻലാൽ പ്രത്യാശിക്കുന്നു.