ആരാധകർക്ക് ആഘോഷിക്കാൻ വക നൽകി പ്രണവ് മോഹൻലാൽ നായകനാകുന്ന അരുൺ ഗോപി ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലാണ് മകൻ പ്രണവിന്റെ രണ്ടാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.പങ്കു വച്ച് നിമിഷങ്ങൾക്കകം പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി.

ടോമിച്ചൻ മുളകുപാടം തന്നെയാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെയും നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്ൻ തന്നെയാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെയും ആക്ഷൻ ഡയറക്ടർ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും. പുതുമുഖമായ റേച്ചൽ ആണ് ചിത്രത്തിൽ പ്രണവിന്റെ നായിക. കലാഭവൻ ഷാജോൺ, മനോജ് കെ. ജയൻ, സുരേഷ് കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാകും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് സൂചന.

മോഹൻലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ൽ പുറത്തിറങ്ങിയ 'ഇരുപതാം നൂറ്റാണ്ട്'. 'സാഗർ ഏലിയാസ് ജാക്കി' എന്ന മോഹൻലാലിന്റെ കഥാപാത്രം അദ്ദേഹത്തെ താര സിംഹാസനത്തിലിരുത്തി. 31 വർഷങ്ങൾക്കുശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ് എത്തുമ്പോൾ അത് ഒരു ഡോണിന്റെ കഥയല്ലെന്ന് എടുത്തു പറയേണ്ടതാണ്. പേരിൽ മാത്രമേ സിനിമയ്ക്ക് മോഹൻലാലിന്റെ സിനിമയുമായി സാമ്യമുള്ളൂ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. പ്രണവിന്റെ രണ്ടാമത്തെ ചിത്രം എന്നതു പോലെ അരുൺ ഗോപിയുടേയും രണ്ടാമത്തെ ചിത്രമാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്'. 'രാമലീല'യായിരുന്നു അരുൺ ഗോപിയുടെ ആദ്യ ചിത്രം.