മെഗാതാരം മമ്മൂട്ടിക്കു സ്‌നേഹാദരവുമായി സൂപ്പർ താരം മോഹൻലാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. 36 കൊല്ലത്തെ തന്റെ സിനിമാ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞാണു മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പ് എഴുതിയത്.

'മോഹനം 2016' എന്ന പേരിൽ ഇന്നലെ കോഴിക്കോട് നടന്ന പരിപാടിയിൽ മോഹൻലാലിന് ഉപഹാരം നൽകിയത് മമ്മൂട്ടിയിരുന്നു. മോഹൻലാലിനുള്ള ആദരം എന്ന പേരിലായിരുന്നു മോഹനം 2016 സംഘടിപ്പിച്ചത്.

മനോഹരമായ ഒരു സായാഹ്നം തനിക്ക് സമ്മാനിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മോഹനം 2016 എന്ന മനോഹരമായ സാഹായ്ഹനം സമ്മാനമായി തന്നതിന് പകരമായി 'പ്രണാമം' എന്ന ഒറ്റവാക്ക് മാത്രമേ എന്റെ ഹൃദയത്തിൽ നിന്ന് വരുന്നുള്ളൂ. കഴിഞ്ഞ 36 വർഷക്കാലത്തേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോൾ ഈ യാത്രയിൽ എന്നെ സഹായിച്ച ഒരുപാട് പേരുണ്ടായിരുന്നു. അവർ ഓരോരുത്തരോടും നന്ദി പറയാതെ ആ യാത്ര പൂർണമാവില്ല.

ഈ യാത്രയിൽ എപ്പോഴും എന്റെയൊപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്. ഇന്നലത്തെ പരിപാടിയിൽ എനിക്ക് മൊമന്റോ തന്നതും അദ്ദേഹം തന്നെ, എന്റെ പ്രിയസഹോദരൻ മമ്മൂക്ക'- എന്നാണു മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇന്നലെ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ.റസാഖ് ഉൾപ്പെടെയുള്ളവർക്കുള്ള സാമ്പത്തിക സഹായം ലക്ഷ്യമാക്കിയായിരുന്നു ചലച്ചിത്രപ്രവർത്തകർ കോഴിക്കോട്ട് 'മോഹനം 2016' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. മമ്മൂട്ടി, ജയറാം, മഞ്ജു വാര്യർ, വിനീത്, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മനോജ്.കെ.ജയൻ, സമുദ്രക്കനി, മണിക്കുട്ടൻ, കൈലാഷ്, ആശ ശരത്ത്, പാർവതി, രമ്യ നമ്പീശൻ, ഇഷാ തൽവാർ, പി.ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങി താരസമ്പന്നമായിരുന്നു 'മോഹനം' വേദി. കൂടാതെ മോഹൻലാലിനെ മോഹൻലാൽ എന്ന താരമാക്കിയ ജോഷി, ഭദ്രൻ, സിബി മലയിൽ, കമൽ, പ്രിയദർശൻ, ഹരിഹരൻ തുടങ്ങിയ സംവിധായകരും മോഹനത്തിൽ പങ്കെടുത്തു.