തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പത്തനാപുരത്ത് ഗണേശ്‌കുമാറിനുവേണ്ടി നടൻ മോഹൻലാൽ പ്രചരണത്തിനെത്തിയത് ചർച്ചയായിരുന്നു. മോഹൻലാലിന്റെ ഈ തീരുമാനത്തിനെതിരെ അമ്മയ്ക്ക് പരാതി നൽകുമെന്ന് അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജഗദീഷ് ആരോപിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആരോപണങ്ങളിൽ നിന്നും അദ്ദേഹം പിൻവാങ്ങുകയും ചെയ്തു. എന്തായാലും ഏറെ വൈകി ജഗദീഷിന് മറുപടിയുമായി മോഹൻലാൽ രംഗത്തെത്തി.

ഗണേശിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് പോയത് വേദനിപ്പിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നടൻ ജഗദീഷ് പറഞ്ഞിരുന്നു. മോഹൻലാൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് നടൻ സലിം കുമാർ അമ്മ സംഘടനയിൽ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ വിവാദങ്ങൾക്ക് ഒടുവിലിതാ മോഹൻലാലിന്റെ മറുപടി.

രാഷ്ട്രീയമല്ല, സ്വന്തം ഇഷ്ടമാണ് ഗണേശിന്റെ പ്രചാരണത്തിനെത്തിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്. തന്നെ ക്ഷണിച്ചതുകൊണ്ടാണ് പോയത്, ജഗദീഷ് പ്രചരണത്തിനായി ക്ഷണിച്ചിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മോഹൻലാൽ.

ഗണേശ് കുമാർ എന്നെ വിളിച്ചു വിളച്ചതുകൊണ്ടാണ് ഞാൻ പോയത്. ജഗദീഷ് എന്നെ വിളിച്ചിട്ടില്ല. അല്ലെങ്കിലും ഒരു സ്ഥലത്ത് പോയാൽ മറ്റേ സ്ഥലത്ത് പോകണമെന്നൊക്കെ നിയമമൊന്നുമില്ല. ഇത് എന്റെ ഇഷ്ടമാണ്. ഞാനൊരു കക്ഷി രാഷ്ട്രീയത്തിലും ഉള്ള ആളല്ല. എന്റെ ഒരു അനിയൻ എന്നുള്ള നിലയിലാണ് പോയത്. ജഗദീഷെന്റെ അനിയനല്ല, എന്റെ ചേട്ടന്റെ കൂടെ പഠിച്ചയാളാണ്.-മോഹൻലാൽ വ്യക്തമാക്കി.